കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കണം

തിരുവനന്തപുരം: ചലച്ചിത്രനടന്‍ കലാഭവന്‍ മണിയുടെ ദുരൂഹമരണത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് കേരള സ്റ്റേറ്റ് എസ്‌സി-എസ്ടി സര്‍വീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് എ പി കക്കാടും എസ്‌സി-എസ്ടി ക്രിസ്ത്യന്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ജെയ്ന്‍ വില്‍സനും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡിജിപി എന്നിവര്‍ക്ക് നിവേദനം നല്‍കും.
കലാഭവന്‍ മണിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയതിന്റെ തലേദിവസം വെള്ളിയാഴ്ച രാത്രി 12 മണിവരെ വളരെ ആരോഗ്യവാനായി അദ്ദേഹം തന്നോടൊപ്പമുണ്ടായിരുന്നുവെന്നാണ് നടന്‍ ജാഫര്‍ ഇടുക്കി മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. അതിനുശേഷം മരണപ്പെടാന്‍ തക്കവിധത്തിലേക്ക് മണിയുടെ ആരോഗ്യനില പെട്ടെന്ന് മോശമായതിനെക്കുറിച്ച് അന്വേഷിക്കണം.
ഒപ്പം മണിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഔട്ട്ഹൗസ് പോലിസുകാരെത്തുന്നതിന് മുമ്പുതന്നെ വൃത്തിയാക്കിയതിന് പിന്നിലും ദുരൂഹതയുണ്ടെന്നും എ പി കക്കാടും ജെയ്ന്‍ വില്‍സനും പറഞ്ഞു.
മണി ആശുപത്രിയിലായിട്ടും വിവരങ്ങള്‍ യഥാസമയം ഭാര്യയെയും കുടുംബാംഗങ്ങളെയും അറിയിച്ചിരുന്നില്ല. ഇതെല്ലാം സംശയങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ലോക്കല്‍ പോലിസ് വളരെ ലാഘവത്തോടെയാണ് കേസന്വേഷിക്കുന്നത്. മണിയോടൊപ്പമുണ്ടായിരുന്നവരെ കാര്യമായി ചോദ്യംചെയ്യാന്‍ പോലിസ് തയ്യാറായില്ല. ഗുരുതരമായ കരള്‍രോഗമാണ് മരണകാരണമെന്നത് ശരിയല്ല. മണിയുടെ രക്തപരിശോധനയില്‍ വിഷാംശം കണ്ടെത്തിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടും തുടരന്വേഷണമുണ്ടായില്ല. ഈ സാഹചര്യത്തില്‍ ദുരൂഹത പുറത്തുകൊണ്ടുവരാന്‍ വിശദമായ അന്വേഷണം വേണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it