Ernakulam

കലക്ടറേറ്റില്‍ അടച്ചിട്ട വാതിലുകള്‍ തുറക്കാന്‍ നിര്‍ദേശം

കാക്കനാട്: കലക്ടറേറ്റില്‍ അടച്ചിട്ട വാതിലുകള്‍ തുറക്കാന്‍ ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം. പത്മകുമാര്‍ നിര്‍ദേശം നല്‍കി. കലക്ടറേറ്റിലെ എച്ച്.എസ്സിനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. കലക്ടറേറ്റിലെ അഡ്മിനിസ്‌ട്രേഷന്‍ ഹാളിന്റെ ഏഴു വാതിലുകളില്‍ ആറെണ്ണമാണ് പുറമെനിന്നും താഴിട്ടു പൂട്ടിയിരിക്കുന്നത്. നൂറ്റമ്പതോളം ജീവനക്കാര്‍ ഒന്നിച്ച് അടച്ചിട്ട ഹാളിനുള്ളില്‍ ഇരുന്ന് ജോലിചെയ്യുന്നത് സുരക്ഷയെ ബാധിക്കുമെന്നതിനാലാണ് എ.ഡി.എം. പൂട്ടിയ വാതിലുകള്‍ തുറന്നിടാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ ജീവനക്കാര്‍ക്ക് പുറത്തുകടക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരും.

ഒരു വാതിലിന്റെ പകുതിഭാഗം മാത്രമാണ് ഇപ്പോള്‍ തുറന്നിട്ടുള്ളൂ. ഈ ജീവനക്കാരില്‍ പകുതിയിലധികവും വനിതകളാണ്. ഒരാഴ്ചയോളമായി പുതിയ പരിഷ്‌കാരം നിലവിലാക്കിയിട്ട്. ഈ ഹാളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചപ്പോള്‍ ജീവനക്കാര്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. ജീവനക്കാരുടെ സുരക്ഷയ്ക്കുവേണ്ടിയാണ് നിരീക്ഷണ കാമറ സ്ഥാപിച്ചതെന്നാണ് ജില്ലാ അധികാരി ജീവനക്കാരെ അറിയിച്ചത്. ആപത്തുണ്ടായാല്‍ രക്ഷപ്പെടേണ്ട വഴികള്‍ അടച്ചിടുന്നത് ജീവനക്കാരുടെ സുരക്ഷയ്ക്കു ഭീഷണിയാവുമെന്നത് ആരും തിരിച്ചറിയുന്നില്ല.

ഇപ്പോഴത്തെ പരിഷ്‌കാരം ആര്‍ക്കുവേണ്ടിയാണെന്നും വ്യക്തമല്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് സിവില്‍ സ്റ്റേഷനിലെ അഞ്ചാം നിലയില്‍ ഒരു മൂലയില്‍ കൂടിക്കിടന്നിരുന്ന കടലാസ് കൂനകള്‍ക്കിടയില്‍നിന്നും സ്‌ഫോടനമുണ്ടായ ശബ്ദം കേട്ട് ജീവനക്കാര്‍ പലവഴിക്കും ഓടിയാണ് കെട്ടിടത്തിനു താഴെയെത്തിയത്. മണിക്കൂറോളം ജീവനക്കാരെ കെട്ടിടത്തിനുള്ളില്‍നിന്നും മാറ്റി നിര്‍ത്തുകയുമുണ്ടായി. ഇക്കാര്യങ്ങള്‍ എല്ലാം തിരിച്ചറിയാവുന്നവരാണ് ജില്ലാ അധികാരികള്‍. പോലിസിന്റെയും ഫയര്‍ ഫോഴ്‌സിന്റെയും സുരക്ഷാ റിപോര്‍ട്ടുകള്‍ തള്ളിയാണ് പുതിയ പരിഷ്‌കാരം നടത്തിയിട്ടുള്ളത്. ജീവനക്കാരില്‍ നല്ലൊരുഭാഗവും ഈ പരിഷ്‌കാരങ്ങള്‍ക്ക് എതിരാണ്. അധികാരികളുടെ ഇത്തരം പരിഷ്‌കാരങ്ങള്‍ എതിര്‍ക്കാന്‍ കഴിയാതെ മൗനാംഗീകാരമാണ് നല്‍കുന്നത്.
Next Story

RELATED STORIES

Share it