കലാമണ്ഡലം ഗോപിയാശാന് ആദരവുമായി തൃശൂര്‍



തൃശൂര്‍: കഥകളിയിലെ നായകപ്പെരുമ  എണ്‍പതില്‍ എത്തുന്നത് ആട്ടവും പാട്ടും മേളവും കൂത്തും തുള്ളലുമൊക്കെ ഒന്നിച്ച് ആഘോഷമാക്കി തൃശൂരുകാര്‍. കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപിയുടെ 80ാം പിറന്നാള്‍ ആഘോഷത്തിന് ഇന്നലെ തൃശൂര്‍ സംഗീത നാടക അക്കാദമിയില്‍ തുടക്കമായി. സാഹിത്യകാരന്‍മാര്‍ക്കൊപ്പം എഴുത്തുകാരും ജനപ്രതിനിധികളുമൊക്കെ ഗോപിയാശാന് പ്രണാമമര്‍പ്പിക്കാനെത്തും. കേരള സംഗീത നാടക അക്കാദമി റീജ്യനല്‍ തിേയറ്ററില്‍ ഇന്നലെ വൈകീട്ട് 4നു കേളിയോടെയാണ് കലാമണ്ഡലം ഗോപിക്കുള്ള പ്രണാമത്തിനു തുടക്കമായത്. പെരുവനം കുട്ടന്‍ മാരാര്‍ ചെണ്ടയിലും പെരുവനം ഹരിദാസ് മദ്ദളത്തിലും മണിയാംപറമ്പില്‍ മണിനായര്‍ താളത്തിലും കേളിയുണര്‍ത്തി. തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ അജിത ജയരാജന്‍ സമാരംഭ പ്രഖ്യാപനം നടത്തി. സംഗീത നാടക അക്കാദമി അധ്യക്ഷ കെ പി എ സി ലളിത, സാഹിത്യ അക്കാദമി അധ്യക്ഷന്‍ വൈശാഖന്‍, ലളിതകലാ അക്കാദമി അധ്യക്ഷന്‍ ജി സത്യപാല്‍, കലാമണ്ഡലം വൈസ് ചാന്‍സലര്‍ എം സി ദിലീപ് കുമാര്‍, ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയം അധ്യക്ഷന്‍ കാളത്ത് രാജഗോപാല്‍, സംഗീത നാടക അക്കാദമി സെക്രട്ടറി ടി എന്‍ രാധാകൃഷ്ണന്‍ നായര്‍ തുടങ്ങിയവരുടെ സാന്നിധ്യം ശ്രദ്ധേയമായി. ഇന്നു രാവിലെ 9നു തൃപ്രയാര്‍ രമേശന്റെ പഞ്ചവാദ്യത്തോടെയാണ് പരിപാടികള്‍ക്കു തുടക്കമാവുക. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ മന്ത്രി വി എസ് സുനില്‍ കുമാര്‍ ബഹുമതി പ്രഖ്യാപനം നടത്തും. സമാപന ദിവസമായ ഞായറാഴ്ച റീജ്യനല്‍ തിയേറ്ററില്‍ രാവിലെ 9ന് അഷ്ടപദി, 10നു സൗഹൃദ സംഗമം മന്ത്രി വി എസ് സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം സമാപന സമ്മേളനം ചെയ്യും. 3നു കലാമണ്ഡലം രാമചാക്യാരുടെ ചാക്യാര്‍കൂത്തോടെ ആഘോഷത്തിനു സമാപ്തിയാവും. ശനിയാഴ്ച 4നു ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടികളില്‍ ഗോപിയാശാന് ആശംസ നേരാന്‍ നടന്‍ മോഹന്‍ലാലും എത്തും.
Next Story

RELATED STORIES

Share it