കര്‍ഷക ആത്മഹത്യകളുടെ ഉറവിടം

പ്രഫ. കെ അരവിന്ദാക്ഷന്‍

സ്വാതന്ത്ര്യം നേടി ആറു പതിറ്റാണ്ടിലേറെ പിന്നിടുകയും നിരവധി പഞ്ചവല്‍സരപദ്ധതികള്‍ പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്തതിനു ശേഷവും ഇന്നും ഒരു കാര്‍ഷിക രാജ്യമായി തുടരുകയാണ് ഇന്ത്യ. ജിഡിപി വര്‍ധനയിലൂടെയുള്ള വരുമാനത്തിനു പുറമേ, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും പ്രത്യക്ഷമായോ പരോക്ഷമായോ നിര്‍ണായക പങ്കുവഹിക്കുന്ന മേഖലയാണ് ഇവിടെ കാര്‍ഷിക-അനുബന്ധ മേഖലകള്‍. രണ്ടാമത്തെ വികസനമേഖലയായ വ്യവസായമേഖലയുടെയും മൂന്നാമത്തെ വികസനമേഖലയായ സേവനമേഖലയുടെയും വളര്‍ച്ചയുടെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നത് കൃഷി എന്ന അടിസ്ഥാന മേഖല തന്നെയാണ്.
ഈ മേഖലയാണ് ഏതാനും വര്‍ഷങ്ങളായി കടുത്ത അവഗണനയും ഗുരുതരമായ പ്രതിസന്ധിയും നേരിടേണ്ടിവന്നിരിക്കുന്നത്. ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ മാത്രമല്ല, പ്രാദേശിക പാര്‍ട്ടികളും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ഗ്രാമീണ-കാര്‍ഷിക മേഖലയ്ക്കുള്ള നിര്‍ണായക സ്ഥാനം ഉയര്‍ത്തിക്കാട്ടുന്നുമുണ്ട്. കര്‍ഷക ആത്മഹത്യകള്‍ ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളില്‍ നിന്നു റിപോര്‍ട്ട് ചെയ്യപ്പെടാത്ത ദിവസങ്ങളില്ല.
ഇന്ത്യയിലെ ഏഴു സംസ്ഥാനങ്ങളിലെങ്കിലും കര്‍ഷക ആത്മഹത്യകള്‍ ഒരു സ്ഥിരം പ്രതിഭാസമായി മാറിയിരിക്കുകയാണ്. വരള്‍ച്ചയാണ് ഇതില്‍ പ്രധാന വില്ലനായിരിക്കുന്നത്. ഏറ്റവും ഒടുവിലത്തെ ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നത്, 1965-66നു ശേഷം ഇതാദ്യമായിട്ടാണ് വരള്‍ച്ചയുടെ കാര്യത്തില്‍ ഇന്ത്യ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും പ്രതിസന്ധിയിലായിരിക്കുന്നത്. മഴ പിഴച്ചതിനെ തുടര്‍ന്ന് 295 ജില്ലകളെങ്കിലും ഗുരുതരമായ വരള്‍ച്ചാ പ്രതിസന്ധിയിലാണ്. മൊത്തം 130 കോടി ഇന്ത്യന്‍ ജനതയില്‍ 50 കോടി പേരെങ്കിലും വരള്‍ച്ചാദുരന്തത്തില്‍ അകപ്പെട്ടിരിക്കുകയാണെങ്കില്‍, 40 ശതമാനം കൃഷിഭൂമിയും ഇതേ പ്രശ്‌നം നേരിടുന്നുണ്ട്.
മുകളില്‍ സൂചിപ്പിച്ച വിധത്തിലുള്ളൊരു ബഹുമുഖ പ്രതിസന്ധി നിലവിലിരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രമുഖ തിരഞ്ഞെടുപ്പു പ്രവചന ശാസ്ത്രജ്ഞനും മാധ്യമപ്രവര്‍ത്തകനും മാത്രമല്ല, ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളിലൊരാളുമായിരുന്ന യോഗേന്ദ്ര യാദവ് സ്വരാജ് അഭിയാന്‍ പ്രസ്ഥാനത്തിന്റെ ബാനറില്‍, ഇന്ത്യന്‍ കാര്‍ഷിക മേഖലയെ കാര്‍ന്നുതിന്നുന്ന പ്രതിസന്ധിയെക്കുറിച്ച് നേരിട്ടറിയാനും വിവരശേഖരണം നടത്തി റിപോര്‍ട്ട് തയ്യാറാക്കി പ്രസിദ്ധീകരിക്കാനും നടത്തുന്ന സംവേദന്‍ യാത്ര എന്ന പരിപാടി പരിശോധിക്കപ്പെടേണ്ടത്.
2015 ഒക്ടോബര്‍ 2നു ഗാന്ധിജയന്തി ദിനത്തില്‍, കര്‍ണാടക സംസ്ഥാനത്തെ ഹാന്‍ചിനാല്‍ ഗ്രാമത്തില്‍ നിന്നാരംഭിച്ച ഈ വസ്തുതാ ശേഖരണ യാത്ര ഒക്ടോബര്‍ 15നു ഹരിയാനയിലെ ദിവാനി ഗ്രാമത്തില്‍ അവസാനിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ അഞ്ചു സംസ്ഥാനങ്ങളില്‍ പെടുന്ന 25 വരള്‍ച്ചബാധിത ജില്ലകളിലൂടെ കടന്നുപോവുകയെന്നതാണ് പദ്ധതി. ഇതേത്തുടര്‍ന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വസ്തുനിഷ്ഠമായൊരു പഠനം നടത്തി പരിഹാര നിര്‍ദേശങ്ങളും അധികൃതര്‍ക്ക് എത്തിച്ചുകൊടുക്കുകയും അതൊക്കെ പൊതുജനശ്രദ്ധയിലാക്കുകയും ചെയ്യും.
''കര്‍ഷക ആത്മഹത്യ എന്ന ദുരന്തത്തിലേക്ക് ദേശീയ ശ്രദ്ധ ക്ഷണിക്കുകയെന്നതാണ് യാത്രയുടെ പ്രഖ്യാപിത ലക്ഷ്യം. ഒരു ഭൂകമ്പമോ വെള്ളപ്പൊക്കമോ പൊട്ടിപ്പുറപ്പെടുമ്പോള്‍ അത് ദേശീയ ദുരന്തമായി രൂപാന്തരപ്പെടുന്നു. സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും സ്വമേധയാ ഉള്ള പ്രതികരണം വന്‍തോതില്‍ നടക്കുന്നു. എന്നാല്‍, ഇതിലേറെ ദുരന്തപൂര്‍ണമായ പ്രതിഭാസമായ വരള്‍ച്ച വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോവുകയും ചെയ്യുന്നു. ഈ അവഗണന അഥവാ ഇരട്ടത്താപ്പ് അവസാനിപ്പിച്ചേ തീരൂ. ഇതിന് അവശ്യം വേണ്ടത് ഈ ദുരന്തത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും ബാഹ്യതലസ്പര്‍ശി മാത്രമായി അവശേഷിക്കാത്തൊരു പരിഹാര മാതൃക രൂപപ്പെടുത്തുകയും ചെയ്യുകയാണ്.'' യോഗേന്ദ്ര യാദവിന്റെ ഈ വാക്കുകള്‍ക്കപ്പുറം ഈ യാത്രയുടെ ലക്ഷ്യങ്ങള്‍ വ്യക്തമാക്കപ്പെടേണ്ടതുണ്ടെന്നു തോന്നുന്നില്ല.
തുറന്ന വേദികളില്‍ തെളിവെടുപ്പ് നടത്തി ശേഖരിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച് റിപോര്‍ട്ട് തയ്യാറാക്കുകയും അതു സമൂഹമധ്യത്തില്‍ എത്തിക്കുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ നിന്നു കര്‍ഷകര്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നത് നദികളുടെ അഭാവം മൂലമല്ല. വര്‍ഷം മുഴുവന്‍ വിനിയോഗിക്കാന്‍ പര്യാപ്തമായ നദീജലം സുലഭമായുണ്ടെങ്കില്‍ത്തന്നെയും ഏതാനും ലക്ഷം രൂപ മാത്രം മുടക്കി ജലം സംഭരിച്ച് കൃഷിയാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാവുന്നതേയുള്ളൂ എന്ന വസ്തുത കണക്കിലെടുക്കപ്പെടുന്നില്ല. ഭൂഗര്‍ഭജലവും വേണ്ടത്ര ഉണ്ടെങ്കിലും അത് കര്‍ഷകര്‍ക്ക് കൃത്യമായി ലഭ്യമാക്കാന്‍ സൗകര്യമില്ലെന്നതാണ് മറ്റൊരു പ്രശ്‌നം.
കര്‍ണാടകയിലെ റെയ്ച്ചൂര്‍ ജില്ലയില്‍ നിരന്തരമായി മഴ ലഭ്യമാവുന്നുവെങ്കിലും അത് ശേഖരിച്ച് വരള്‍ച്ച നേരിടുന്ന കര്‍ഷകര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ സംവിധാനമില്ല. മഴ കിട്ടുമെന്ന ധാരണയില്‍ മഴക്കാലത്ത് കടം വാങ്ങിയ വിത്തും വളവും വിനിയോഗിച്ച് കൃഷിയിറക്കുന്ന കര്‍ഷകര്‍ കൃഷിപ്പിഴ നേരിടേണ്ടിവരുന്നു. കടക്കെണിയില്‍ അകപ്പെടുന്ന ഈ കര്‍ഷകര്‍ക്ക് ആത്മഹത്യയല്ലാതെ വേറെ മാര്‍ഗമില്ല. ഇത്തരമൊരനുഭവം യാദവ് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. കടത്തില്‍ കുടുങ്ങിയ റെയ്ച്ചൂരിലെ വെങ്കിടേഷ് എന്നൊരു കര്‍ഷകന്‍ ഇക്കഴിഞ്ഞ സപ്തംബറില്‍ ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് അയാളുടെ ഭാര്യ 50,000 രൂപ വരുന്ന കടബാധ്യത ഏറ്റെടുക്കേണ്ടിവന്നിരിക്കുന്നു. നാലു പിഞ്ചുകുഞ്ഞുങ്ങളുടെ അമ്മയായ പാര്‍വതി എന്ന ഈ കുടുംബിനി നഷ്ടപരിഹാരത്തിനായി മുട്ടാത്ത വാതിലുകളില്ലെങ്കിലും നാളിതുവരെയായി ഒന്നും ഫലവത്തായിട്ടില്ല.
കിണറുകള്‍ മാത്രമല്ല, കുഴല്‍ക്കിണറുകളും വറ്റിവരണ്ടിരിക്കുന്നു. കര്‍ണാടക സംസ്ഥാനത്ത് ഏതാനും ഗ്രാമീണ കര്‍ഷകര്‍ നേരിടുന്ന ജലലഭ്യതാ പ്രതിസന്ധിക്കു പരിഹാരം കണ്ടെത്താന്‍ ബംഗളൂരു നഗരത്തിലെ ഇടത്തരം സമ്പന്നവര്‍ഗ കുടുംബങ്ങളുടെ പ്രതിമാസ വരുമാനത്തിന്റെ നേരിയൊരു ഭാഗം മാത്രം മതിയാവുമെന്നാണ് യോഗേന്ദ്ര യാദവ് പറയുന്നത്.
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി ഈ പ്രശ്‌നത്തിനുകൂടി പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ തുടക്കംകുറിച്ചതാണെങ്കിലും പദ്ധതിനടത്തിപ്പില്‍ വന്ന വീഴ്ചകളാണ് പ്രശ്‌നം സങ്കീര്‍ണമാക്കിയിരിക്കുന്നത്. വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ ബാങ്ക് വായ്പ ലഭ്യമല്ലാത്തതിനാല്‍ കര്‍ഷകര്‍ ബ്ലേഡുകാരുടെ ചൂഷണത്തിനു വിധേയരാക്കപ്പെടുന്നു. കര്‍ണാടകയിലെ ഒരു കര്‍ഷകന്‍ സ്വന്തമായ അഞ്ചേക്കര്‍ ഭൂമിക്കു പുറമേ 20 ഏക്കര്‍ പാട്ടഭൂമിയിലും കൃഷിയിറക്കുന്നതിനു രണ്ടു ലക്ഷം രൂപ ഹുണ്ടികക്കാരില്‍ നിന്നു കടം വാങ്ങിയത് 36 ശതമാനം പലിശനിരക്കിലാണത്രേ.
കോര്‍പറേറ്റുകളുടെ കിട്ടാക്കടം 'ശരിപ്പെടുത്താന്‍' കടബാധ്യതാ പുനസ്സംഘടനയ്ക്ക് തിടുക്കം കാട്ടുന്ന ആര്‍ബിഐയും മുന്‍ കേന്ദ്ര സര്‍ക്കാരുകളും ഇന്നത്തെ മോദി സര്‍ക്കാരും കര്‍ഷകരോടെന്തേ ഈ ഔദാര്യം കാട്ടാത്തത്? യാദവ് ഉന്നയിക്കുന്ന ന്യായമായ സംശയമാണിത്. കര്‍ഷക കുടുംബങ്ങളിലുള്ള കന്നുകാലികളുടെ കാര്യം അതിലേറെ ദയനീയമാണ്. അവയ്ക്ക് മതിയായ ഭക്ഷണമോ കുടിക്കാന്‍ വെള്ളമോ കിട്ടുന്നില്ല. ഗോസംരക്ഷണത്തിന്റെ മറവില്‍ മനുഷ്യരെ കൊല്ലുന്നവര്‍ക്ക് ഇതേപ്പറ്റി മിണ്ടാട്ടമില്ലാത്തതെന്ത്?
വിളവെടുപ്പു മാതൃകയില്‍ തന്നെ കാലാവസ്ഥാ വ്യതിയാനത്തിന് അനുസൃതമായ മാറ്റം അനിവാര്യമായിരിക്കുന്നു. വിളനാശത്തിനുള്ള നഷ്ടപരിഹാരത്തിലും കാലാനുസൃതമായ മാറ്റം കൂടിയേ തീരൂ. ശാസ്ത്ര-സാങ്കേതിക മേഖലകളിലെ പുതിയ സങ്കേതങ്ങള്‍ വിനിയോഗിക്കേണ്ടത് അടിസ്ഥാന വികസന മേഖലയായ കൃഷിയിലും ഒഴിവാക്കാനാവില്ല. സാറ്റലൈറ്റ് സാങ്കേതികവിദ്യയാണ് വിളവിറക്കലിനുള്ള അനുയോജ്യമായ സമയം കണ്ടെത്തുന്നതിന് ഉപയോഗിക്കേണ്ടത്. നഷ്ടപരിഹാരം തിട്ടപ്പെടുത്തുന്നതിനു നിലവില്‍ പിന്തുടര്‍ന്നുവരുന്ന മാര്‍ഗവും ശരിയല്ല.
കര്‍ഷകര്‍ സര്‍ക്കാരിനെയും കോര്‍പറേറ്റുകളെയും നിരന്തരം ആശ്രയിക്കുന്നതിനു പകരം സ്വന്തമായ കൃഷിരീതികള്‍ സ്വീകരിക്കാന്‍ സന്നദ്ധരാവണം. ഉയര്‍ന്ന മേനിയുള്ള വിത്തിനങ്ങള്‍ക്കും രാസവളങ്ങള്‍ക്കും കീടനാശിനികള്‍ക്കും പകരം വിത്തിറക്കലിനു സാധാരണ സംവിധാനങ്ങളും ജൈവ കൃഷിരീതികളും ആവിഷ്‌കരിക്കുകയാണ് കരണീയമായിട്ടുള്ളത്. കര്‍ഷക സമൂഹം സ്വയം സംഘടിച്ച് സര്‍ക്കാരുമായി വിലപേശലിനു തയ്യാറായാല്‍, അവരുടെ ആവലാതികള്‍ കേള്‍ക്കാനും അവയ്ക്ക് പരിഹാരം കണ്ടെത്താനും ഭരണകൂടങ്ങളും തയ്യാറാവും.
യോഗേന്ദ്ര യാദവ് മോദി സര്‍ക്കാരിനു മുമ്പില്‍ ഉയര്‍ത്തുന്ന ഒരു വെല്ലുവിളി എന്താണെന്നോ? ''സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഏഴാമത് ശമ്പള കമ്മീഷനു രൂപം നല്‍കാന്‍ തയ്യാറെടുക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി ആദ്യമായൊരു ശമ്പള കമ്മീഷനു രൂപം നല്‍കാന്‍ തയ്യാറാവുമോ'' എന്നതാണ് വെല്ലുവിളി.
Next Story

RELATED STORIES

Share it