Flash News

കര്‍ഷകരുടെ വിശപ്പടക്കി മുംബൈ നിവാസികളും ഡബ്ബാവാലകളും

ന്യൂഡല്‍ഹി: അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തി ല്‍ മഹാരാഷ്ട്രയിലെ നാസിക്കി ല്‍ നിന്നു മുംബൈ നഗരത്തിലേക്ക് എത്തിയ കര്‍ഷകര്‍ക്കു സഹായവുമായി നഗരവാസികളും ഡബ്ബാവാലകളും. 180ലധികം കിലോ മീറ്ററുകള്‍ പിന്നിട്ട ലോങ് മാര്‍ച്ച് കഴിഞ്ഞദിവസം രാവിലെ നഗരപ്രാന്തമായ ആസാദ് മൈതാനില്‍ എത്തിയിരുന്നു. സര്‍ക്കാരുമായി നടത്തുന്ന ചര്‍ച്ചയില്‍ തീരുമാനമാവും വരെ ആസാദ് മൈതാനില്‍ കാത്തിരിക്കുകയാണു കര്‍ഷകര്‍. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവുമാണ് ആസാദ് മൈതാനിനും ദാദറിനും ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഡബ്ബാവാലകള്‍ നല്‍കിയത്.
ഉള്‍ഗ്രാമങ്ങളില്‍ ജീവിക്കുന്ന ഈ കര്‍ഷകരാണു നഗരവാസികളായ ഞങ്ങള്‍ക്ക് വേണ്ട ഭക്ഷ്യവസ്തുക്കള്‍ ഉല്‍പാദിപ്പിക്കുന്നത്. അവര്‍ക്കു ഭക്ഷണം നല്‍കി സഹായിക്കുക എന്നതും പിന്തുണ നല്‍കുക എന്നതും തങ്ങളുടെ ഉത്തരവാദിത്തമാണെന്നും ഡബ്ബാവാലയായ സുഭാഷ് തെഹല്‍കര്‍ പ്രതികരിച്ചു.
കര്‍ഷകരുടെ പ്രശ്‌നങ്ങളുടെ അടിയന്തര പ്രസക്തിയും പ്രാധാന്യവും തിരിച്ചറിഞ്ഞാണു നൂറ്റാണ്ടുകള്‍ പഴക്കം ചെന്ന മുംബൈയിലെ തനതായ ഭക്ഷണ വിതരണക്കാരായ ഡബ്ബാവാലകള്‍ രംഗത്തിറങ്ങിയിട്ടുള്ളത്.
സമരക്കാര്‍ക്കായി ഭക്ഷണം സമാഹരിച്ച് എത്തിച്ചുനല്‍കുന്നത് അവരാണ്. ഭക്ഷണശാലകള്‍, ഹോട്ടലുകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ നിന്നും കല്യാണം, വിരുന്ന് തുടങ്ങിയ പൊതുപരിപാടികളില്‍ നിന്നുമെല്ലാം  ഭക്ഷണം ശേഖരിച്ച് കര്‍ഷകര്‍ക്ക് എത്തിച്ചുകൊടുക്കുന്നുണ്ട്. ഇതിനിടെ കര്‍ഷക മാര്‍ച്ച് ജനശ്രദ്ധ പിടിച്ചുപറ്റിയതോടെ നഗരനിവാസികളും സഹായവുമായി എത്തി. മാര്‍ച്ച് നഗരത്തിലെത്തിയ കഴിഞ്ഞദിവസം രാത്രി മുതല്‍ നഗരവാസികള്‍ തങ്ങളുടെ വീടുകളിലുണ്ടാക്കിയ ഭക്ഷണ സാധനങ്ങളും കുടിവെള്ളവും കര്‍ഷകര്‍ക്കു നല്‍കി.
അതിനിടെ, മുംബൈയിലെ വിദ്യാര്‍ഥികളെ സമരം ബാധിക്കാതിരിക്കാന്‍ സമരക്കാര്‍ കാണിച്ച മുന്‍കരുതല്‍ പ്രശംസ പിടിച്ചുപറ്റി. തിങ്കളാഴ്ച 10ാം ക്ലാസ് പരീക്ഷകള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 30,000ത്തിലധികം അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന മാര്‍ച്ച് മുംബൈ നഗരത്തിലേക്കു പ്രവേശിക്കുന്നതോടെ നഗരം നിശ്ചലമാവുമെന്ന കാര്യം മുന്നില്‍ക്കണ്ട സമരക്കാര്‍ താനെയില്‍ നിന്നു പാതിരാത്രി പിന്നിട്ടതോടെ തന്നെ നടത്തം ആരംഭിക്കുകയായിരുന്നു.
ഉറക്കം പോലും പാതിവഴിയില്‍ ഉപേക്ഷിച്ചായിരുന്നു വാ ര്‍ധക്യത്തോടടുത്തവരടക്കം രാത്രി രേണ്ടാടെ നടത്തം ആരംഭിച്ചത്. മുംബൈ നഗരം ഉറക്കം ഉണരുന്നതിനു മുമ്പ് ആസാദ് മൈതാനിയിലെത്താനുള്ള ഇവരുടെ നീക്കം വിജയിച്ചതോടെ തിരക്കില്‍ കുടുങ്ങിപ്പോവുമെന്ന പ്രതിസന്ധി അയയുകയായിരുന്നു. ജനജീവിതം സ്തംഭിപ്പിക്കലല്ല തങ്ങളുടെ ലക്ഷ്യമെന്നു സമരക്കാര്‍ ബോധിപ്പിച്ചതോടെ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ മുംബൈ നിവാസികളും പ്രതിഷേധക്കാര്‍ക്ക് പിന്തുണയും സഹായങ്ങളുമായി തെരുവിലിറങ്ങുകയായിരുന്നു.
Next Story

RELATED STORIES

Share it