wayanad local

കര്‍ഷകരെ സഹായിക്കാന്‍ പദ്ധതികള്‍ നടപ്പാക്കും: മുഖ്യമന്ത്രി

പുല്‍പ്പള്ളി: വരള്‍ച്ചാ ബാധിത പ്രദേശങ്ങളിലെ കര്‍ഷകരെ സഹായിക്കാന്‍ പദ്ധതികള്‍ നടപ്പാക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ വരള്‍ച്ചാബാധിത പ്രദേശങ്ങളായ സീതാമൗണ്ട്, കൊളവള്ളി, കബനിഗിരി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ ഇലക്ഷന്‍ കമ്മീഷന്റെ അനുമതിയോടെ ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. ശാശ്വത പരിഹാരമാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. ഇതിനായി ജലസേചന പദ്ധതികള്‍ നടപ്പാക്കും.
കാവേരി ട്രൈബ്യൂണല്‍ വിധി പ്രകാരം 21 ടിഎംസി ജലമാണ് കേരളത്തിന് അവകാശപ്പെട്ടത്. 8 ടിഎംസി ജലമുപയോഗിച്ച് കാരാപ്പുഴ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. 8 ടി എംസി ജലം കൂടി ഉപയോഗപ്പെടുത്തി 5 പ്രൊജക്റ്റുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതില്‍ മൂന്ന് പദ്ധതികള്‍ വയനാട്ടിലാണ്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ജില്ലയിലെ കര്‍ഷകരുടേയും ജനപ്രതിനിധികളുടെയും മറ്റും ആവശ്യം പരിഗണിച്ചാണ് ഈ പദ്ധതികള്‍ നടപ്പാക്കുന്നത്. കര്‍ഷകരെ സഹായിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
വിവിധ കൃഷിയിടങ്ങളിലെത്തിയ മുഖ്യമന്ത്രിക്ക് മുമ്പാകെ കര്‍ഷകരും വിവിധ സംഘടനാ പ്രവര്‍ത്തകരും വരള്‍ച്ചാക്കെടുതികള്‍ ബോധ്യപ്പെടുത്തി. രണ്ടരയോടെയാണ് മുഖ്യമന്ത്രി വരള്‍ച്ചാ മേഖലയിലെത്തിയത്. കബനിഗിരിയിലെ പാട്ടശ്ശേരി ജോര്‍ജിന്റെ കൃഷിയിടത്തിലെത്തിയ മുഖ്യമന്ത്രി കരിഞ്ഞുണങ്ങിയ കാപ്പി, കുരുമുളക്, കവുങ്ങ് തുടങ്ങിയ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം പാടിച്ചിറയിലെ ഊരാളിക്കുന്നേല്‍ ജോസിന്റെയും കൊളവള്ളി മഞ്ഞക്കുന്ന് സണ്ണിയുടേയും കൃഷിയിടങ്ങളിലെത്തി.
കെ എല്‍ പൗലോസ്, എന്‍ ഡി അപ്പച്ചന്‍, കെ കെ അബ്രഹാം, ഐ സി ബാലകൃഷ്ണന്‍, ഡി സി സി ഭാരവാഹികളായ പി ഡി സജി, എന്‍ യു ഉലഹന്നാന്‍, ആര്‍ പി ശിവദാസ്, ജോസഫ് പെരുവേലില്‍ ഒപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it