thrissur local

കലാമണ്ഡലത്തിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സ്റ്റൈപ്പന്റ്: മന്ത്രി കെ സി ജോസഫ്

ചെറുതുരുത്തി: ചെറുതുരുത്തി കേരള കലാമണ്ഡലത്തിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സ്റ്റൈപ്പന്റ് അനുവദിക്കുമെന്നു സാംസ്‌കാരിക വകുപ്പ് മന്ത്രി കെ സി ജോസഫ് അറിയിച്ചു. നിലവിലുള്ള സ്റ്റൈപ്പന്റ് തുക വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ചു തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള കലാമണ്ഡലത്തിന്റെ 85ാം വാര്‍ഷികാഘോഷ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കലാമണ്ഡലത്തിലെ കൂത്തമ്പലത്തോടു ചേര്‍ന്നു നിര്‍മിച്ച അണിയറയുടെയും ചുറ്റുമതിലിന്റെയും ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. കലാമണ്ഡലത്തിന്റെ ഫെലോഷിപ്പുകളും പുരസ്‌കാരങ്ങളും മന്ത്രി വിതരണം ചെയ്തു. കൂത്തമ്പലത്തില്‍ നടന്ന ചടങ്ങില്‍ പി കെ ബിജു എംപി അധ്യക്ഷനായി. കലാമണ്ഡലം കല്‍പിത സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി എന്‍ സുരേഷ്, പന്തളം സുധാകരന്‍, പ്രഫ. വട്ടപ്പറമ്പില്‍ ഗോപിനാഥന്‍പിള്ള, കലാമണ്ഡലം സരസ്വതി, രജിസ്ട്രാര്‍ കെ കെ സുന്ദരേശന്‍ സംസാരിച്ചു. കലാമണ്ഡലം ഫെലോഷിപ്പ് കഥകളി നടന്‍ മാത്തൂര്‍ ഗോവിന്ദന്‍കുട്ടിക്കു മന്ത്രി സമ്മാനിച്ചു. കലാരത്‌ന പുരസ്‌കാരം കലാമണ്ഡലം ശിവന്‍ നമ്പൂതിരിക്കും എം കെ കെ നായര്‍ പുരസ്‌കാരം ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ രാധാകൃഷ്ണനും മണക്കുളം മുകുന്ദരാജാ സ്മൃതി പുരക്‌സാരം ഡോ. ചാത്തനാത്ത് അച്യുതനുണ്ണിക്കും സമ്മാനിച്ചു. കഥകളി വേഷത്തിനുള്ള പുരസ്‌കാരം കലാമണ്ഡലം രതീശനും കഥകളി സംഗീതത്തിനുള്ള പുരസ്‌കാരം കോട്ടയ്ക്കല്‍ നാരായണനും ചെണ്ടയ്ക്കുള്ള പുരസ്‌കാരം ഡോ. മാങ്കുളം കൃഷ്ണന്‍ നമ്പൂതിരിയും മന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങി. തുടര്‍ന്നു ഡോ. ജാനകി രംഗരാജന്റെയും സംഘത്തിന്റെയും ഭരതനാട്യവും അരങ്ങേറി.
Next Story

RELATED STORIES

Share it