ernakulam local

കലയുടെയും കാരുണ്യത്തിന്റെയും സമന്വയം തീര്‍ത്ത് 'തൗര്യത്രിക 2015'

മൂവാറ്റുപുഴ: നിര്‍മല പബ്ലിക് സ്‌കൂളില്‍ നടന്ന മധ്യകേരള സിബിഎസ്ഇ സ്‌കൂള്‍ കലോല്‍സവം 'തൗരത്രിക 2015 പേരിനെ അന്വര്‍ത്ഥമാക്കിക്കൊണ്ട് നൃത്തഗീതവാദ്യങ്ങളുടെ സമന്വയത്തോടെ ദൃശ്യവിസ്മയമായി കൊടിയിറങ്ങിയപ്പോള്‍ കാരുണ്യത്തിന്റെ സ്പര്‍ശം കൊണ്ട് ശ്രദ്ധേയമായി.
കലോല്‍സവത്തോടൊപ്പം നിര്‍മലാ പബ്ലിക് സ്‌കൂളിലെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ റെഡ്‌ക്രോസുമായി സഹകരിച്ചു സംഘടിപ്പിച്ച അവയവദാനസമ്മതപത്ര സ്വീകരണവും രക്തദാനക്യാംപും കലോല്‍സവത്തിന് വേറിട്ട മുഖം നല്‍കി.
സ്‌കൂള്‍ പ്രിന്‍സിപ്പളും സ്റ്റാഫംഗങ്ങളും പിടിഎ അംഗങ്ങളും ഉള്‍പ്പെടെ 57 പേര്‍ രക്തദാനം നിര്‍വഹിച്ച് സമൂഹത്തിന് മാതൃകയാവുകയും കലോല്‍സവത്തോടനുബന്ധിച്ച് മറ്റുള്ളവര്‍ക്ക് രക്തദാനം നല്‍കുവാനുള്ള സൗകര്യമൊരുക്കുകയും ചെയ്തു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ 2500 ഭവനങ്ങളില്‍ അവയവദാന സന്ദേശം പകരുകയും അവയവദാന സമ്മതപത്രം വിതരണം ചെയ്യുകയും ഉണ്ടായി. കലോല്‍സവദിനങ്ങളില്‍ അവയവദാന സമ്മതപത്ര സ്വീകരണത്തിനായി സ്‌കൂള്‍ അങ്കണത്തില്‍ ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റിയുടെ ഓഫിസ് പ്രവര്‍ത്തിച്ചിരുന്നു.
പൊതുജനങ്ങളില്‍ നിന്ന് ധാരാളം സമ്മതപത്രം ലഭിച്ചതായി സംഘാടകസമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കലോല്‍സവത്തിന്റെ സംഘാടനത്തോടൊപ്പം തന്നെ സമൂഹ്യപ്രതിബദ്ധതയ്ക്ക് ഊന്നല്‍ നല്‍കിയ നിര്‍മലാ പബ്ലിക് സ്‌കൂള്‍ കലോല്‍സവത്തില്‍ 1,3,4 കാറ്റഗറികളില്‍ ചാംപ്യന്‍ഷിപ്പു കൂടി നേടി എന്നതും, സമയനിഷ്ഠമായി കലോല്‍സവയിനങ്ങള്‍ പര്യവസാനിപ്പിച്ചതും സംഘാടനമികവു തെളിയിച്ചു.
ഇതിനായി പ്രവര്‍ത്തിച്ച സ്റ്റാഫ് പിടിഎ അംഗങ്ങളെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഫാ. മാത്യു എം മുണ്ടയ്ക്കല്‍ അഭിനന്ദിച്ചു. തൗരത്രിക എന്ന പദത്തിന്റെ സന്ദേശം-നൃത്തം, വാദ്യം, ഗീതം - ഇവ പ്രകടിപ്പിച്ച് കൊച്ചുകുട്ടികള്‍ സമാപനസമ്മേളനത്തില്‍ അവതരിപ്പിച്ച പരിപാടി ഏവരുടേയും ശ്രദ്ധ ആകര്‍ഷിച്ചു. സിനിമാതാരവും വിശിഷ്ട അതിഥിയുമായ മിസ് മിയാ ജോര്‍ജ് കുരുന്നുകളെ അഭിനന്ദിച്ചു.
Next Story

RELATED STORIES

Share it