Idukki local

കര്‍ഷക സംരക്ഷണത്തിന് നിയമ നിര്‍മാണം നടത്തണം ; റോഷി അഗസ്റ്റിന്‍ നിയമസഭയില്‍



തൊടുപുഴ : ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കും ലഭ്യമാക്കാന്‍ ഉതകുന്ന വിധത്തില്‍ നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. അഞ്ച് ഏക്കര്‍വരെ ഭൂമിയുള്ള കര്‍ഷകരുടെ മാസ വരുമാനം 5000 രൂപയാണ്. ഇത് കണക്കിലെടുത്താല്‍ ചെറുകിട കര്‍ഷകരുടെ ശരാശരി ദിവസവരുമാനം 166 രൂപ മാത്രമാണ്. വിദ്യാര്‍ഥികളുടെ പഠനം, ചികിത്സാ  ചെലവുകള്‍ ദൈനംദിന വീട്ടാവശ്യങ്ങള്‍ ഇവയുടെ വര്‍ധനവ് സാധാരണ കര്‍ഷകരുടെ ജീവിത സാഹചര്യം ദുരിതപൂര്‍ണ്ണമാക്കിയിരിക്കുകയാണെന്ന് എം.എല്‍.എ. പറഞ്ഞു. ഇടുക്കിയിലെ സാധാരണ കര്‍ഷകരുടെ ജീവനോപാധി ക്ഷീരമേഖലയിലാണ്്. ഈ സാഹചര്യത്തില്‍ ക്ഷീര കര്‍ഷകരെ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കണം. നിലവില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് എം.എല്‍.എ.യുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് സ്മാര്‍ട്ട് ക്ലാസ് റൂം നല്‍കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കണമെന്നും റോഷി ആവശ്യപ്പെട്ടു.2017-18 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലേക്കുള്ള ഉപധനാഭ്യാര്‍ത്ഥനകളെ സംബന്ധിക്കുന്ന ധനവിനിയോഗ ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു എം.എല്‍.എ.
Next Story

RELATED STORIES

Share it