Pathanamthitta local

കലശക്കുഴിയില്‍ പുലിയെ കണ്ടെന്ന വാര്‍ത്ത; ഭീതിയൊഴിയാതെ നാട്ടുകാര്‍

റാന്നി: കലശക്കുഴിയില്‍ കഴിഞ്ഞ ദിവസം കണ്ടത് പുലി തന്നെയാണെന്ന് ഏക ദൃക്‌സാക്ഷി ഉറപ്പിച്ച് പറയുന്നത് നാട്ടുകാരില്‍ ഭീതിയിലാഴ്ത്തി. പുളിച്ചിമാന്തടം കലശക്കുഴിയില്‍ സുരേഷാണ് വടശേരിക്കര ഇടത്തറ കുട്ടിവനത്തില്‍ നിന്നും കഷ്ടിച്ച് മുക്കാല്‍ കിലോമീറ്റര്‍ ദൂരത്ത് ജനവാസമേഖലയിലാണ് തിങ്കളാഴ്ച രാത്രി പുലിയെ കണ്ടത്. ടിപ്പര്‍ ലോറി  ഡ്രൈവറായ കലശക്കുഴിയില്‍ സുരേഷ് രാത്രി ഒമ്പതോടെ സ്വന്തം ഓട്ടോ റിക്ഷ  ഓടിച്ച് വീട്ടിലേക്കു പോകും വഴി വീടിനു അറുപതു മീറ്റര്‍ പിന്നിലായിരുന്നു സംഭവം. കാടു നിറഞ്ഞ റബര്‍ തോട്ടത്തില്‍ നിന്നും റോഡിലേക്ക് ചാടിയ പുലി എതിര്‍ ഭാഗത്ത് വടശേരിക്കര സെന്റ് ആന്‍ഡ്രൂസ് മര്‍ത്തോമ്മാ പള്ളി വക സെമിത്തേരിയിലേക്ക് ഇറങ്ങുന്നതായാണ് കണ്ടത്. പുലി ഇറങ്ങിയ വിവരം പറഞ്ഞ സുരേഷ് ഉടന്‍ തന്നെ  പുളിച്ചിമാന്തടം കോളനി നിവാസികളില്‍ ഏറെപ്പേരെയും കൂട്ടി  തിരച്ചിലിനിറങ്ങുകയായിരുന്നു. ഓപ്പം വിവിരം പഞ്ചായത്തംഗം മണിയമ്മ യശോധരനെ അറിയിച്ചു. അവിടെ നിന്നാണ് വനം വകുപ്പിനേയും മലയാലപ്പുഴ പോലിസിനേയും വിവരം അറിയിച്ചത്. വടശേരിക്കരയില്‍ നിന്നുപോലും രാത്രിയില്‍  ആളുകള്‍ കതലശക്കുഴിയിലേക്ക് പാഞ്ഞെത്തി. എന്നാല്‍ മൂന്നു മണിക്കൂറോളം വൈകി രാത്രി പന്ത്രണ്ടിനാണ് ചില വനപാലകര്‍ സ്ഥലത്തെത്തിയത്. ഇവര്‍ക്ക് രാത്രിയില്‍ കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഇനിയും പുലിയെ ആരെങ്കിലും കാണുകയോ എതെങ്കിലും ലക്ഷണം ശ്രദ്ധയില്‍പെടുകയോ ചെയ്താല്‍  വിവരം അറിയിക്കണമെന്നു പറഞ്ഞു മടങ്ങുകയായിരുന്നു വനപാലകര്‍. പുലിയെ കണ്ട വിവരം രാത്രിയില്‍ തന്നെ മലയാലപ്പുഴ പോലിസില്‍ അറിയിച്ചെങ്കിലും ജനങ്ങളുടെ ജീവന് സുരക്ഷ ഒരുക്കേണ്ട പോലിസുകാര്‍ രാത്രിയിലോ ഇന്നലെ പകലോ കലശക്കുഴിയിലേക്ക്‌ചെല്ലുക പോലും ഉണ്ടായില്ലെന്നു നാട്ടുകാര്‍  ആരോപിച്ചു. നാല്‍പ്പതോളം വീടുകളിലായി ഇരുന്നൂറിലധികം ആളുകള്‍ താമസിക്കുന്ന പട്ടികജാതി കോളനിയാണ് പുളിച്ചിമാന്തടം. ഇവിടുത്തെ ജനങ്ങള്‍ ഭീതിയിലാണ്. ഇന്നലെ  രാത്രി വീടിനു പുറത്തിറങ്ങാന്‍ പോലും ആളുകള്‍ ഭയപ്പെട്ടു. വിവിധ ജോലികള്‍ക്കായി പോയവര്‍ സന്ധ്യക്കു മുമ്പു തന്നെ വീട്ടിലെത്തി.   പുലിയെ കണ്ട മര്‍ത്തോമ്മാ പള്ളി സെമിത്തേരിക്കു താഴെ വയല്‍മേഖലയാണ്. ജലസാന്നിധ്യമുള്ള ഇവിടെ വെള്ളം കുടിക്കാന്‍ എത്തിയതാകും പുലിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഏതാനും മാസം മുമ്പ് കാടിറങ്ങിയ  കൊമ്പന്‍ ഭീതി പടര്‍ത്തിയ സ്ഥലത്തു തന്നെയാണ് പുലിയെ കണ്ടത്.  നാട്ടില്‍ ഇറങ്ങിയത് പുലിയാണോ എന്നു പരിശോധിക്കുകയും  പുലി അല്ലെങ്കില്‍ അക്കാര്യം നാട്ടുകാരെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ട ഉത്തരവാദിത്വം വനപാലകര്‍ക്കുണ്ട്. എന്നാല്‍ വനപാലകര്‍ ഇക്കാര്യത്തില്‍ നിരുത്തരവാദപരമായാണ് പെരുമാറിയതെന്ന ആക്ഷേപമാണ് ജനങ്ങള്‍ക്കുള്ളത്.
Next Story

RELATED STORIES

Share it