kozhikode local

കലയുടെ കേളികൊട്ടിന് ഇന്ന് പരിസമാപ്തി

പേരാമ്പ്ര: കോഴിക്കോട് റവന്യൂജില്ലാ കലോല്‍സവത്തിന് ഇന്ന് പരിസമാപ്തി. നാലുനാള്‍ പിന്നിട്ട കലാകേളികൊട്ടിന് തിരശീല വീഴുമ്പോള്‍ കൊയിലാണ്ടി ഉപജില്ല ഒന്നാമതും കോഴിക്കോട്‌സിറ്റി രണ്ടാം സ്ഥാനത്തും ബാലുശ്ശേരി മൂന്നാമതും മുന്നേറ്റം തുടരുന്നു. 225 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 804 പോയന്റ് നേടിയാണ് കൊയിലാണ്ടി ഉപജില്ല മുന്നിലെത്തിയത്. 800 പോയന്റ് നേടി കോഴിക്കോട് സിറ്റി ഉപജില്ല രണ്ടാം സ്ഥാനത്തും 784 പോയന്റോടെ ബാലുശ്ശേരി ഉപജില്ല മൂന്നാം സ്ഥാനത്തും മുന്നേറുന്നു. 83 മല്‍സരഇനങ്ങള്‍ കൂടി നടക്കാനിരിക്കെ സിറ്റിയും കൊയിലാണ്ടിയും വാശിയേറിയ പോരാട്ടത്തിലാണ്. യൂപി വിഭാഗത്തില്‍ (ജനറല്‍) സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി ഒന്നാമതെത്തി. ജനറല്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മേമുണ്ട എച്ച്എസ്എസ് ഒന്നാമതെത്തി. യൂപി (സംസ്‌കൃതം ) അഴിയൂര്‍ ഈസ്റ്റ് യൂപി സ്‌കൂളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മേപ്പയൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും മുന്നേറുന്നു.യു പി അറബിക് വിഭാഗത്തില്‍ എംയുപി സ്‌കൂള്‍ ഓര്‍ക്കാട്ടേരിയും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാണിമേലും ഒന്നാം സ്ഥാനത്താണ്. കലാമേളയുടെ സമാപനം ഇന്ന് 4 മണിക്ക് എം കെ രാഘവന്‍ എംപി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി അധ്യക്ഷനാവും. കെ ദാസന്‍ എംഎല്‍എ സമ്മാനദാനവും ഇ കെ വിജയന്‍ എംഎല്‍എ സുവനീര്‍ പ്രകാശനം നിര്‍വഹിക്കും. വിഎച്ച്എസ്‌സി അസി. ഡയറക്ടര്‍ എം ശെല്‍വ മണി സുവനീര്‍ ഏറ്റുവാങ്ങും. ജോര്‍ജ് എം തോമസ് കലാ വൃക്ഷ സമര്‍പ്പണം നിര്‍വഹിക്കും. ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും വിദ്യാഭ്യാസ വകുപ്പ് ഓഫിസര്‍മാരും ചടങ്ങില്‍ ആശംസനേരും.
Next Story

RELATED STORIES

Share it