Flash News

കര്‍ഷക പ്രക്ഷോഭം : കോണ്‍ഗ്രസ് നേതാക്കളെയും ഹര്‍ദിക് പട്ടേലിനെയും പോലിസ് തടഞ്ഞു



രത്‌ലം/നീമുച്: മധ്യപ്രദേശില്‍ കര്‍ഷകപ്രക്ഷോഭം തുടരുന്ന മന്‍സോറില്‍ സമരക്കാര്‍ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ യാത്രതിരിച്ച കോണ്‍ഗ്രസ് നേതാക്കളായ ജോതിരാദിത്യ സിന്ധ്യ, കാന്തിലാല്‍ ഭൂരിയ, ഗുജറാത്തിലെ പട്ടേല്‍ സംവരണ സമര നേതാവ് ഹര്‍ദിക് പട്ടേല്‍ എന്നിവരെ പോലിസ് അറസ്റ്റ്‌ചെയ്തു നീക്കി. രത്‌ലമിലെ നയാഗോണ്‍ ജഓറ ടോള്‍ ബൂത്തില്‍ വച്ചാണ് ഇവര്‍ അറസ്റ്റിലായത്. കോണ്‍ഗ്രസ് എംഎല്‍എ മഹേന്ദ്രസിങ് കാലുഖേദയെയും നിരവധി പാര്‍ട്ടി പ്രവര്‍ത്തകരെയും മധ്യപ്രദേശ് പോലിസ് അറസ്റ്റുചെയ്തു നീക്കി. കരുതല്‍ നടപടിയെന്ന നിലയില്‍ ക്രിമിനല്‍ നടപടിച്ചട്ടം 151ാംവകുപ്പ് പ്രകാരമാണ് അറസ്റ്റെന്ന് സിറ്റി പോലിസ് സൂപ്രണ്ട്(സിഎസ്പി)ദീപക് ശുക്ല പറഞ്ഞു. മന്‍സോറില്‍ 144ാംവകുപ്പ് പ്രഖ്യാപിച്ചിരുന്നതായി കോണ്‍ഗ്രസ് നേതാക്കളോട് പറഞ്ഞിരുന്നെന്നും എന്നാല്‍, അവര്‍ നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചതായും രത്‌ലം എസ്പി അമിത് സിങ് പ്രതികരിച്ചു. നീമുച് ജില്ലയിലെ നയാഗാവിലാണ് ഹര്‍ദിക് പട്ടേലിനെ മധ്യപ്രദേശ് പോലിസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനു ശേഷം ജാമ്യത്തിലിറങ്ങിയ ഹര്‍ദികിനേയും കത്യാറിനേയും പോലിസ് ജീപ്പില്‍ സംസ്ഥാനഅതിര്‍ത്തി കടത്തിവിട്ടതായും ദിവാന്‍ അറിയിച്ചു. അതേസമയം കര്‍ഷക പ്രക്ഷോഭത്തിനിടെ പോലിസ് സ്‌റ്റേഷന്‍ കത്തിക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചതിന് കോണ്‍ഗ്രസ് എംഎല്‍എ ശകുന്തള ഖതിക്കിനെതിരേ കേസെടുത്തു. പോലിസ് സ്‌റ്റേഷന് തീവയ്ക്കാന്‍ എംഎല്‍എ ആഹ്വാനം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
Next Story

RELATED STORIES

Share it