കര്‍ഷകവിരുദ്ധ നടപടി: പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്നലെയും നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. വിഷയം ചൂണ്ടിക്കാട്ടി കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണി ഉന്നയിച്ച അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കു സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു ഇറങ്ങിപ്പോക്ക്.
യുഡിഎഫിന് പിന്നാലെ കേരള കോണ്‍ഗ്രസ്, ബിജെപി കക്ഷികളും വാക്കൗട്ടുമായി സഹകരിച്ചു. അടിയന്തര പ്രമേയ നോട്ടീസ് അവതരണത്തിനിടെ കേരള കോണ്‍ഗ്രസ്സും സിപിഐയും തമ്മിലുള്ള ശീതസമരം വെളിപ്പെട്ടതും ശ്രദ്ധേയമായി. കേരളത്തിലാണ് ഏറ്റവുമധികം കര്‍ഷക ആത്മഹത്യ നടക്കുന്നതെന്ന കെ എം മാണിയുടെ ആരോപണം കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ രൂക്ഷമായി വിമര്‍ശിച്ചതോടെയാണു സിപിഐയുടെ മനോഭാവം പുറത്തുവന്നത്. ഇതിനെ മാണി ചോദ്യംചെയ്ത് കേരള കോണ്‍ഗ്രസ് നിലപാടും വ്യക്തമാക്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി 22 മാസം കഴിയുമ്പോള്‍ സംസ്ഥാനത്ത് ഒരു കര്‍ഷകന്‍ പോലും ആത്മഹത്യ ചെയ്തിട്ടില്ലെന്നു സുനില്‍കുമാര്‍ പറഞ്ഞു. അതേസമയം മുന്‍ സര്‍ക്കാരിന്റെ കാലത്ത് 61 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. മാനന്തവാടിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തതു കടബാധ്യതയെ തുടര്‍ന്നാണോയെന്ന് അറിവായിട്ടില്ല. ഇതു സംബന്ധിച്ച് വയനാട് കലക്ടറോട് റിപോര്‍ട്ട് തേടിയിട്ടുണ്ട്. രാജ്യത്ത് കര്‍ഷക ആത്മഹത്യ നടക്കുന്ന സംസ്ഥാനങ്ങളെക്കുറിച്ച് കേന്ദ്ര ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ തയ്യാറാക്കിയ റിപോര്‍ട്ടില്‍ കേരളമില്ലെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിനു സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം വാക്കൗട്ട് നടത്തി. റബര്‍ കര്‍ഷകരുടെ മിശിഹയായ മാണിയുടെ കാലത്താണ് റബര്‍വില സ്ഥിരതാ പദ്ധതിയിലെ കര്‍ഷകരുടെ കുടിശ്ശിക വര്‍ധിച്ചതെന്നും സംഘപരിവാരത്തിനെ വെള്ളപൂശാന്‍ വേണ്ടി അവരുടെ പത്രം അദ്ദേഹം ഉപയോഗിച്ചെന്നുമുള്ള മന്ത്രിയുടെ പരാമര്‍ശമാണു മാണിയെ ചൊടിപ്പിച്ചത്. സുനില്‍കുമാര്‍ കുറച്ചു കൂടി പ്രതിപക്ഷ ബഹുമാനം കാട്ടണമെന്ന മാണിയുടെ മറുപടി സിപിഐയെ ലക്ഷ്യമിട്ടായിരുന്നു. മഹാരാഷ്ട്രയില്‍ സിപിഎം സംഘടിപ്പിച്ച ലോങ് മാര്‍ച്ചിനെ അഭിനനന്ദിച്ച മാണി കര്‍ഷകരോടുള്ള ആ വികാരം മാര്‍ക്‌സിസ്റ്റ് കേരളത്തിലും പ്രകടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യ പെരുകുകയാണ്. തൃശൂരിലും വയനാട്ടിലും അടക്കം സമീപകാലത്തു കേരളം കര്‍ഷക ആത്മഹത്യക്ക് സാക്ഷിയായി. വിദര്‍ഭയേക്കാള്‍ കര്‍ഷക ആത്മഹത്യ നടക്കുന്ന നാടായി കേരളം മാറുകയാണെന്നും മാണി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് കൂടുതല്‍ കര്‍ഷക ആത്മഹത്യ നടന്നതു വി എസ് സര്‍ക്കാരിന്റെ കാലത്താണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം മുഖ്യമന്ത്രി ചോദ്യംചെയ്തു. ആന്റണി സര്‍ക്കാരിന്റെ കാലത്തു നടന്ന ആത്മഹത്യകള്‍ വിഎസ് സര്‍ക്കാര്‍ കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ രൂപീകരിച്ചതോടെ കുറച്ചുകൊണ്ടുവരാനായെന്നു പിണറായി പറഞ്ഞു. വാചകക്കസര്‍ത്തല്ലാതെ കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നു ചെന്നിത്തല പറഞ്ഞു.
Next Story

RELATED STORIES

Share it