Kollam Local

കലയുടെ മാമാങ്കത്തിന് നാളെ തിരി തെളിയും

കൊട്ടാരക്കര: കലയുടെ ഉല്‍സവത്തിന് കഥകളിയുടെ നാട്ടില്‍ നാളെ തിരിതെളിയും. 56ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവം കൊട്ടാരക്കര പട്ടണത്തിലെ പത്തു വേദികളിലാണ് അരങ്ങേറുന്നത്.
ജില്ലയിലെ 12 ഉപജില്ലയില്‍ നിന്നായി ആറായിരത്തോളം കലാപ്രതിഭകള്‍ മാറ്റുരയ്ക്കും. 142 ഇനങ്ങളിലാണ് മല്‍സരം. രജിസ്‌ട്രേഷന്‍ ഇന്നലെ പകല്‍ മൂന്നിന് ആരംഭിച്ചു. ഇന്ന് രചനാ മല്‍സരങ്ങളും ബാന്‍ഡ് മേളവും നടക്കും. ചിത്രരചന, കഥാരചന, ഉപന്യാസ രചന, സംസ്‌കൃതോല്‍സവ രചനാ മല്‍സരങ്ങള്‍, അറബി സാഹിത്യോല്‍സവം എന്നിവ ബോയ്‌സ് സ്‌കൂളിലാണ് നടക്കുന്നത്. ബാന്‍ഡ് മേളം ബോയ്‌സ് എച്ച്എസ്എസ് ഗ്രൗണ്ടില്‍ പകല്‍ രണ്ടിനു നടക്കും.നാളെ രാവിലെ 8.30ന് വിമലാംബിക സ്‌കൂള്‍ അങ്കണത്തില്‍നിന്ന് ആരംഭിക്കുന്ന ഘോഷയാത്രയോടെ കലോല്‍സവത്തിന് ഔദ്യോഗികമായി തുടക്കംകുറിക്കും.
കൊടിക്കുന്നില്‍സുരേഷ് എംപി കലോല്‍സവം ഉദ്ഘാടനംചെയ്യും. അയിഷാപോറ്റി എംഎല്‍എ അധ്യക്ഷയാവും.കൊട്ടാരക്കര ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൌണ്ടിലാണ് പ്രധാന വേദി. ഗേള്‍സ് ഹൈസ്‌കൂള്‍, സൗപര്‍ണിക ഓഡിറ്റോറിയം, ബ്രാഹ്മണസമൂഹമഠം ഹാള്‍, ഗവ. ടൌണ്‍ യുപി സ്‌കൂള്‍, എംടിജിഎച്ച്എസ്, എംടിജി എല്‍പിഎസ് എന്നിവിടങ്ങളിലാണ് വേദികള്‍. മല്‍സരങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഇത്തവണ ഒരു വേദികൂടി കൂടുതലായി ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.പ്രധാനവേദിയുടെ നിര്‍മാണം പൂര്‍ത്തിയായി. പഴയിടം മോഹനന്‍ നമ്പൂതിരിയാണ് ഭക്ഷണം ഒരുക്കുന്നത്. വെല്‍ഫയര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്ലാ വേദികളുടെയും സമീപം അലോപ്പതി, ഹോമിയോ, ആയുര്‍വേദ വകുപ്പുകളുടെ സേവനം ലഭ്യമാക്കും. ചുക്കുവെള്ള വിതരണവും ഉണ്ടാവും. ഇരുനൂറിലധികം എന്‍സിസി, സ്‌കൌട്ട്‌സ്, ഗൈഡ്‌സ്, സ്റ്റുഡന്റ് പോലിസ് കേഡറ്റുകളുടെ സേവനം ലഭ്യമാക്കും. മേളയുടെ വിജയകരമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനം അന്തിമഘട്ടത്തിലാണെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഡ്വ. പി അയിഷാപോറ്റി എംഎല്‍എ, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ എസ് വല്‍സല, പബഌസിറ്റി കണ്‍വീനര്‍ സി മുകേഷ്, വിവിധ കമ്മിറ്റി ഭാരവാഹികളായ സക്കറിയ മാത്യു, ജെ സുനില്‍, ടി ആര്‍ മഹേഷ്, കോശി കെ ജോണ്‍, സുരേഷ്‌കുമാര്‍, കാര്‍ത്തിക വി നാഥ്, ജോസ്‌കുട്ടി, ഗണേശ്, സലാഹുദീന്‍, ഗോപകുമാര്‍, പ്രദീപ്കുമാര്‍, ഹിലാല്‍ മുഹമ്മദ്, സലാഹുദീന്‍, ഉല്ലാസ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it