Idukki local

കര്‍ഷകര്‍ക്ക് ആശ്വാസമായ വിപണന കേന്ദ്രങ്ങള്‍ നിലയ്ക്കുന്നു

അടിമാലി: കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് ഉപഭോക്താവിന് നല്‍കുന്നതിനായി തുറന്ന കാര്‍ഷിക വിപണന കേന്ദ്രങ്ങള്‍ നിലയ്ക്കുന്നു. വെജിറ്റബിള്‍ അന്റ് ഫ്രൂട്‌സ് പ്രമോഷന്‍ കൗണ്‍സില്‍, കൃഷിഭവന്‍, അയല്‍കുട്ടങ്ങള്‍ മുതലായവയും ത്രിതല പഞ്ചായത്തുകളുമാണ് ജില്ലയിലെ ഭൂരിഭാഗം മേഖലകളിലും കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റുകള്‍ തുടങ്ങിയത്. വ്യാപാരികളും ഇടനിലക്കാരുമില്ലാതെ കര്‍ഷകന്റെ അധ്വാനത്തിന്റെ ഫലം കലര്‍പ്പില്ലാതെ നേരിട്ട് ഉപഭോക്താവിലേക്ക് എത്തിക്കുന്നതിനായി തുടങ്ങിയതായിരുന്നു ഇവയെല്ലാം. നേന്ത്രക്കായ, പാവല്‍, പയര്‍, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, വിവിധയിനം പച്ചക്കറികള്‍ എന്നിവ കര്‍ഷകരില്‍ നിന്ന് ഇടനിലക്കാരില്ലാതെ ഉപഭോക്താക്കളുടെ കൈകളില്‍ എത്തിക്കുകയായിരുന്നു ഇതിലൂടെ ലക്ഷമിട്ടത്.
തുടക്കത്തില്‍ വന്‍ സ്വീകാര്യത ലഭിച്ച ഈ പദ്ധതി ജനകീയ സഹകരണ സംഘങ്ങള്‍ വരുത്തിയ വീഴ്ചകള്‍ കര്‍ഷകര്‍ക്ക് തിരിച്ചടിയായി മാറിയതാണ് ഇവ നിലക്കുന്നതിലേക്ക് കാര്യങ്ങളെത്തിയത്. ഒരു പഞ്ചാത്തില്‍ 5 മുതല്‍ 10 വരെ സംഘങ്ങള്‍ ഇത്തരത്തില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ചില പഞ്ചായത്തുകളില്‍ പേരിന് ഒന്നോ രണ്ടോ സംഘങ്ങല്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇതാകട്ടെ പലതും അഴിമതിയില്‍ മുങ്ങിയാണ് നില്‍ക്കുന്നത്. വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സിലിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു ചന്തകളുടെ പ്രവര്‍ത്തനം നടന്നിരുന്നത്. ഉല്‍പന്നങ്ങളുടെ പ്രാദേശിക വിലനിലവാരമനുസരിച്ചാണ് വില നിശ്ചയിച്ചിരുന്നത്.
ഓരൊ കര്‍ഷകനും ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിനായി പ്രത്യേക കൗണ്ടറുകളും ഉണ്ടായിരുന്നു. രാവിലെ കര്‍ഷകര്‍ ഉല്‍പന്നങ്ങള്‍ ചന്തയിലെത്തിച്ച് വിലനിശ്ചയിക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടായിരുന്നു. കീടനാശിനികളുടെ അമിത പ്രയോഗമില്ലാത്ത പച്ചക്കറികളാണ് വിപണിയില്‍ എത്തിച്ചിരുന്നത്. ഉപഭോക്താക്കള്‍ക്ക് ഗുണമേന്‍മയുള്ള പച്ചക്കറികള്‍ ലഭിച്ചിരുന്നു. എന്നാല്‍ ചന്തകള്‍ നിലച്ചതോടെ പച്ചക്കറി വിപണി വീണ്ടും കച്ചവടക്കാരുടെ കൈകളിലായി.
Next Story

RELATED STORIES

Share it