wayanad local

കര്‍ഷകരുടെ വരുമാനമുയര്‍ത്താന്‍ പദ്ധതികള്‍ അനിവാര്യം: ഡോ. മധുര

കല്‍പ്പറ്റ: ജൈവവൈവിധ്യത്തിന്റെ നിലനില്‍പ്പിന് ചെറുകിട കര്‍ഷകരെ ബോധവല്‍ക്കരിക്കുന്നതിനൊപ്പം അവരുടെ വരുമാനമുറപ്പിക്കുന്നതിനാവശ്യമായ പദ്ധതികള്‍ ആവശ്യമാണെന്നു സാമ്പത്തിക വിദഗ്ധയും എം എസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണുമായ ഡോ. മധുര സ്വാമിനാഥന്‍ അഭിപ്രായപ്പെട്ടു. പുത്തൂര്‍വയലിലെ ഗവേഷണ കേന്ദ്രത്തില്‍ നടന്ന ദക്ഷിണേന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ടിയുള്ള ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്വാമിനാഥന്‍ ഗവേഷണ നിലയവും ദേശീയ ബയോഡൈവേഴ്‌സിറ്റി അതോറിറ്റിയും ചേര്‍ന്നു സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അവര്‍. വരുമാനം സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഗണിച്ചു വേണം ജൈവവൈവിധ്യത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും പ്രശ്‌നങ്ങള്‍ സംബന്ധിച്ച് കര്‍ഷകര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താനെന്നു ഡോ. മധുര ചൂണ്ടിക്കാട്ടി. രണ്ടു ശതമാനം കര്‍ഷകര്‍ മാത്രമാണ് വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമായതെന്നു രാജ്യത്തെ ഒമ്പതു സംസ്ഥാനങ്ങളിലായി നടന്ന ചെറുകിട കര്‍ഷകരെക്കുറിച്ചുള്ള ഒരു പഠനത്തില്‍ വ്യക്തമാക്കുന്നു. കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണത്തില്‍ മുഖ്യ പങ്കുവഹിക്കുന്നവരാണ് ചെറുകിട കര്‍ഷകര്‍. ഇതിന് സാമ്പത്തിക പിന്തുണ കര്‍ഷകര്‍ക്ക് ആവശ്യമാണെന്നും അവര്‍ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം തീരദേശ ജൈവവൈവിധ്യത്തിനേല്‍പ്പിക്കുന്ന ആഘാതം സംബന്ധിച്ച് കുടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നു ഗവേഷണ നിലയത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരിലൊരാളായ ഡോ. സലീം ഖാന്‍ പറഞ്ഞു. കടല്‍ കയറുന്നതാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന ഭീഷണികളിലൊന്ന്. ഇതു തീരദേശത്തെ ജൈവവൈവിധ്യത്തിനും ഇതിനെ ആശ്രയിച്ചു കഴിയുന്ന മനുഷ്യസമൂഹങ്ങളിലും കടുത്ത പ്രത്യാഘാതമുണ്ടാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും ഇതു ജൈവവൈവിധ്യ സംരക്ഷണത്തിന്റെ ആവശ്യകതയിലേക്ക് വിരല്‍ചൂണ്ടുന്ന തരത്തില്‍ പലപ്പോഴും അവതരിപ്പിക്കപ്പെടുന്നില്ലെന്നു ശില്‍പശാലയിലെ ഹ്രസ്വചിത്രീകരണം വ്യക്തമാക്കി. അടുത്ത കാലങ്ങളായി ഇംഗ്ലീഷ്, മലയാളം പത്രങ്ങളില്‍ വന്ന വാര്‍ത്തകളെ അടിസ്ഥാനമാക്കിയാണ് ചിത്രീകരണം തയ്യാറാക്കിയത്. വാര്‍ത്തകളിലൂടെ കാര്യങ്ങള്‍ ലളിതമാായി വിവരിക്കുകയാണ് ആവശ്യമെന്നു ശില്‍പശാലയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ആദിവാസി ഗ്രാമങ്ങളിലും ഗ്രാമീണ കര്‍ഷകരുടെ കൃഷിയിടങ്ങളിലും ക്യാംപംഗങ്ങള്‍ സന്ദര്‍ശനം നടത്തി. ആദിവാസികളുമായും കര്‍ഷകരുമായും ആശയവിനിമയം നടത്തി. കര്‍ണാടക, കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ മാധ്യമപ്രവര്‍ത്തകരാണ് ക്യാംപില്‍ പങ്കെടുത്തത്.
Next Story

RELATED STORIES

Share it