Flash News

കലാലയങ്ങള്‍ ഇന്നു തുറക്കും; 34 ലക്ഷത്തോളം കുട്ടികള്‍ സ്‌കൂളിലേക്ക്



തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ പ്രവേശനോല്‍സവത്തിനൊരുങ്ങി. സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലെ പ്രീപ്രൈമറി ക്ലാസുകള്‍ മുതല്‍ പത്താം ക്ലാസ് വരെ 34 ലക്ഷത്തോളം കുട്ടികളാണ് അക്ഷരമുറ്റത്തേക്ക് അറിവു തേടി സ്‌കൂളിലെത്തുക. ഹയര്‍സെക്കന്‍ഡറി തലത്തില്‍ ഒമ്പതു ലക്ഷം വിദ്യാര്‍ഥികളും ഈ അധ്യയന വര്‍ഷം സ്‌കൂളിലെത്തും. കഴിഞ്ഞ അധ്യയന വര്‍ഷത്തേക്കാള്‍ ഒരു ശതമാനം കൂടുതല്‍ വിദ്യാര്‍ഥികള്‍ ഇക്കുറി ഒന്നാം ക്ലാസില്‍ പ്രവേശനത്തിനായി എത്തിച്ചേരുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകളിലായി 3,04,000 കുട്ടികളാണ് കഴിഞ്ഞ വര്‍ഷം ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത്. ഇതില്‍ 2.44 ലക്ഷം വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലാണ് എത്തിയത്. കൊച്ചു കൂട്ടുകാരെ വരവേ ല്‍ക്കാന്‍ ചുവരുകളില്‍ വര്‍ണച്ചിത്രങ്ങളൊരുക്കിയും ക്ലാസ്മുറികളും പ്രവേശന കവാടവുമെല്ലാം അലങ്കരിച്ചും വര്‍ണാഭമായ ചടങ്ങുകളാണ് സ്‌കൂള്‍ അധികൃതര്‍ സംഘടിപ്പിക്കുന്നത്. പിടിഎയുടെയും പൂര്‍വവിദ്യാര്‍ഥികളുടെയും സഹകരണത്തോടെയാണ് പ്രവേശനോല്‍സവം. ഇതിനായി പ്രൊജക്ടറുകളും കംപ്യൂട്ടറുകളും കളിക്കോപ്പുകളുമെല്ലാം തയ്യാറാക്കിയിട്ടുണ്ട്. അതേസമയം, സ്‌കൂളുകളില്‍ പ്ലാസ്റ്റിക് ഒഴിവാക്കി ഹരിതനയം കര്‍ശനമായി പാലിക്കണമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചു. പ്രകൃതിസൗഹൃദ വിദ്യാലയ പരിസരം സൃഷ്ടിക്കുക, ജൈവവൈവിധ്യ ഉദ്യാനം നിര്‍മിക്കുക, മഴക്കുഴി നിര്‍മാണം, വൃക്ഷത്തൈ നടല്‍, കമ്പോസ്റ്റ് യൂനിറ്റ് സ്ഥാപിക്കല്‍, പ്ലാസ്റ്റിക് പേനകളുടെ ഉപയോഗം നിരുല്‍സാഹപ്പെടുത്തുക, ഫഌക്‌സ് ബോര്‍ഡുകള്‍, പ്ലാസ്റ്റിക് തോരണങ്ങ ള്‍ എന്നിവ പൂര്‍ണമായി ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ എല്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കും ഹെഡ്മാസ്റ്റര്‍മാര്‍ക്കും നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം ഉരൂട്ടമ്പലം ഗവ. യുപി സ്‌കൂളില്‍ പ്രവേശനോല്‍സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും.
Next Story

RELATED STORIES

Share it