palakkad local

കര്‍ഷകര്‍ നിര്‍ദേശം പാലിച്ച് കൃഷിയിറക്കണം

ആലത്തൂര്‍: കര്‍ഷകര്‍ രണ്ടാം വിളയ്ക്ക് നിലമൊരുക്കല്‍ തുടങ്ങി. ആലത്തൂര്‍, കാവശ്ശേരി, എരിമയൂര്‍ പഞ്ചായത്തുകളിലാണ് കര്‍ഷകര്‍ രണ്ടാം വിളയ്ക്ക് നിലമൊരുക്കല്‍ തുടങ്ങിയത്. വയലുകളിലേക്ക് വെള്ളം കയറ്റലും ഞാറ്റടി തയ്യാറാക്കലും നടീലും വിതയും ഏകീകരിക്കണമെന്ന് കൃഷി വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു. കാലാവസ്ഥ വ്യതിയാനം പ്രവചനാതീതമായതിനാല്‍ കര്‍ഷകര്‍ കൃഷിഭവനുകളില്‍ നിന്നുള്ള നിര്‍ദേശം കൃത്യമായി പാലിക്കണം. കൃത്യമായ കീടനാശിനി വളപ്രയോഗം നടത്തുന്നതും യഥാസമയം കനാല്‍ വെള്ളം കയറ്റുന്നതും ഇറക്കുന്നതും ഗുണകരമാണ്.
ഒരേ സമയത്ത് പാടങ്ങളില്‍ യന്ത്രമിറക്കി കൊയ്ത്ത് നടത്താനും കഴിയും. മൂപ്പ് കുറഞ്ഞ വിത്തിനങ്ങള്‍ ഉപയോഗിക്കണം. ഒരുപാടശേഖരത്തില്‍ പല മൂപ്പുള്ള ഇനങ്ങള്‍ പാടില്ല. പ്രളയത്തേയും ഓല കരച്ചിലിനെയും കരുതിയിരിക്കണം. ഓലകരിച്ചില്‍ ഒന്നാം വിളയ്ക്കുണ്ടാക്കിയ മാറ്റം ചില്ലറയല്ല. ഓലകരിച്ചിലിന് കാരണമായ ബാക്ടീരിയ മണ്ണിലും വിത്തിലും കളയിലും മൂന്നു മാസം വരെ സജീവമായിരിക്കും. അടുത്ത വിളയിലേക്ക് രോഗം പകരം സാധ്യതയുണ്ട്. പ്രളയജലം മണ്ണിലെ മൂലകങ്ങളുടെ അളവില്‍ മാറ്റങ്ങളുണ്ടാക്കി.മൂലകങ്ങളുടെ അപര്യാപ്തത പരിഹരിക്കണം.
വൈക്കോ ല്‍ ഉഴുതുമറിക്കണം. ഒന്നാം വിളകൊയ്ത പാടം ഉഴുത് വൈക്കോല്‍ മണ്ണിനോട് ചേര്‍ക്കണം. ഇതുവഴി സിലിക്കണ്‍, പൊട്ടാസ്യം എന്നീ മൂലകങ്ങള്‍ മണ്ണിലെത്തും. വൈക്കോലില്‍ ഉയര്‍ന്ന അളവിലുള്ള കാര്‍ബണ്‍, നൈട്രജന്‍ അനുപാതം മണ്ണിലെ ജൈവ കാര്‍ബണ്‍ ശേഖരത്തെ സമ്പുഷ്ടമാക്കും.
വൈക്കോല്‍ ഉഴുതു മറിക്കുമ്പോള്‍ ഏക്കറിന് 10 കിലോഗ്രാം യൂറിയ ചേര്‍ക്കുന്നത് ജൈവ വിഘടനത്തിലൂടെ നൈട്രജന്റെ അളവ് കുറയുന്നത് പരിഹരിക്കും. നടീലിനു മുമ്പ് ഉഴുതു മറിക്കുമ്പോള്‍ ഏക്കറിന് 240 കിലോഗ്രാമെന്ന നിലയില്‍ കുമ്മായം ചേര്‍ക്കണം. വാരിപ്പ്, ഓലകരിച്ചില്‍ രോഗങ്ങള്‍ ഉമ, ജ്യോതി ഇനങ്ങളെ ഒന്നാം വിളക്കാലത്ത് വ്യാപകമായി ബാധിച്ചു.
രണ്ട് രോഗങ്ങളും വിത്തുവഴി പകരും. ബീജാമൃതം, സ്യുഡൊമൊണസ് എന്നിവ ഉപയോഗിച്ച് വിത്ത് പരിചരിച്ച ശേഷമേ വിതയ്ക്കാവൂ. നാടന്‍ പശുവിന്റെ അഞ്ച് കിലോഗ്രാം ചാണകം കിഴികെട്ടി 20 ലിറ്റര്‍ വെള്ളത്തില്‍ 12 മണിക്കൂര്‍ മുക്കിയിടുക.
കിഴി മൂന്നു തവണ നന്നായി പിഴിഞ്ഞു കിട്ടുന്ന ലായനിയിലേക്ക് അഞ്ച് ലിറ്റര്‍ ഗോമൂത്രം, കൃഷിയിടത്തില്‍ നിന്നെടുത്ത അര കിലോഗ്രം മണ്ണ് എന്നിവ ചേര്‍ത്തിളക്കുക. ഒരു ലിറ്റര്‍ വെള്ളത്തില്‍ ചുണ്ണാമ്പ് കലക്കി ഒരു രാത്രി സൂക്ഷിച്ച ലായനി ചാണകവെള്ളത്തില്‍ കലര്‍ത്തുക. ഇതാണ് ബീജാമൃതം. ഒരു കിലോ വിത്തിന് പത്ത് ഗ്രാം സ്യുഡൊമൊണസ് കൂടി ബീജാമൃതത്തില്‍ ചേര്‍ത്ത് വിത്തു പരിചരണം നടത്താം. ഏക്കറിന് 100 കിലോഗ്രാം വേപ്പിന്‍ പിണ്ണാക്ക്, 100 കിലോഗ്രാം ചാണകപ്പൊടിയോ കമ്പോസ് റ്റോ ഒരു കിലോഗ്രാം വീതം പിജിപിആര്‍ മിശ്രിതം, സ്യുഡൊമൊണസ്, നാല് കിലോ മാം മൈക്കോ റൈസ എന്നിവ അടിവളമായി നല്‍കണം.

Next Story

RELATED STORIES

Share it