Flash News

കര്‍ഷകന്റെ ആത്മഹത്യ: വില്ലേജ് അസിസ്റ്റന്റിനെതിരേ പ്രേരണക്കുറ്റം ചുമത്തി

സ്വന്തം  പ്രതിനിധി

പേരാമ്പ്ര: കോഴിക്കോട് ചക്കിട്ടപ്പാറയിലെ ചെമ്പനോടയില്‍ വില്ലേജ് ഓഫിസില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ചെമ്പനോട മുന്‍ വില്ലേജ് അസിസ്റ്റന്റ് സലീഷിനെ കേസില്‍ പ്രതിചേര്‍ത്തു. ആത്മഹത്യാ പ്രേരണക്കുറ്റത്തിനും കൈ ക്കൂലി ആവശ്യപ്പെട്ടതിനുമാണ് പെരുവണ്ണാമൂഴി പോലിസ് കേസെടുത്തത്. അന്വേഷണച്ചുമതലയുള്ള പേരാമ്പ്ര സിഐ സുനില്‍കുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രതിചേര്‍ത്തിരിക്കുന്നത്. അതേസമയം ചെമ്പനോട് വില്ലേജ് ഓഫിസില്‍ റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍ ഇന്നലെ തെളിവെടുപ്പ് നടത്തി. പരാതിക്ക് അടിസ്ഥാനമായ വില്ലേജ് ഓഫിസിലെ രേഖകളും ഈ ഓഫിസിന്റെ പ്രവര്‍ത്തനം അറിയാന്‍ ഉപകരിക്കുന്ന മുന്‍ ഫയലുകളും അഡീഷനല്‍ ചീഫ് സെക്രട്ടറി പരിശോധിക്കുകയും പകര്‍പ്പെടുക്കുകയും ചെയ്തു. പരാതികളുമായി എത്തിയ എല്ലാവരെയും നേരില്‍ക്കണ്ട അദ്ദേഹം അവരുടെ പരാതി സ്വീകരിച്ചു. തുടര്‍ന്ന്,  ജോയിയുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. സമാനമായ ഭൂമി സംബന്ധിച്ച കേസുകള്‍ ലാന്‍ഡ് ട്രൈബ്യൂണലില്‍ പരിഗണിക്കാന്‍  നിര്‍ദേശം നല്‍കി. വില്ലേജുകള്‍ പഞ്ചായത്തുതലത്തില്‍ ചേര്‍ന്ന്/ലാന്‍ഡ് ട്രൈബ്യൂണല്‍ അദാലത്തുകള്‍ സംഘടിപ്പിക്കണം. ഇത്തരം അപേക്ഷകളില്‍ കാലവിളംബമില്ലാതെ തീര്‍പ്പുകല്‍പിക്കാന്‍ അദ്ദേഹം ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് കോഴിക്കോട് കലക്ടറേറ്റിലെത്തിയ അഡീഷനല്‍ ചീഫ് സെക്രട്ടറി ജില്ലയിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ മുതല്‍ മേലോട്ടുള്ള റവന്യൂ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി പ്രത്യേക അവലോകനവും നടത്തി. വില്ലേജ് ഉദ്യോഗസ്ഥര്‍ ഗുരുതര വീഴ്ചയാണു നികുതി സ്വീകരിക്കുന്നതില്‍ കാണിച്ചതെന്ന് അദ്ദേഹം പറഞ്ഞു. റവന്യൂ വകുപ്പിന് പേരു ദോഷമുണ്ടാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ കടുത്ത അതൃപ്തി അറിയിച്ച അദ്ദേഹം വില്ലേജിലെ സ്റ്റാഫിന് മാത്രമല്ല വിഷയത്തില്‍ പങ്കെന്നും തഹസില്‍ദാര്‍ക്കും പാളിച്ച പറ്റിയിട്ടുണ്ടെന്നും സൂചിപ്പിച്ചു. കുടുംബത്തെ കൃഷിമന്ത്രി വി എസ് സുനില്‍കുമാറും സന്ദര്‍ശിച്ചു. ഉദ്യോഗസ്ഥര്‍ ഏതെങ്കിലും തരത്തില്‍ വീഴ്ചവരുത്തിയിട്ടുണ്ടെന്ന് വ്യക്തമായാല്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കുടുംബാംഗങ്ങളെ അറിയിച്ചു. അതേസമയം ജില്ലയിലുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ വീട് സന്ദര്‍ശിക്കാതിരുന്നത് പ്രതിഷേധത്തിനിടയാക്കി. സംഭവത്തില്‍ വില്ലേജ് ഓഫിസര്‍ക്കും അസിസ്റ്റന്റിനുമെതിരേ ഉപലോകായുക്ത കെ പി ബാലചന്ദ്രന്‍ സ്വമേധയാ കേസെടുത്തു. പ്രഥമദൃഷ്ട്യാ അഴിമതിയും കെടുകാര്യസ്ഥതയുമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് ഉപലോകായുക്ത നിരീക്ഷിച്ചു. ഇരുവരും അടുത്തമാസം 26ന് നേരിട്ട് ഹാജരാവണം.
Next Story

RELATED STORIES

Share it