Flash News

കലാഭവന്‍ മണി അന്തരിച്ചു

കലാഭവന്‍ മണി അന്തരിച്ചു
X
KalabhavanMani_0

കൊച്ചി: പ്രശസ്ത ചലച്ചിത്രതാരം കലാഭവന്‍ മണി (45) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ വൈകീട്ട് 7.15ഓടെയായിരുന്നു അന്ത്യം. കരള്‍സംബന്ധമായ അസുഖത്തിന് ചികില്‍സയിലായിരുന്നു.
രണ്ടുദിവസം മുമ്പാണ് മണിയെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതിനാല്‍ ഇന്നലെ വെന്റിലേറ്ററിലേക്കു മാറ്റുകയായിരുന്നു. മരണത്തില്‍ അസ്വാഭാവികതയുള്ളതായും കഴിച്ച മദ്യത്തില്‍ മെഥനോള്‍ കലര്‍ന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു. വിഷം ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതേക്കുറിച്ച് ചേരാനല്ലൂര്‍, ചാലക്കുടി പോലിസ് അന്വേഷണം നടത്തും.
ഗ്രാമീണശൈലി കലര്‍ന്ന മിമിക്രിയില്‍നിന്ന് ഹാസ്യനടനായും വില്ലനായും സ്വഭാവനടനായും തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞുനിന്ന മണി ഇതിനകം നിരവധി വേഷങ്ങള്‍ ചെയ്തു. നാടന്‍ പാട്ടുകളുടെ ആലാപനത്തിലൂടെയും മണി മലയാളികള്‍ക്ക് പ്രിയങ്കരനായി.
കലാഭവനില്‍ നിരവധി പ്രമുഖ താരങ്ങളുടെ കൂടെ മിമിക്രിയിലും അദ്ദേഹം സാന്നിധ്യമറിയിച്ചു. സിനിമയിലെത്തിയശേഷം തുടക്കത്തില്‍ ഹാസ്യവേഷങ്ങളിലാണ് മണി തിളങ്ങിയത്. പിന്നീട് വില്ലന്‍ വേഷങ്ങളിലും നായകവേഷങ്ങളിലും പ്രത്യക്ഷപ്പെട്ടു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് സിനിമകളിലും പ്രതിഭ തെളിയിച്ചു.
നാടന്‍പാട്ടുകളെ ജനകീയമാക്കുന്നതില്‍ മണി വഹിച്ച പങ്ക് നിര്‍ണായകമാണ്. 'അക്ഷര'ത്തില്‍ ഓട്ടോ ഡ്രൈവറുടെ വേഷത്തിലാണ് ചലച്ചിത്രലോകത്തെത്തിയതെങ്കിലും 'സല്ലാപ'ത്തിലെ ചെത്തുകാരന്‍ രാജപ്പന്റെ വേഷമാണ് ശ്രദ്ധേയനാക്കിയത്.
ബിഗ്ബി, ആറാം തമ്പുരാന്‍, നാട്ടുരാജാവ്, ലോകനാഥന്‍ ഐഎഎസ്, എബ്രഹാം ലിങ്കന്‍, സമ്മര്‍ ഇന്‍ ബത്‌ലഹേം, കരുമാടിക്കുട്ടന്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, സ്വര്‍ണം, ആകാശത്തിലെ പറവകള്‍, വാല്‍ക്കണ്ണാടി, സല്ലാപം, പുള്ളിമാന്‍, ശിക്കാര്‍, അനന്തഭദ്രം, രാക്ഷസരാജാവ്, വല്യേട്ടന്‍, ചോട്ടാ മുംബൈ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.
'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന ചിത്രത്തില്‍ മണി അവതരിപ്പിച്ച അന്ധഗായകന്റെ കഥാപാത്രത്തിന് പ്രത്യേക ജൂറി പരാമര്‍ശങ്ങള്‍ ലഭിച്ചു. 1971ല്‍ തൃശൂരിലെ ചാലക്കുടിയിലാണ് ജനനം. വെറ്ററിനറി ഫിസിഷ്യനായ ഡോ. നിമ്മിയാണ് ഭാര്യ. മകള്‍: ശ്രീലക്ഷ്മി.
Next Story

RELATED STORIES

Share it