കലാപൂരത്തിനു തിരിതെളിഞ്ഞു

കെ പി ഒ   റഹ്മത്തുല്ല

തൃശൂര്‍: കൗമാര കലാമേളയ്ക്കു തിരിതെളിഞ്ഞ് പൂരങ്ങളുടെ നാട്. 58ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിനു തൃശൂരില്‍ പകിട്ടാര്‍ന്ന തുടക്കം. ശക്തന്റെ തട്ടകത്തില്‍ പാറമേക്കാവ് വേലയുടെ ചെറുപൂരക്കാഴ്ചകള്‍ വിരുന്നൊരുക്കിയ ഉല്‍സവപ്പിറ്റേന്നാണ് തൃശൂരില്‍ കലോല്‍സവം പെയ്തിറങ്ങിയതെന്നതും യാദൃച്ഛികമായി. പുതിയ കലോല്‍സവ മാന്വലിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണത്തെ കലോല്‍സവം. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഘോഷയാത്രയ്ക്കു പകരം സൂര്യ കൃഷ്ണമൂര്‍ത്തി ആവിഷ്‌കരിച്ച ദൃശ്യവിസ്മയം നയനാനന്ദകരമായിരുന്നു. 12 മരച്ചുവടുകളിലെ പ്രത്യേകം സജ്ജമാക്കിയ വേദികളില്‍ 2000ലേറെ വിദ്യാര്‍ഥികളാണ് കേരളീയ കലകള്‍ സമന്വയിപ്പിച്ച കലാപ്രകടനങ്ങള്‍ നടത്തിയത്. പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ട്രോഫികള്‍ ലഭിക്കുന്ന ആദ്യ കലോല്‍സവം കൂടിയാണിത്. ഒന്നും രണ്ടും സ്ഥാനങ്ങള്‍ വേണ്ടെന്നുവച്ച ആദ്യ കലോല്‍സവത്തില്‍ വിധിനിര്‍ണയത്തിലെ പരാതികള്‍ ഇല്ലാതാക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. തൃശൂരിലെ ഇനിയുള്ള അഞ്ചു നാളുകള്‍ കലാപ്രതിഭകള്‍ക്കും ആസ്വാദകര്‍ക്കും ഉള്ളതാണ്. പൂരത്തിനും പുലികളിക്കും പുറമേ ആനന്ദിക്കാനും ആഹ്ലാദിക്കാനും ഏറെ വകനല്‍കുന്ന ദിവസങ്ങളാണ് കടന്നുവരുന്നത്. സാംസ്‌കാരിക തലസ്ഥാന നഗരി കൊച്ചുകലാകാരന്മാരെയും കലാകാരികളെയും കൊണ്ട് നിറയും. വേദികളില്‍ അവര്‍ തീര്‍ക്കുന്ന കലയുടെ വിസ്മയങ്ങള്‍ കണ്ട് മനസ്സും നിറയും. ഉദ്ഘാടന സമ്മേളനത്തില്‍ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി എസ് സുനില്‍ കുമാര്‍, എ സി മൊയ്തീന്‍, എംഎല്‍എമാരായ ബി ഡി ദേവസ്സി, കെ വി അബ്ദുല്‍ ഖാദര്‍, മുരളി പെരുനെല്ലി, ഗീത ഗോപി, അഡ്വ. കെ രാജന്‍, വി ആര്‍ സുനില്‍ കുമാര്‍, ഇ ടി ടൈസണ്‍ മാസ്റ്റര്‍, പ്രഫ. കെ യു അരുണന്‍, യു ആര്‍ പ്രദീപ്,  ജില്ലാ കലക്ടര്‍ ഡോ. എ കൗശിഗന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, പത്മശ്രീ കലാമണ്ഡലം ഗോപി, പത്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍, ഗായകന്‍ പി ജയചന്ദ്രന്‍, ജയരാജ് വാര്യര്‍ എന്നിവര്‍ സന്നിഹിതരായി.ആദ്യ ദിനത്തില്‍ 35 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 124 പോയിന്റുമായി പാലക്കാട് ജില്ലയാണ് മുന്നില്‍. 122 പോയിന്റുമായി തൃശൂര്‍ ജില്ല തൊട്ടടുത്തുണ്ട്. 120 പോയിന്റുള്ള മലപ്പുറം ജില്ലയാണ് മൂന്നാമത്. കഴിഞ്ഞ വര്‍ഷം സ്വര്‍ണക്കപ്പ് നേടിയ കോഴിക്കോട് ജില്ലയ്ക്കും 120 പോയിന്റുണ്ട്.
Next Story

RELATED STORIES

Share it