കലാമിന്റെ പേര് ഉപയോഗിക്കരുത്: 'കലാം പാര്‍ട്ടി'യോട് കോടതി

ചെന്നൈ: മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിന്റെ പേരോ ചിത്രങ്ങളോ ഉപയോഗിക്കുന്നതില്‍ നിന്ന് 'അബ്ദുല്‍ കലാം വിഷന്‍ ഇന്ത്യാ പാര്‍ട്ടി' ഭാരവാഹികളെ മദ്രാസ് ഹൈക്കോടതി വിലക്കി. കലാമിന്റെ സഹോദരന്‍ എ പി ജെ മുഹമ്മദ് മുത്തുമീര മരയ്ക്കാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്.
രാജ്യത്തെ ഒരു രാഷ്ട്രപതിയുടെ പേരും ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇതേവരെ ഉപയോഗിച്ചിട്ടില്ലെന്ന് ജസ്റ്റിസ് എസ് വിമല ചൂണ്ടിക്കാട്ടി. ഡോ. രാജേന്ദ്രപ്രസാദ് മുതല്‍ ഡോ. പ്രതിഭാ പാട്ടീല്‍ വരെയുള്ള രാഷ്ട്രപതിമാര്‍ അവരുടെ പേരുകള്‍ ഉപയോഗിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും അനുവദിച്ചിട്ടില്ല. മുന്‍ രാഷ്ട്രപതിമാര്‍ സൃഷ്ടിച്ച ഈ മഹത്തായ പൈതൃകത്തിന്റെ ലംഘനമാണ് കലാമിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച നടപടി.
രാഷ്ട്രീയ പരിഗണന മൂലമല്ല, മറിച്ച് പ്രതിരോധ ഗവേഷണ വികസന മേഖലയിലെ സംഭാവന കണക്കിലെടുത്താണ് കലാമിനെ സര്‍ക്കാര്‍ രാഷ്ട്രപതി സ്ഥാനത്തേക്കു നിര്‍ദേശിച്ചതെന്ന് കോടതി പറഞ്ഞു. കലാമിന്റെ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ എതിര്‍ കക്ഷികള്‍ ആത്മാര്‍ഥമായി ആഹ്രഹിക്കുന്നുവെങ്കില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയമൊഴിച്ചുള്ള മാര്‍ഗങ്ങളുണ്ടെന്നും കോടതി വ്യക്തമാക്കി. കലാമിന്റെ സെക്രട്ടറി പൊന്‍രാജ്, എസ് കുമാര്‍, ആര്‍ തിരുസുന്ദരന്‍ എന്നിവര്‍ ചേര്‍ന്ന് ഫെബ്രുവരി 28നാണ് അബ്ദുല്‍ കലാം വിഷന്‍ ഇന്ത്യ പാര്‍ട്ടി രൂപീകരിച്ചത്. ഇവര്‍ പാര്‍ട്ടി രൂപീകരിച്ചത് ജനങ്ങള്‍ക്ക് കലാമിനോടുള്ള സ്‌നേഹവും വിശ്വാസവും മുതലെടുക്കാനാണെന്നായിരുന്നു ഹരജിക്കാരന്റെ വാദം.
Next Story

RELATED STORIES

Share it