Idukki local

കര്‍ഷക കുടുംബത്തില്‍ നിന്ന് സിവില്‍ സര്‍വീസിലേക്ക് അര്‍ജുന്‍ പാണ്ഡ്യന്‍



മുഹമ്മദ് അന്‍സാരി

വണ്ടിപ്പെരിയാര്‍: കഠിനാദ്ധ്വാനത്തിലൂടെയും നിരന്തര പരിശീലനത്തിലൂടെയും അര്‍ജുന്‍ പാണ്ഡ്യന്‍ നേടിയെടുത്തത് സിവില്‍ സര്‍വീസ് പരീക്ഷയി ല്‍ തിളക്കമാര്‍ന്ന വിജയം. യു.പി.എസ്.സി സിവില്‍ സര്‍വീസ് പരീക്ഷയില്‍ ചരിത്രത്തിലാദ്യമായി തോട്ടം മേഖലയില്‍ നിന്നും സിവില്‍ സര്‍വ്വീസ് എന്ന തിളക്കമാര്‍ന്ന വിജയമാണ് ഏലപ്പാറ സ്വദേശി അര്‍ജുനനെ തേടിയെത്തിയത്. 248ാം റാങ്കാണ് ഈ മിടുക്കന്‍ കരസ്ഥമാക്കിയത്. കര്‍ഷകനായ  പാണ്ഡ്യനും അങ്കണവാടി ടീച്ചറായ ഉഷാകുമാരി യുടെയും രണ്ട് മക്കളില്‍ മൂത്തയാളാണ് അര്‍ജുന്‍. തോട്ടം കാര്‍ഷിക മേഖലയായ  പീരുമേട്ടിലായിരുന്നു  ഈ ചെറുപ്പക്കാരന്റെ സ്‌കൂള്‍ ജീവിതം. ഏഴാം ക്ലാസുവരെ കുട്ടിക്കാനത്തും പത്താം ക്ലാസുവരെ പീരുമേട് സ്‌കൂളിലുമായിരുന്നു അര്‍ജുന്‍ പഠിച്ചത് . പത്താം ക്ലാസില്‍ 87% മാര്‍ക്കുണ്ടായിരുന്നു. പിന്നീടുള്ള പ്ലസ്ടു പഠനം  കിളിമാനൂര്‍ ഗവണ്‍മെന്റ് സ്‌കൂളിലും, എഞ്ചിനീയറിംഗ് പഠനം കൊല്ലം ടി.കെ.എം  കോളജിലുമായിരുന്നു .പ്ലസ് ടുവിന് 96%വും ബി.ടെക്കിന് 76%വുമായിരുന്നു മാര്‍ക്ക്. പഠനത്തിനു ശേഷം  എറണാകുളത്തെ  സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുമ്പോഴാണ് അര്‍ജുന് സിവില്‍ സര്‍വീസ് എന്ന മോഹം മനസിലുദിച്ചത്.പഠനത്തിന് ശേഷം സ്വന്തം കാലില്‍ നിന്നും ജീവിതമാരംഭിച്ചപ്പോഴുണ്ടായ മനോധൈര്യം ആ ചെറുപ്പക്കാരനു നല്കിയ ആത്മവിശ്വാസം ചെറുതല്ലായിരുന്നു. മനസിനു കൂട്ടായിരുന്ന ആത്മവിശ്വാസത്തോടെ ജോലി രാജിവച്ച് രണ്ട് വര്‍ഷം ജോലിയെടുത്ത സമ്പാദ്യവുമായി തലസ്ഥാന നഗരിയിലെ സിവില്‍ സര്‍വീസ്  അക്കാഡമി അര്‍ജു ന്‍ മുമ്പോട്ടുള്ള പഠനത്തിനായി തിരഞ്ഞെടുത്തു.കൂടുതല്‍ സമയം തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാഡമിയും ഒരു സ്വകാര്യ സ്ഥാപനവുമായിരുന്നു അര്‍ജുന്റെ പരിശീലന കേന്ദ്രങ്ങള്‍. രണ്ടാം തവണയാണ് അര്‍ജുന്‍ സിവില്‍ സര്‍വീസ് പരീക്ഷയെഴുതുന്നത്. കഴിഞ്ഞ തവണ പ്രിലിമിനറി പാസായെങ്കിലും മെയിന്‍ പരിക്ഷയില്‍ വിജയിക്കാനായില്ല. എഞ്ചിനീയറിംഗ് പഠനം മുതല്‍ക്കൂട്ടായ അര്‍ജുന്റെ മെയില്‍ പരീക്ഷയിലെ  ഐച്ഛിക വിഷയം ജിയോഗ്രഹി ആയിരുന്നു. തിരുവനന്തപുരത്തെ നിഖില്‍ സാറിന്റെ ശിക്ഷണത്തിലായിരുന്നു ജിയോഗ്രഫി പഠനം. ഇപ്പോള്‍ തിരുവനന്തപുരത്തുള്ള അര്‍ജുന്‍ ശനിയാഴ്ച നാട്ടിലെത്തുമ്പോള്‍ വന്‍ സ്വീകരണമാണ് പീരുമേട് നിവാസികള്‍ നാടിന്റെ അഭിമാനമായ അര്‍ജുനായി ഒരുക്കിയിരിക്കുന്നത്.അനുഷ സഹോദരിയാണ്.
Next Story

RELATED STORIES

Share it