kannur local

കലര്‍പ്പുകളുടെ ഉല്‍സവമാണ് സംസ്‌കാരം: സ്പീക്കര്‍

കണ്ണൂര്‍: കലര്‍ന്നുകൊണ്ടേയിരിക്കുന്ന അനുഭവങ്ങളുടെ പട്ടികയില്‍ ആദ്യത്തേതാണ് സംസ്‌കാരമെന്ന് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ മലബാര്‍ സാംസ്‌കാരിക പൈതൃകോല്‍സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലര്‍പ്പുകളുടെ ഉല്‍സവമാണ് സംസ്‌കാരം. അത് പെട്ടിയില്‍ അടച്ചുവച്ച ശുദ്ധമായ, കലര്‍പ്പുകളില്ലാത്ത ഒന്നല്ല.
ജീവിതത്തില്‍ നാം ആര്‍ജിക്കുന്ന എല്ലാ അറിവുകളുടെയും പേരാണത്. സങ്കലനത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്ന പുരാണങ്ങളുടെയും ഇതിഹാസങ്ങളുടെയും നാടാണ് നമ്മുടേത്. പൈതൃകത്തെ അഭയകേന്ദ്രമായിട്ടല്ല കാണേണ്ടത്. അതൊരു ആയുധപ്പുരയാണ്. പൈതൃകത്തിന്റെ ഉല്‍സവങ്ങള്‍ പഴമയെക്കുറിച്ചുള്ള ആഘോഷങ്ങളല്ല.
പഴമയുടെ നന്‍മകള്‍ ഉപയോഗപ്പെടുത്തലാണ്. പുരാണങ്ങളും ഇതിഹാസങ്ങളും വായിക്കേണ്ടത് തല തിരിഞ്ഞ ദുര്‍വ്യാഖ്യാനങ്ങളുടെ കണ്ണടയിലൂടെയല്ല. വൈവിധ്യങ്ങളുടെ ജനാധിപത്യത്തിന്റെ അന്തരീക്ഷത്തിലൂടെയാണ്. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം സാംസ്‌കാരികമായ മറവി രോഗം ബാധിച്ചിരിക്കുന്നു എന്നതാണ്. ചരിത്രം ഏറ്റവും വലിയ ആയുധമാണ്.
ആളുകളെ പ്രകോപിപ്പിക്കാന്‍, വഴി തെറ്റിക്കാന്‍ ഒക്കെ ഉപയോഗിക്കാവുന്ന ചരിത്രത്തിന്റെ ദുര്‍വ്യാഖ്യാനത്തിനുള്ള ഏറ്റവും നല്ല പ്രതിരോധം ചരിത്രത്തിന്റെ കലര്‍പ്പില്ലാത്ത വായനയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.
മേയര്‍ ഇ പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, റബ്‌കോ ചെയര്‍മാന്‍ എന്‍ ചന്ദ്രന്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രഫ. വി കാര്‍ത്തികേയന്‍ നായര്‍, മ്യൂസിയം-മൃഗശാല വകുപ്പ് ഡയറക്ടര്‍ കെ. ഗംഗാധരന്‍, പുരാരേഖ വകുപ്പ് ഡയറക്ടര്‍ പി ബിജു, സാംസ്‌കാരിക വകുപ്പ് അഡീഷനല്‍ സെക്രട്ടറി കെ ഗീത, യു ബാബു ഗോപിനാഥ്, ഭാരത് ഭവന്‍ മെംബര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ സംബന്ധിച്ചു.
തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകള്‍, ഭാരത് ഭവന്റെയും ഫോക്്‌ലോര്‍ അക്കാദമിയുടെയും കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും സഹകരണത്തോടെയാണ് 26 വരെ പൈതൃകോല്‍സവം സംഘടിപ്പിക്കുന്നത്.
Next Story

RELATED STORIES

Share it