malappuram local

കലാശം കൊട്ടിത്തീര്‍ന്നു; ഇനി കാതോടു കാതോരം

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് വലിയ സംഘര്‍ഷങ്ങളില്ലാതെ സമാപനം. ഇപ്രാവശ്യം കൊട്ടിക്കലാശങ്ങള്‍ക്ക് പൊലിമ കുറഞ്ഞു. പല നഗരസഭാ ആസ്ഥാനങ്ങളിലും പോലിസ് മുന്‍കൈ എടുത്ത് രാഷ്ട്രീയ കക്ഷി നേതാക്കളുമായി ധാരണയുണ്ടാക്കിയതിനാല്‍ കൊട്ടിക്കലാശം നടന്നില്ല. തിരൂര്‍, കോട്ടക്കല്‍, പൊന്നാനി, നിലമ്പൂര്‍, വളാഞ്ചേരി, കൊണ്ടോട്ടി, പരപ്പനങ്ങാടി എന്നീ നഗരസഭകളിലെ ആസ്ഥാന കേന്ദ്രങ്ങളില്‍ കൊട്ടിക്കലാശം ഒഴിവാക്കിയിരുന്നു.പെരിന്തല്‍മണ്ണയില്‍ കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ നടന്ന വന്‍ സംഘര്‍ഷത്തിന്റെ ഓര്‍മകളുള്ളതുകൊണ്ട് ഇവിടെ എല്ലാ പാര്‍ട്ടികളും കൊട്ടിക്കലാശം വേണ്ടെന്നുവയ്ക്കുകയായിരുന്നു. താനൂര്‍ ജങ്ഷനില്‍ കൊട്ടിക്കലാശം ഒഴിവാക്കാമെന്ന് രാഷ്ട്രീയ കക്ഷികള്‍ ഒന്നിച്ചു തീരുമാനമെടുത്തിരുന്നെങ്കിലും അതു പാലിക്കപ്പെട്ടില്ല. ഇവിടെ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചതായി ആരോപണമുണ്ട്. അതേസമയം, ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് കൊട്ടിക്കലാശം നടന്നു. പരപ്പനങ്ങാടിയിലെ കരിങ്കല്ലത്താണിയില്‍ പ്രചാരണം സംഘര്‍ഷത്തിന്റെ വക്കോളമെത്തിയിരുന്നു. ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണത്തിലൂടെ സ്ഥാനാര്‍ഥികള്‍ വോട്ടര്‍മാരെ തേടിയെത്തും.ഇന്നത്തെ പകലില്‍ വാര്‍ഡുകളിലൂടെ അവസാനഘട്ട സന്ദര്‍ശനത്തിനായി സ്ഥാനാര്‍ഥികള്‍ സമയം കണ്ടെത്തും. ആടി നില്‍ക്കുന്ന വോട്ടുകള്‍ ഉറപ്പിക്കലാണ് പ്രധാന ജോലി. നേരത്തെ വാര്‍ഡിലൂടെയുള്ള സന്ദര്‍ശന സമയത്ത് നേരിട്ടു കാണാന്‍കഴിയാത്ത വോട്ടര്‍മാരെ നേരില്‍ കാണാനും ഇന്ന് സമയം കണ്ടെത്തും. പോലിസിന്റെ ശക്തമായ ജാഗ്രത തന്നെയാണു പരസ്യപ്രചരത്തിന്റെ അവസാനം ശാന്തമാക്കിയത്. നാളെ രാവിലെ ഏഴു മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് തിരഞ്ഞെടുപ്പ്. 94 ഗ്രാമപ്പഞ്ചായത്തുകളിലെ 1778 വാര്‍ഡുകള്‍, 15 ബ്ലോക്ക് പഞ്ചായത്തുകളിലെ 223 ഡിവിഷനുകള്‍, 12 നഗരസഭകളിലെ 479 വാര്‍ഡുകള്‍, ജില്ലാ പഞ്ചായത്തിലെ 32 ഡിവിഷനുകള്‍ എന്നിവിടങ്ങളിലേയ്ക്കാണ് നാളെ ജനവിധി തേടുന്നത്.
Next Story

RELATED STORIES

Share it