Kollam Local

കലയും കലഹവും

കൊല്ലം: കഥകളി സംഗീതത്തില്‍ മുറുകിയ താളം, മോഹിനിയാട്ടത്തിന്റെ മോഹിപ്പിക്കുന്ന ചുവടുകള്‍, ഭരതനാട്യത്തിന്റെ ലാസ്യഭാവങ്ങള്‍.കൗമാരം ആഘോഷമാക്കിയ കലോല്‍സവത്തില്‍ വേദികളില്‍ മല്‍സരങ്ങളും പുറത്ത് കയാങ്കളിയുമായി രണ്ടാംനാള്‍ പിന്നിട്ടു. പെണ്‍കുട്ടികളുടെ ഭരതനാട്യ മല്‍സരം നടന്ന വിമലഹൃദയയിലെ നാലാം നമ്പര്‍ വേദിയാണ് ഇന്നലെ സംഘര്‍ഷാവസ്ഥയ്ക്ക് സാക്ഷ്യം വഹിച്ചത്. ഭരതനാട്യത്തില്‍ മല്‍സരിച്ച ഇരുപത് പേരില്‍ അഞ്ചു പേര്‍ക്ക് മാത്രം എ ഗ്രേഡ് ലഭിച്ചതാണ് കാരണം. ഫലം അറിഞ്ഞയുടന്‍ മല്‍സരാര്‍ഥികളും രക്ഷിതാക്കളും പരിശീലകരും വേദി കൈയേറുകയായിരുന്നു. വിധികര്‍ത്താക്കളുടെ യോഗ്യതക്കുറവും അഴിമതിയും ആരോപിച്ച് വേദിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച കുട്ടികളെ അനുനയിപ്പിക്കാന്‍ നടന്ന ശ്രമങ്ങള്‍ പരാജയപ്പെട്ടു. തുടര്‍ന്ന് ഡിഡിഇ ശ്രീകലയും പോലിസും മുന്‍കൈയെടുത്ത് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രശ്‌നം പരിഹരിച്ചത്. കഴിഞ്ഞ തവണ 70 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് എ ഗ്രേഡ് കൊടുത്തിരുന്നു. എന്നാല്‍ പുതുക്കിയ മാന്വല്‍ പ്രകാരം 80 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് എ ഗ്രേഡ് കൊടുത്താല്‍ മതിയെന്നാണ്  തീരുമാനം. പ്രതിഷേധത്തെ തുടര്‍ന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ ശ്രീകല വേദിയിലെത്തി എ ഗ്രേഡ് ലഭിക്കാത്ത കുട്ടികള്‍ക്ക് അപ്പീല്‍ നല്‍കാന്‍ സാധിക്കുമെന്നും തെറ്റുകള്‍ എന്താണെന്നറിയാന്‍ കുട്ടികള്‍ക്ക് നേരിട്ട് വിധികര്‍ത്താവിനെ സമീപിക്കാമെന്നും അറിയിച്ചു. ഇതിനിടയില്‍ വിധികര്‍ത്താക്കളെ മാറ്റണമെന്ന ആവശ്യമുന്നയിച്ച് ആണ്‍കുട്ടികളുടെ ഭരതനാട്യം പ്രതിഷേധക്കാര്‍ തടസപ്പെടുത്തുകയും ചെയ്തു. ഒടുവില്‍ പോലിസ് നേരിട്ട് ഇടപെട്ട് രംഗം ശാന്തമാക്കി. നാടകശാലയിലും പ്രതിഷേധത്തിന്റെ നാടകീയ രംഗങ്ങള്‍ അരങ്ങേറി. ജവഹര്‍ ബാലഭവനിലെ നാടകവേദിയിലാണ് ശബ്ദ ക്രമീകരണം ശരിയല്ലെന്ന് ആരോപിച്ച് പ്രതിഷേധം അരങ്ങറിയത്. ഇത് ഏറെ നേരം വാക്കേറ്റത്തിന് കാരണമായി.  ആരംഭിച്ചത്. ആദ്യ നാടകം അവസാനിച്ചതോടെ വേദിയിലെ ശബ്ദ ക്രമീകരണം ശരിയല്ലെന്നും ശബ്ദം ഇരട്ടിക്കുന്നതായും പറഞ്ഞ് നാടക ആസ്വാദകരും രക്ഷിതാക്കളും അധ്യാപകരും രംഗത്ത് വരികയായിരുന്നു. ഇത് വിധികര്‍ത്താക്കളും ശരിവച്ചു. തുടര്‍ന്ന് പ്രതിഷേധം വേദിയിലേക്കായി. വിവരം അറിഞ്ഞ് ഡിസിഇ കെഎസ് ശ്രീകല ബാലഭവനില്‍ എത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന് എച്ച്എസ്എസ് നാടകം മറ്റോരു വേദിയിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it