Flash News

കര്‍ഷകന്റെ ആത്മഹത്യ ; വില്ലേജ് ഓഫിസര്‍ക്കും അസിസ്റ്റന്റിനും സസ്‌പെന്‍ഷന്‍



പേരാമ്പ്ര: കര്‍ഷകന്‍ വില്ലേജ് ഓഫിസില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ കര്‍ഷക പ്രതിഷേധം ശക്തമായി. സംഭവവുമായി ബന്ധപ്പെട്ട് ചെമ്പനോട വില്ലേജ് ഓഫിസര്‍ സി എ സണ്ണി, അസിസ്റ്റന്റ് സലീസ് തോമസ് എന്നിവരെ കലക്ടര്‍ യു വി ജോസ് സസ്‌പെന്റ് ചെയ്തു. സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് കലക്ടര്‍ വില്ലേജ് അധികൃതരില്‍ നിന്നു റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ഷകരോടുള്ള ചില വില്ലേജ് അധികൃതരുടെ പെരുമാറ്റത്തില്‍ പ്രദേശത്തെ ജനങ്ങള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ ചെമ്പനോട വില്ലേജ് ഓഫിസില്‍ കഴിഞ്ഞ ദിവസം രാത്രി 9.30ഓടെയാണ് ചെമ്പനോട കാവില്‍ പുരയിടത്തില്‍ ജോയി എന്ന തോമസിനെ വില്ലേജ് ഓഫിസിന്റെ ഗ്രില്ലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. പെരുവണ്ണാമൂഴി പോലിസ് സ്ഥലത്തെത്തിയെങ്കിലും മൃതദേഹം താഴെയിറക്കാന്‍ നാട്ടുകാര്‍ സമ്മതിച്ചില്ല. സംഭവത്തെപ്പറ്റി സമഗ്രാന്വേഷണം നടത്തുമെന്ന് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് എടുക്കാന്‍ നാട്ടുകാര്‍ സമ്മതിച്ചത്. പോലിസ് ഇന്‍ക്വസ്റ്റ് നടത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം ഉച്ചയോടെ വീട്ടിലെത്തിച്ചു. പൊതുദര്‍ശനത്തിനു വച്ച ശേഷം രാത്രി 7.30ഓടെ ചെമ്പനോട സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. അതിനിടെ പരേതനോടുള്ള ആദരസൂചകമായി ചക്കിട്ടപ്പാറയില്‍ ആചരിച്ച ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. അഞ്ജു, അമലു, അമ്പിളി എന്നിവര്‍ മക്കളാണ്.
Next Story

RELATED STORIES

Share it