Idukki local

കര്‍ഷകപോലിസിന് അഭിനന്ദനവുമായി കൃഷി മന്ത്രി



മുഹമ്മദ് അന്‍സാരി

പീരുമേട്: കാക്കിക്കുള്ളിലെ കര്‍ഷകരെ അഭിനന്ദിക്കാന്‍ മന്ത്രി നേരിട്ടെത്തി. തിങ്കളാഴ്ച്ച രാവിലെയാണ് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ പീരുമേട് പോലിസ് സ്‌റ്റേഷന്‍ വളപ്പിലെ പോലിസുകാരുടെ ജൈവ പച്ചക്കറി തോട്ടം സന്ദര്‍ശിച്ചത്. വാഗമണ്ണിലെ കോലാഹലമേട് ഡയറി സയന്‍സ് ആന്റ് ടെക്‌നോളജിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി. പീരുമേട്ടില്‍ പോലിസ് ഉദ്യോഗസ്ഥര്‍ വിഷ രഹിതമായി പച്ചക്കറി കൃഷി ചെയ്യുന്നതായി അറിഞ്ഞ മന്ത്രി പീരുമേട്ടിലേക്ക് എത്തുകയായിരുന്നു. പീരുമേട് പോലിസ് സ്‌റ്റേഷനിലെ ഓഫിസ് കാര്യാലയത്തിനു സമീപം കാടു പിടിച്ചു കിടന്ന ഒന്നര ഏക്കര്‍ സ്ഥലത്താണ് ഇവിടുത്തെ ജീവനക്കാരുടെ നേതൃത്വത്തില്‍ ജൈവ പച്ചക്കറി കൃഷി ചെയ്യുന്നത്.  കാരറ്റ്, കാബേജ്, ബീന്‍സ്, ബ്രോകോളി, തക്കാളി, പച്ചമുളക്, ചീര തുടങ്ങി 15ല്‍ പരം പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. പച്ചക്കറി കൃഷിക്കു പുറമേ നൂറില്‍ പരം വാഴവിത്തുകളും പോലിസ് വളപ്പില്‍ കൃഷി ചെയ്തിട്ടുണ്ട്. വാഴക്കുല വെട്ടാനുള്ള പാകത്തിനായി. പൂര്‍ണമായും ജൈവവളമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. കീടനാശിനികളോ വളങ്ങളോ ഉപയോഗിക്കാത്തതിനാല്‍ ദിനം പ്രതിയുള്ള പരിചരണം ഒഴിവു സമയങ്ങളില്‍ പോലിസുകാര്‍ സമയം കണ്ടെത്തി കൃഷികള്‍ പരിപാലിക്കുകയാണ് ചെയ്യുന്നത്. പച്ച ചാണകത്തില്‍ കടലപിണ്ണാക്ക് ചേര്‍ത്ത മിശ്രിതമാണ് പച്ചക്കറികളില്‍ തളിക്കുന്നത്. കാബേജിന് മാത്രം കൃഷിഭവനില്‍ നിന്നും നല്‍കുന്ന വളമാണ് ഉപയോഗിക്കുന്നത്. പച്ചക്കറികള്‍ നനക്കുന്നനതിനായും പ്രത്യേകം സമ്പ്രദായം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പീരുമേട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി ഷിബുകുമാര്‍ ചുമതലയേറ്റെടുത്തതോടെ ജൈവ പച്ചക്കറി കൃഷി ചെയ്യുവാന്‍ പുത്തന്‍ ഉണര്‍വ് ഉണ്ടാവുകയും കാടു പിടിച്ചു കിടന്ന കൂടുതല്‍ സ്ഥലങ്ങള്‍ പോലിസുകാരുടെ നേതൃത്യത്തില്‍ തന്നെ വെട്ടി തെളിച്ച് കൃഷികള്‍ ആരംഭിച്ചത്. കൃഷിയ്ക്കുള്ള പണം കണ്ടെത്തുന്നതും ജീവനക്കാര്‍ സ്വന്തമായി തന്നെയാണ്. മന്ത്രിയോടൊപ്പം പീരുമേട് എം എല്‍എ ഇ എസ് ബിജിമോളും ഉണ്ടായിരുന്നു. സ്‌റ്റേഷന്‍ വളപ്പിലെ കൃഷിതോട്ടത്തിന് കൃഷി വകുപ്പിന്റെ വേണ്ട സഹായങ്ങള്‍ നല്‍കുവാന്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയാണ് മന്ത്രി വാഗമണിലേക്കുളള ഉദ്യോഗിക പരിപാടിയ്ക്കായി തിരിച്ചത്.
Next Story

RELATED STORIES

Share it