wayanad local

കര്‍ഷക സംരക്ഷണ സമിതി പ്രത്യക്ഷ സമരത്തിലേക്ക്



കല്‍പ്പറ്റ: കാര്‍ഷിക പ്രതിസന്ധി രൂക്ഷമായതു 90 ശതമാനം വരുന്ന വയനാടന്‍ കര്‍ഷകരെ ആത്മഹത്യയുടെ വക്കിലെത്തിച്ചിരിക്കുകയാണെന്നു കര്‍ഷക സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. അതിരൂക്ഷമായ വരള്‍ച്ച മൂന്നു വര്‍ഷക്കാലമായി ജില്ലയിലെ കാര്‍ഷിക മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വിലത്തകര്‍ച്ച, വിളകളുടെ ഉല്‍പാദനക്കുറവ്, വന്യമൃഗശല്യംകാരണം സംഭവിക്കുന്ന കാര്‍ഷികമേഖലയിലെ നഷ്ടം, കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍, അശാസ്ത്രീയമായ ജിഎസ്ടി നടപ്പാക്കല്‍ എന്നിവ കാര്‍ഷിക മേഖലയുടെ നട്ടെല്ലൊടിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്ന കര്‍ഷകക്ഷേമ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം കാണുന്നില്ല. ഇക്കാരണങ്ങളാല്‍ കര്‍ഷകര്‍ നിത്യവൃത്തിക്ക് പോലും വകയില്ലാതെ പ്രയാസപ്പെടുകയാണ്. എസ്ബിഐ അടക്കമുള്ള ദേശസാല്‍കൃത ബാങ്കുകള്‍ കോര്‍പറേറ്റുകളുടെ കോടിക്കണക്കിന് വരുന്ന വായ്പകള്‍ നിഷ്‌ക്രിയ ആസ്തിയില്‍ ഉള്‍പ്പെടുത്തി എഴുതിത്തള്ളുകയും പാവപ്പെട്ടവരെ പീഡിപ്പിക്കുകയുമാണ്. പ്രത്യേക സാഹചര്യം പരിഗണിച്ച് ദുരിതബാധിത ജില്ലയായി വയനാടിനെ പ്രഖ്യാപിക്കുകയും കര്‍ഷകരുടെ മുഴുവന്‍ വായ്പകളും ആശ്രിതരുടെ വിദ്യാഭ്യാസ വായ്പകളുടെ മുഴുവന്‍ പലിശയും എഴുതിത്തള്ളി മൂന്ന് വര്‍ഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കര്‍ഷക സംരക്ഷണ സമിതി മുഖ്യമന്ത്രിക്കും കലക്ടര്‍ക്കും നിവേദനം നല്‍കി. വയനാടിനെ വീണ്ടും ശവപ്പറമ്പാക്കി മാറ്റാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 18ന് രാവിലെ 11ന് കലക്ടറേറ്റിന് മുന്നില്‍ സൂചനാ സത്യഗ്രഹസമരം നടത്തും. എന്‍സിപി സംസ്ഥാന സമിതി അംഗം സി എന്‍ ശിവരാമന്‍, തെക്കേടത്ത് മുഹമ്മദ്, സംരക്ഷണ സമിതി ജില്ലാ ചെയര്‍മാന്‍ കെ കുഞ്ഞിക്കണ്ണന്‍, ജനറല്‍ സെക്രട്ടറി കെ കെ രാജന്‍, എന്‍സിപി ജില്ലാ സെക്രട്ടറി വന്ദന ഷാജു പങ്കെടുത്തു.
Next Story

RELATED STORIES

Share it