കറുത്തവര്‍ഗക്കാരന്റെ കൊല: പോലിസുകാരന്‍ നിരപരാധിയെന്ന് കോടതി

വാഷിങ്ടണ്‍: കഴിഞ്ഞ വര്‍ഷം യുഎസ് നഗരമായ ബാല്‍ട്ടിമോറില്‍ പോലിസ് കസ്റ്റഡിയില്‍ ഫ്രെഡ്ഡി ഗ്രേ (25) എന്ന കറുത്തവര്‍ഗക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലിസുകാരന്‍ കുറ്റക്കാരനല്ലെന്ന് കോടതി. പോലിസുകാരനെതിരേയുള്ള എല്ലാ കുറ്റങ്ങളും കോടതി അസാധുവാക്കി. എഡ്വാര്‍ഡ് നീറോ എന്ന വെളുത്തവര്‍ഗക്കാരനായ ഉദ്യോഗസ്ഥനെയാണ് കോടതി കുറ്റവിമുക്തനാക്കിയത്. കൊലപാതകത്തില്‍ പ്രതികളായ ആറുപേരില്‍ ഒരാളാണ് ഇയാള്‍.
വിധിക്കു പിന്നാലെ പ്രക്ഷോഭസാധ്യത കണക്കിലെടുത്ത് ശാന്തരായിരിക്കാന്‍ ബാല്‍ട്ടിമോര്‍ മേയര്‍ സ്റ്റീഫനി റോളിങ്‌സ് ബ്ലേക്ക് ജനങ്ങളോട് ആഹ്വാനം ചെയ്തു. നീറോ പോലിസ് വകുപ്പില്‍ വിചാരണ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോലിസ് കസ്റ്റഡിയില്‍ കഴുത്തിലേറ്റ മാരകമായ മുറിവിനെത്തുടര്‍ന്നാണ് ഗ്രേയുടെ മരണം. അനധികൃതമായി കത്തി കൈയില്‍ വച്ചെന്നാരോപിച്ചായിരുന്നു അറസ്റ്റ്. യുഎസില്‍ അടുത്തിടെ രൂക്ഷമായ വംശവെറിയുടെ ഒരിര മാത്രമാണ് ഗ്രേ. കറുത്ത വര്‍ഗക്കാര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ യുഎസില്‍ വ്യാപകപ്രക്ഷോഭങ്ങള്‍ അരങ്ങേറിയിരുന്നു. അതേസമയം, ബാക്കിയുള്ള പോലിസുകാര്‍ക്കെതിരായ കേസ് തള്ളണമെന്നാവശ്യപ്പെട്ട് പോലിസ് യൂനിയന്‍ സര്‍ക്കാരിനെ സമീപിച്ചതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്തു.
Next Story

RELATED STORIES

Share it