Editorial

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം വേണം



രണ്ടു ദിവസത്തിനുള്ളില്‍ രണ്ടു കര്‍ഷകര്‍ കൂടി ആത്മഹത്യ ചെയ്തതോടെ മധ്യപ്രദേശില്‍ നടക്കുന്ന കര്‍ഷക സമരം കൂടുതല്‍ രൂക്ഷമാവാനാണ് സാധ്യത. കടക്കെണിയില്‍ പെട്ടവരാണ് ഇരുവരും. തൊട്ടുമുമ്പ് ജീവനൊടുക്കിയ മൂന്നു പേരുടെയും പ്രശ്‌നം വായ്പകള്‍ തന്നെയായിരുന്നു. ബിജെപി മുഖ്യമന്ത്രി ശിവ്‌രാജ്‌സിങ് ചൗഹാന്‍ കര്‍ഷകരോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ഒരു ദിവസം നിരാഹാരമിരുന്നുവെങ്കിലും അത്തരം സൂത്രവിദ്യകള്‍ കൊണ്ട് പരിഹരിക്കാവുന്നതല്ല സംസ്ഥാനത്തും മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും കര്‍ഷകരെ അലട്ടുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍. ഈ വര്‍ഷം റെക്കോഡ് വിളവെടുപ്പാണ് കൃഷിക്കു വലിയ പ്രാധാന്യം നല്‍കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടായത്. എന്നാല്‍, മുമ്പില്ലാത്തവിധം കാര്‍ഷിക വിളകള്‍ക്ക് വില കുറഞ്ഞു. നോട്ട് റദ്ദാക്കിയതിന്റെ ദുരിതങ്ങളില്‍ പെട്ടതാണ് ഈ വിലക്കുറവെന്നു ധനശാസ്ത്രജ്ഞന്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. വിത്തിനും വളത്തിനും കീടനാശിനികള്‍ക്കുമായി ബാങ്കുകളില്‍ നിന്നോ ഗ്രാമങ്ങളിലെ പണമിടപാടുകാരില്‍ നിന്നോ വായ്പയെടുത്താണ് കര്‍ഷകര്‍ പാടത്തിറങ്ങുന്നത്. തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് മതിയായ വില ലഭിക്കുന്നില്ല. മാത്രമല്ല, കടം തിരിച്ചടയ്ക്കുന്നതിനു വഴിയില്ലാതെ വരുകയും ചെയ്തു. കര്‍ഷക പ്രക്ഷോഭത്തിനും ആത്മഹത്യകള്‍ക്കും പ്രധാന കാരണം അത്തരം പ്രതിസന്ധികളാണ്. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി അടിസ്ഥാനപരമായ വികസനത്തിനു യാതൊരു പ്രാധാന്യവും നല്‍കാതെ ഓഹരിക്കമ്പോളത്തിലെ കുതിപ്പിനും ചുരുക്കം ചിലര്‍ക്കു മാത്രം തൊഴില്‍ നല്‍കുന്ന ഐടി മേഖലയിലെ വളര്‍ച്ചയ്ക്കും ഊന്നല്‍ നല്‍കുന്ന വികസനമാണ് രാജ്യത്തു നടന്നത്. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ മൂന്നു ലക്ഷത്തിലധികം കര്‍ഷകര്‍ രാജ്യത്ത് ആത്മഹത്യ ചെയ്തു. ഹരിതവിപ്ലവം എന്ന പേരില്‍ രാസവളത്തിനും കീടനാശിനിക്കും അമിതപ്രാധാന്യം നല്‍കിയ കാര്‍ഷിക വികസനത്തിന്റെ പ്രത്യാഘാതങ്ങളാണ് ഇപ്പോള്‍ പലയിടത്തും കണ്ടുകൊണ്ടിരിക്കുന്നത്. ജലത്തിന്റെ ദുര്‍വിനിയോഗം കാരണം പല സംസ്ഥാനങ്ങളിലും ഭൂഗര്‍ഭ ജലനിരപ്പ് അപകടകരമാംവിധം താഴ്ന്നിരിക്കുന്നു. കാര്‍ഷിക മേഖല ശക്തിപ്പെടുത്തുന്നതിനു ഫലപ്രദമായ നീക്കങ്ങള്‍ നടക്കാത്തതാണ് കര്‍ഷകര്‍ തെരുവില്‍ ഇറങ്ങുന്നതിന് അടിസ്ഥാന കാരണം. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്ന ബാധ്യത സംസ്ഥാനങ്ങള്‍ക്കു പതിച്ചുനല്‍കിയത് മാര്‍ച്ച് മാസത്തിലാണ്. കാര്‍ഷിക മേഖലയാണ് ഏതൊരു രാജ്യത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനമായി വര്‍ത്തിക്കുന്നത്. ഷോപ്പിങ് മാളുകളും വിമാനത്താവളങ്ങളും മെട്രോകളുമൊക്കെ ഉയര്‍ന്നുവരണമെങ്കില്‍ കാര്‍ഷിക മേഖല ശക്തമായി നിലകൊള്ളണം. 2050ല്‍ പോലും 80 കോടി ഇന്ത്യക്കാര്‍ കാര്‍ഷികവൃത്തിയെ ആശ്രയിച്ചാണ് ജീവിക്കുക എന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതിനാല്‍ തന്നെ കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനാണ് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ അടിയന്തരമായി ശ്രമിക്കേണ്ടത്.
Next Story

RELATED STORIES

Share it