Editorial

കര്‍ഷക സമരങ്ങള്‍ നല്‍കുന്ന പാഠങ്ങള്‍

മുംബൈയില്‍ ഈയിടെ അഖിലേന്ത്യാ കിസാന്‍ സഭ സംഘടിപ്പിച്ച കര്‍ഷക മാര്‍ച്ച് മഹാരാഷ്ട്ര സര്‍ക്കാരിനെ അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ നിര്‍ബന്ധിതമാക്കിയ അനുഭവം നമ്മുടെ രാഷ്ട്രീയചരിത്രത്തിലെ തന്നെ അത്യുജ്ജ്വലമായ അധ്യായമാണ്. ചെങ്കൊടിയേന്തിയാണ് കൃഷിക്കാര്‍ മുംബൈയിലേക്ക് മാര്‍ച്ച് നടത്തിയത്. എന്നാല്‍, ഇതൊരു ഇടതു രാഷ്ട്രീയ പ്രക്ഷോഭമായിരുന്നു എന്നു പറഞ്ഞുകൂടാ. സിപിഎം മുന്‍കൈ എടുത്തു നടത്തിയ സമരത്തിന് കോണ്‍ഗ്രസ്സും ശിവസേനയും ഉള്‍പ്പെടെ ബിജെപിയൊഴിച്ചുള്ള മിക്ക രാഷ്ട്രീയപ്രസ്ഥാനങ്ങളും പിന്തുണ നല്‍കി. രാഷ്ട്രീയത്തിനതീതമായി കര്‍ഷകരുടെ പ്രതിഷേധവികാരങ്ങള്‍ അണപൊട്ടിയൊഴുകുകയും അത് മഹാരാഷ്ട്ര സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കുകയും ചെയ്തു എന്നതാണു സത്യം. ജനവികാരം ഭരണകേന്ദ്രങ്ങളുടെ മേല്‍ പിടിമുറുക്കുന്നതാണു നാം കണ്ടത്.
സമാനമായ ഒരു റാലി ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലും നടന്നു. ഗോമതി തീരത്ത് നടന്ന ലഖ്‌നോ ചലോ കിസാന്‍ പ്രതിരോധ റാലിയും കിസാന്‍ സഭ സംഘടിപ്പിച്ചതാണ്. യോഗി ആദിത്യനാഥ് ഗവണ്‍മെന്റിന്റെ കര്‍ഷകവിരുദ്ധ സമീപനങ്ങളാണ് കാര്യങ്ങളെ പ്രക്ഷോഭവഴികളിലെത്തിച്ചത്. ഇത്തരം പ്രതിഷേധ കൊടുങ്കാറ്റുകള്‍ രാജ്യത്തുടനീളം ആഞ്ഞുവീശാന്‍ പോവുന്നു എന്നാണു ന്യായമായും അനുമാനിക്കേണ്ടത്. കൊടിയുടെ നിറത്തിനതീതമായി കൃഷിക്കാര്‍ ബിജെപി സര്‍ക്കാരുകളുടെ സാമ്പത്തികനയങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുന്നതാണു നാം കാണുന്നത്. ഹിന്ദുത്വവികാരങ്ങള്‍ ദുരുപയോഗപ്പെടുത്തി കാവിരാഷ്ട്രീയം തിരഞ്ഞെടുപ്പുകള്‍ ജയിക്കുന്നുണ്ടാവാം. ഈ വിജയങ്ങളെ അപ്രസക്തമാക്കിക്കൊണ്ട് ഗ്രാമീണ ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന ബദല്‍ രാഷ്ട്രീയം മറുവഴി ചൂണ്ടിക്കാണിച്ചുകൊടുക്കുകയാണ് ഇപ്പോള്‍. ബിജെപി ഭരണം നിലകൊള്ളുന്നത് വികസനത്തിന്റെ നാഗരിക മാതൃകകളുടെ നേരെ ചാഞ്ഞുനിന്നുകൊണ്ടാണ്. നഗരങ്ങളില്‍ വരേണ്യസമൂഹം ഫ്രിഡ്ജുകളില്‍ സൂക്ഷിക്കുന്ന ഭക്ഷ്യസാധനങ്ങള്‍ ഗ്രാമങ്ങളിലെ കൃഷിയിടങ്ങളില്‍ നട്ടുനനച്ചുണ്ടാക്കുന്നവയാണ്. വിളകള്‍ നട്ടുനനച്ചുണ്ടാക്കുന്നവര്‍ അനുഭവിക്കുന്ന യാതനകളാണ് പ്രതിഷേധസമരങ്ങള്‍ക്ക് നിമിത്തമായിത്തീരുന്നത്. ഗ്രാമങ്ങള്‍ നഗരങ്ങളെ മുഖത്തോടു മുഖം നിര്‍ത്തി വിചാരണ ചെയ്യുമ്പോള്‍ സ്വാഭാവികമായും നഗരകേന്ദ്രീകൃതമായ ഭരണവ്യവസ്ഥയ്ക്ക് അടിയറവു പറഞ്ഞേ പറ്റൂ. അതാണ് മുംബൈയില്‍ കണ്ടത്, രാജ്യത്തുടനീളം കാണാന്‍ പോവുന്നതും.
കര്‍ഷക പ്രക്ഷോഭങ്ങളെ ബിജെപി നേരിടുന്നത്, അവയെ താറടിച്ചു കാണിച്ചുകൊണ്ടാണ്. പാര്‍ട്ടി നേതാവ് പൂനം മഹാജന്‍ പ്രക്ഷോഭങ്ങള്‍ക്കു പിന്നില്‍ മാവോവാദികളാണെന്നു പറഞ്ഞു. ഭാവിയില്‍ വേറെയും സംഘടനകള്‍ക്കു നേരെ പ്രചാരണത്തിന്റെ കുന്തമുന ലക്ഷ്യംവയ്ക്കപ്പെട്ടേക്കാം. വിദേശരാജ്യങ്ങള്‍ സംഭവത്തിലേക്ക് വലിച്ചിഴക്കപ്പെടാനും സാധ്യതയുണ്ട്. എന്നാല്‍, അത്തരം പ്രചാരണങ്ങളെ അവ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞുകൊണ്ട് ഗ്രാമീണ ഇന്ത്യ പ്രക്ഷോഭരംഗത്ത് ഉറച്ചുനില്‍ക്കുകയാണെങ്കില്‍ ചരിത്രത്തിന്റെ ഗതി മാറുക തന്നെ ചെയ്യും.
Next Story

RELATED STORIES

Share it