കലാവസ്തുക്കള്‍ പ്രളയം കവര്‍ന്നെടുത്തു; ചവിട്ടുനാടക കലാകാരന്‍മാര്‍ പ്രതിസന്ധിയില്‍

കൊച്ചി: കേരളത്തെ കവര്‍ന്നെടുത്ത മഹാപ്രളയത്തില്‍ ചവിട്ടുനാടകത്തിന്റെ ഈറ്റില്ലമായ എറണാകുളം ചേന്ദമംഗലം പഞ്ചായത്തിലെ ഗോതുരുത്തിനും സമീപപ്രദേശങ്ങള്‍ക്കും നഷ്ടമായത് അവര്‍ ജീവന് തുല്യം സ്‌നേഹിച്ച കലാവസ്തുക്കള്‍. കൈകൊണ്ട് എഴുതി സൂക്ഷിച്ച ചുവടി (സ്‌ക്രിപ്റ്റ്) അടക്കം നിനച്ചിരിക്കാതെ വന്ന വെള്ളത്തില്‍ ഒലിച്ചുപോയി. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഉടയാടകളും ആഭരണങ്ങളും ഉപയോഗശൂന്യമായി. പതിനാറാം നൂറ്റാണ്ടു മുതല്‍ കേരളത്തിന്റെ കലാഭൂപടത്തില്‍ സമൃദ്ധിയുടെയും കുതിപ്പിന്റെയും ചുവടുകള്‍ വച്ച ചവിട്ടുനാടക രംഗം ഇന്ന് കിതപ്പിന്റെ വഴിയിലാണ്.
പോര്‍ച്ചുഗീസുകാരുടെ വരവോടെ മലയാളത്തിന് പകര്‍ന്നുകിട്ടിയ കലയാണ് ചവിട്ടുനാടകം. ചെന്തമിഴ് ഭാഷയുടെ സൗകുമാര്യതയില്‍ ചടുല താളങ്ങളുടെ കൊഴുപ്പില്‍ അരങ്ങിലെത്തിയിരുന്ന ഈ കലാരൂപം കഴിഞ്ഞ കുറേ നാളുകളായി അന്യംനിന്നുപോവുന്ന സാഹചര്യത്തിലായിരുന്നു. അതിനൊപ്പം പ്രളയംകൂടി വന്നതോടെ ചവിട്ടുനാടകം എന്നത് ഒരു വെറും സ്വപ്‌നം മാത്രമാവുമോ എന്ന ആശങ്കയിലാണ് ചവിട്ടുനാടക കലാകാരന്‍മാര്‍. കേരളത്തില്‍ ഇപ്പോള്‍ ഈ കലാകാരന്‍മാര്‍ അവശേഷിക്കുന്നത് എറണാകുളം ജില്ലയിലെ ഗോതുരുത്ത്, കുറുമ്പത്തുരുത്ത്, തുരുത്തിപ്പുറം എന്നിവിടങ്ങളില്‍ മാത്രമാണ്. സജീവ വേദികളുടെ ഭൂതകാലമാണ് ഇവിടുത്തെ കലാകാരന്‍മാര്‍ക്ക് പറയാനുള്ളത്. എന്നാല്‍ കഴിഞ്ഞ കുറേക്കാലമായി രംഗം ശോകമാണ്. മാറുന്ന കാലത്തിനൊപ്പം ചുവടുറപ്പിക്കാന്‍ പറ്റാതായതോടെ ചവിട്ടുനാടകമെന്ന കല പതിയെ അരങ്ങൊഴിയാന്‍ തുടങ്ങി. ഒരു കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. 500ലധികം കലാകാരന്‍മാരാണ് ഈ സമിതികളെ ആശ്രയിച്ചു കഴിയുന്നത്. ആഭരണങ്ങളും ഉടയാടകളും വീണ്ടും നിര്‍മിക്കാമെന്ന് തീരുമാനിച്ചാലും ഈ പ്രവൃത്തിയില്‍ വിദഗ്ധരായവരുടെ അഭാവം ആശങ്കയുണര്‍ത്തുന്നുണ്ട്. പുതിയ സ്‌ക്രിപ്റ്റ് നിര്‍മാണവും എളുപ്പമാവില്ല. ദിവസക്കൂലി അടിസ്ഥാനത്തില്‍ കെട്ടിടനിര്‍മാണ, മല്‍സ്യബന്ധന ജോലികളില്‍ ഏര്‍പ്പെടുന്നവരാണ് ചവിട്ടുനാടക കലാകാരന്‍മാരില്‍ ഏറെയുമെന്നതിനാല്‍ വലിയ സാമ്പത്തിക പ്രയാസവും ഇവര്‍ നേരിടുന്നുണ്ട്.
ലോകത്ത് നിലനില്‍ക്കുന്ന ഏക കപ്പലോട്ട കലയാണ് ചവിട്ടുനാടകം. 2012 മുതല്‍ സ്‌കൂള്‍ കലോല്‍സവ ഇനമായ ചവിട്ടുനാടകത്തില്‍ ഭൂരിഭാഗം ജില്ലകളിലെയും ടീമുകള്‍ക്ക് ഇവിടെനിന്നുള്ളവരാണ് പരിശീലനം നല്‍കുന്നത്. 1341ലെ വലിയ പേമാരിക്കും വെള്ളപ്പൊക്കത്തിനും ശേഷമാണ് ഗോതുരുത്ത് എന്ന പ്രദേശം രൂപപ്പെട്ടതെന്നാണ് ചരിത്രം. ഈ ഗ്രാമത്തിനാണ് മറ്റൊരു വെള്ളപ്പൊക്കത്തില്‍ കനത്ത നഷ്ടമുണ്ടായിരിക്കുന്നത്. പഴമക്കാര്‍ ഉപയോഗിച്ച ആഭരണങ്ങളും ഉടയാടകളുമാണ് ചവിട്ടുനാടകത്തിന് ഇപ്പോഴും ഉപയോഗിക്കുന്നത്. വലിയ ജാഗ്രതയോടെയായിരുന്നു ഗോതുരുത്തുകാര്‍ ഈ അമൂല്യ വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. പക്ഷേ, ശക്തമായ പ്രളയത്തെ പ്രതിരോധിക്കാന്‍ അവര്‍ക്കായില്ല. നഷ്ടപ്പെട്ട ചുവടികളും ആഭരണങ്ങളും വീണ്ടെടുക്കാന്‍ കേന്ദ്രസംസ്ഥാന സാഹിത്യ അക്കാദമികളും ഫോക്‌ലോര്‍, സംഗീതനാടക അക്കാദമിയും അടക്കമുള്ള സര്‍ക്കാര്‍ സാംസ്‌കാരിക സ്ഥാപനങ്ങള്‍ അടിയന്തരമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.
സാംസ്‌കാരികവകുപ്പ് ഉടനടി യോഗം വിളിച്ചുചേര്‍ക്കണം. വീണ്ടെടുപ്പിനുള്ള തങ്ങളുടെ നിര്‍ദേശങ്ങള്‍ യോഗത്തില്‍ പങ്കുവയ്ക്കാനാവും. പൈതൃക കലയുടെ നിലനില്‍പ്പിനും കൂടുതല്‍ പേരിലേക്ക് കലയെ എത്തിക്കുന്നതിനും വീണ്ടെടുപ്പ് അത്യാവശ്യമാണ്.

Next Story

RELATED STORIES

Share it