കര്‍ഷക പ്രക്ഷോഭം മാധ്യമശ്രദ്ധ നേടാനെന്ന് കേന്ദ്ര കാര്‍ഷിക മന്ത്രി

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരേ രാജ്യത്ത് ഉയര്‍ന്നുവന്ന കര്‍ഷക പ്രക്ഷോഭങ്ങളെ പരിഹസിച്ച് കേന്ദ്ര കൃഷിമന്ത്രി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം മാധ്യമശ്രദ്ധ നേടാനുള്ളതാണെന്നാണ് കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിങ് പറഞ്ഞത്. രാജ്യത്ത് 12 കോടിയിലധികം കര്‍ഷകര്‍ ഉണ്ട്. വിവിധ കര്‍ഷക സംഘടനകളുമുണ്ട്. മാധ്യമ ശ്രദ്ധ നേടുന്നതിനാണ് ഇവര്‍ സമരം ചെയ്യുന്നത്- മന്ത്രി പറഞ്ഞു.
മന്ത്രിയുടെ വിവാദപ്രസ്താവന പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ഉല്‍പന്നങ്ങള്‍ക്ക് ന്യായമായ വില ലഭ്യമാക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത്. കാര്‍ഷിക ഉല്‍പന്നങ്ങള്‍ റോഡുകളില്‍ തള്ളിയായിരുന്നു കര്‍ഷകരുടെ സമരം. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ വിവാദ പ്രസ്താവന.
ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മന്ത്രിമാരും കര്‍ഷക പ്രക്ഷോഭത്തിനെതിരേ നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറും മധ്യപ്രദേശിലെ കൃഷി മന്ത്രി ബാലകൃഷ്ണ പട്ടിദാറും കര്‍ഷക സമരങ്ങളെ പരിഹസിച്ച് കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് കര്‍ഷകര്‍ക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും അനാവശ്യ കാര്യങ്ങള്‍ക്കാണ് പ്രക്ഷോഭം നടത്തുന്നത് എന്നുമായിരുന്നു ആര്‍എസ്എസ് നേതാവായിരുന്ന ഹരിയാന മുഖ്യമന്ത്രിയുടെ പരിഹാസം.
സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും ഭരണത്തിനു കീഴില്‍ കര്‍ഷകര്‍ സംതൃപ്തരാണ് എന്നായിരുന്നു ബാലകൃഷ്ണ പട്ടിദാറിന്റെ പ്രസ്താവന.




Next Story

RELATED STORIES

Share it