കലാകാരന്‍മാര്‍ക്കുള്ള മെഡിക്ലെയിം ഇന്‍ഷുറന്‍സ് പോളിസി വിതരണം ചെയ്തു

തിരുവനന്തപുരം: രോഗാവസ്ഥയിലായതും മരണപ്പെട്ടതുമായ കലാകാരന്‍മാര്‍ക്കുള്ള സഹായമായി സംഗീത നാടക അക്കാദമിയും സര്‍ക്കാരും സംയുക്തമായി നടപ്പാക്കുന്ന മെഡിക്ലെയിം ഇന്‍ഷുറന്‍സ് പോളിസിയുടെ വിതരണം മന്ത്രി കെ സി ജോസഫ് നിര്‍വഹിച്ചു.
നൃത്തം, സംഗീതം, മാജിക്, കഥാപ്രസംഗം, നാടകം, വാദ്യകല എന്നീ വിഭാഗങ്ങള്‍ക്കുള്ള പോളിസിയാണ് പിആര്‍ ചേം ബറില്‍ നടന്ന ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തത്. മമ്മൂട്ടി, മോഹന്‍ലാല്‍, ബി ആര്‍ ഷെട്ടി എന്നിവരുടെ സാമ്പത്തിക സഹായത്തോടെ കഴിഞ്ഞ അഞ്ചു വര്‍ഷമായി നടത്തിവരുന്ന പദ്ധതിയില്‍ ഈവര്‍ഷം മുതല്‍ ചെലവിന്റെ പകുതി മാച്ചിങ് ഗ്രാന്റായി നല്‍കി സര്‍ക്കാരും പങ്കാളിയാവുമെന്നു മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പദ്ധതി ഒരിക്കലും നിന്നുപോവാതിരിക്കാന്‍ സ്ഥിരനിക്ഷേപത്തിനും സര്‍ക്കാര്‍ മുന്നോട്ടുവന്നിട്ടുണ്ട്.
കലാകാരന്‍മാര്‍ക്കു കൊടുക്കുന്ന അംഗീകാരങ്ങളും അവാര്‍ഡുകളും സര്‍ക്കസ് കലാകാരന്‍മാര്‍ക്കും നല്‍കും. നാളെ തലശ്ശേരിയില്‍ നടക്കുന്ന ചടങ്ങില്‍ 170 സര്‍ക്കസ് കലാകാരന്‍മാര്‍ക്ക് മെഡി ക്ലെയിം ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ മന്ത്രി വിതരണം ചെയ്യും.
7ന് രാവിലെ ഒമ്പതിന് പത്മവിഭൂഷണ്‍ ഉസ്താദ് അംജദ് അലിഖാന്റെ നേതൃത്വത്തില്‍ കേരള സംഗീത നാടക അക്കാദമിയുടെ കീഴിലുള്ള ഉസ്താദ് അംജദ് അലിഖാന്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഓഫ് മ്യൂസിക്കിന് തുടക്കം കുറിക്കും. നിര്‍മാണോദ്ഘാടനം സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും.
മന്ത്രിമാരായ കെ സി ജോസഫ്, എ പി അനില്‍കുമാര്‍, വി എസ് ശിവകുമാര്‍, ചീഫ് സെക്രട്ടറി പി കെ മൊഹന്തി, അംജദ് അലിഖാന്‍, ഷെയ്ഖ് പരിത് ഐഎഎസ് സംബന്ധിക്കും.
വേളി ബോട്ട് ക്ലബ്ബിന് സമീപമുള്ള രണ്ടേക്കര്‍ സ്ഥലമാണ് സര്‍ക്കാര്‍ മ്യൂസിക് സ്‌കൂളിനായി വിട്ടുനല്‍കിയതെന്നും മന്ത്രി അറിയിച്ചു. യുഡിഎഫ് സര്‍ക്കര്‍ അഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ കേരള സംഗീത നാടക അക്കാദമി 50 ജനപ്രിയ പദ്ധതികളാണ് നടപ്പാക്കിയതെന്നു ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തി പറഞ്ഞു.
Next Story

RELATED STORIES

Share it