കലാലയ രാഷ്ട്രീയത്തോടു വ്യക്തിപരമായി യോജിപ്പില്ലെന്നു ഗവര്‍ണര്‍

കളമശ്ശേരി/തിരുവനന്തപുരം: കലാലയ രാഷ്ട്രീയത്തോട് വ്യക്തിപരമായി യോജിപ്പില്ലെന്നു ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി സദാശിവം. കളമശ്ശേരി കുസാറ്റില്‍ നടന്ന കേരളത്തിലെ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ കാലഘട്ടത്തില്‍ വിദ്യാര്‍ഥികള്‍ പഠനത്തിലാണു കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടത്. പഠന ശേഷം വിദ്യാര്‍ഥികള്‍ക്ക് ഏതു രാഷ്ട്രീയവും തിരഞ്ഞെടുക്കാം. കലാലയ രാഷ്ട്രീയ നിരോധനം സംബന്ധിച്ച് കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ വിഷയത്തില്‍ കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. കലാലയങ്ങളില്‍ ലൈംഗിക പീഡനങ്ങള്‍ ഏറുന്നതായി വനിതാ കമ്മീഷന്‍ റിപോര്‍ട്ട് ചെയ്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതു തടയുന്നതിനു സുപ്രിംകോടതി മാര്‍ഗനിര്‍ദേശം അനുസരിച്ച് ഇന്റേണല്‍ കംപ്ലെയിന്റ്‌സ് കമ്മിറ്റിയുടെ പ്രവര്‍ത്തനം കൃത്യമായി നടപ്പാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം, കലാലയ രാഷ്ട്രീയത്തെ പാടെ തള്ളിപ്പറയുന്നതു വിദ്യാര്‍ഥി സംഘടനകളെ പറ്റിയുള്ള ഗവര്‍ണറുടെ അജ്ഞത കൊണ്ടാകാമെന്നു കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്ത്. കേരളത്തിലെ കലാലയങ്ങളില്‍ നിന്ന് വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിക്കുക എന്നുള്ളത് കാലങ്ങളായുള്ള  ചില സങ്കുചിത താല്‍പര്യകാരുടെ പ്രത്യേകിച്ച്  മാനേജ്‌മെന്റ്കളുടെ, മതസാമുദായിക സംഘടനകളുടെ താല്‍പര്യമാണ്.
കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ വിശിഷ്യാ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന അവകാശങ്ങളില്‍ ബഹുഭൂരിപക്ഷവും നേടിയെടുക്കപ്പെട്ടിട്ടുള്ളതു വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം കൊണ്ടാണെന്നതു യാഥാര്‍ഥ്യമാണ്. കലാലയങ്ങളിലെ അക്രമ രാഷ്ട്രീയവും വര്‍ഗീയ സംഘടനകളുടെ പ്രവര്‍ത്തനങ്ങളും നിരോധിക്കേണ്ടതിനും നിയന്ത്രിക്കേണ്ടതിനും പകരമാണ് ഗവര്‍ണര്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തെ പാടെ തള്ളിപ്പറയുന്നത്. അക്രമരാഷ്ട്രീയം ഇല്ലാതാക്കിയും വര്‍ഗീയ സംഘടനകളെ നിരോധിച്ചും കലാലയങ്ങളിലെ സംഘടനാ പ്രവര്‍ത്തന സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം.
Next Story

RELATED STORIES

Share it