kozhikode local

കര്‍ഷകരെ ആശങ്കയിലാക്കി ഇറക്കുമതി തേങ്ങ വിപണിയില്‍

ബിജു വളയന്നൂര്‍

കുറ്റിയാടി: കിഴക്കന്‍ മലയോര കര്‍ഷകരെ ആശങ്കയിലാക്കി ഇറക്കുമതി തേങ്ങ വിപണി കീഴക്കുന്നു. തമിഴ്‌നാട്, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് കുറ്റിയാടിചുരം വഴിയാണ് മേഖലയിലേക്ക് തേങ്ങ ഇറക്കുമതി ചെയ്യുന്നത്. ഗുണമേന്‍മയും പ്രതിരോധശേഷിയുമുള്ള കുറ്റിയാടി തേങ്ങയുമായി കൂട്ടി കലര്‍ത്തിയാണ് വില്‍പന നടത്തുന്നത്. കുറ്റിയാടി തേങ്ങയ്ക്ക് വിപണിയില്‍ കിലോയ്ക്ക് 41 രൂപ വരെ വില ലഭിക്കും.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 25 രൂപ നിരക്കില്‍ വാങ്ങുന്ന തേങ്ങ കുറ്റിയാടി തേങ്ങയുമായി കലര്‍ത്തിയാണ് വില്‍പന നടത്തുന്നത്. ദിനംപ്രതി പത്തിലധികം ലോഡ് തേങ്ങ വിപണിയില്‍ എത്തുന്നതായി പറയപ്പെടുന്നു .മേഖലയില്‍ ഏറ്റവുമധികം തേങ്ങ ഉല്‍പാദിപ്പിക്കുന്നത് ചാത്തന്‍കോട്ട് നട, പൂതമ്പാറ, മരുതോങ്കര, കായക്കൊടി, നരിപ്പറ്റ, കുണ്ടുതോട്, കൈവേലി, ആയഞ്ചേരി ,പേരാമ്പ്ര, വേളം, ചങ്ങരോത്ത്, കുന്നുമ്മല്‍, കാവിലുംപാറ എന്നിവിടങ്ങളിലാണ്. ഈ പ്രദേശങ്ങളിലെ കടകളിലേക്ക് ഏജന്റുമാര്‍ മുഖേനയാണ് തേങ്ങ ഇറക്കുമതി ചെയ്യുന്നത്.
തുടര്‍ന്ന് കുറ്റിയാടി തേങ്ങയുമായി കലര്‍ത്തി വിവിധ വാഹനങ്ങള്‍ വഴി വിപണികളില്‍ എത്തിക്കുകയാണ് പതിവ്. ഇങ്ങനെ എത്തുന്ന തേങ്ങ മൊത്ത കച്ചവടക്കാര്‍ വാങ്ങി മില്ലുകളില്‍ എത്തിക്കുമ്പോഴാണ് ചതി മനസിലാവുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഒരു ലോഡ് തേങ്ങ നാട്ടിലെത്തിച്ച് വില്‍പന നടത്തിയാല്‍ ഏജന്റിന് 240000 രൂപയോളം ലഭിക്കും.ഇതുവരെയും കിലോവിന് 45 രൂപ വരെ ലഭിച്ചിരുന്ന കുറ്റിയാടി ഇനം തേങ്ങയ്ക്ക് 41 രൂപയായി വില കുറഞ്ഞതും കര്‍ഷകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it