Flash News

കര്‍ഷകര്‍ കൊല്ലപ്പെട്ടത് പോലിസ് വെടിവയ്പില്‍ : സര്‍ക്കാര്‍

കര്‍ഷകര്‍ കൊല്ലപ്പെട്ടത് പോലിസ് വെടിവയ്പില്‍ : സര്‍ക്കാര്‍
X


ന്യൂഡല്‍ഹി: മധ്യപ്രദേശിലെ മാന്‍—ദാസൗറില്‍ പ്രക്ഷോഭത്തിനിടെ അഞ്ചു കര്‍ഷകര്‍ കൊല്ലപ്പെട്ടത് പോലിസിന്റെ വെടിയേറ്റിട്ടാണെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ സമ്മതിച്ചു. കൊല്ലപ്പെട്ടത് പോലിസ് വെടിവയ്പിലാണെന്ന് ഉറപ്പില്ലെന്ന മുന്‍നിലപാട് തിരുത്തിയാണ് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്രസിങ് പോലിസ് വെടിവയ്പിലാണ് മരിച്ചതെന്ന് സമ്മതിച്ചത്. ഇക്കാര്യം അന്വേഷണത്തില്‍ സ്ഥിരീകരിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രദേശത്ത് സന്ദര്‍ശനം നടത്താനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പോലിസ് വഴിയില്‍ അറസ്റ്റ് ചെയ്തു. വെടിവയ്പ് നടന്ന സ്ഥലത്തേക്ക് പോകവേ വഴിയില്‍ വച്ചായിരുന്നു അറസ്റ്റ്. എന്തുകൊണ്ടാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അറിയില്ലെന്നും ഉത്തര്‍പ്രദേശില്‍ ചെയ്തതുപോലെയാണ് തന്നോട് ഇവിടെയും പോലിസ് ചെയ്തതെന്നും രാഹുല്‍ പറഞ്ഞു. പ്രശ്‌നം നടന്ന സ്ഥലം സന്ദര്‍ശിക്കാന്‍ രാഹുല്‍ഗാന്ധി—ക്ക് പോലിസ് അനുമതി നിഷേധിച്ചിരുന്നു. രാജസ്ഥാനിലെ ഉദയ്പൂരില്‍ നിന്ന് ചിറ്റോര്‍ഗഡ് ജില്ലയിലെ നിംഹേദ പട്ടണത്തില്‍ മധ്യപ്രദേശ് അതിര്‍ത്തിക്ക് ഏഴു കിലോമീറ്റര്‍ അകലെ വച്ച് പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സചിന്‍ പൈലറ്റ്, മറ്റു നേതാക്കളായ ദിഗ്‌വിജയ് സിങ്, ഗിരിജാവ്യാസ്, കമല്‍നാഥ് തുടങ്ങിയവര്‍ രാഹുലിനൊപ്പമുണ്ടായിരുന്നു. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുകയോ സഹായം നല്‍കുകയോ ചെയ്യുന്നതിന് പകരം അവര്‍ക്ക് വെടിയുണ്ടകളാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് രാഹുല്‍ പറഞ്ഞു. കൊല്ലപ്പെട്ട കര്‍ഷകരുടെ ബന്ധുക്കളെ കാണാനാണ് താനിവിടെ എത്തിയത്. അതിന് സമ്മതിച്ചില്ല. രാഹുല്‍ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചതായും അവരെ ആശ്വസിപ്പിച്ചതായും പിന്നീട് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. രാഹുല്‍ ഇവിടെ വരേണ്ട കാര്യമില്ലെന്നും കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും തങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെന്നും രാഹുലിനെ തടഞ്ഞത് സംബന്ധിച്ച് ബുപേന്ദ്ര സിങ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, പ്രദേശത്ത് ഇന്നലെ വീണ്ടും അക്രമം നടന്നു. ഒരു ടോള്‍ പ്ലാസയ്ക്കു നേരെയാണ് അക്രമമുണ്ടായത്. എട്ടുലക്ഷത്തോളം രൂപ കൊള്ളയടിക്കപ്പെട്ടതായും റിപോര്‍ട്ടുണ്ട്. കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് പോലിസ് 62 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വീഡിയോ ക്ലിപ്പിങുകള്‍ പരിശോധിച്ച് കൂടുതല്‍ പേരെ കണ്ടെത്തി പിടികൂടുമെന്ന് പോലിസ് സൂപ്രണ്ട് ഒ പി ത്രിപാഠി പറഞ്ഞു. മേഖലയില്‍ പോലിസ് തുടര്‍ച്ചയായി പട്രോളിങ് നടത്തുന്നുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് സര്‍ക്കാര്‍ മാന്‍ദ്‌സൗര്‍ കലക്ടര്‍ സ്വതന്ത്രകുമാര്‍ സിങിനെയും പോലിസ് സൂപ്രണ്ട് ഓം പ്രകാശ് ത്രിപാഠിയെയും മാറ്റി. പുതിയ കലക്ടറായി ഓം പ്രകാശ് ശ്രീവാസ്തവയെ നിയമിച്ചു.
Next Story

RELATED STORIES

Share it