wayanad local

കര്‍ഷകനെ ജയിലിലടച്ച സംഭവം; ബാങ്കും ജില്ലാ ഭരണകൂടവും ഒത്തുകളിക്കുന്നെന്ന് ആക്ഷേപം

പുല്‍പ്പള്ളി: കര്‍ഷകന്‍ മുളയാനിക്കല്‍ സുകുമാരനെ വായ്പാ കുടിശ്ശികയുടെ പേരില്‍ ജയിലിലടച്ച സംഭവത്തില്‍ ജില്ലാ ഭരണകൂടവും ബാങ്ക് അധികൃതരും ഒത്തുകളിക്കുകയാണെന്നും ഇതിനെതിരേ ശക്തമായ സമരപരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്നും ഐക്യകര്‍ഷക സമരസമിതി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കര്‍ഷക സമരത്തെത്തുടര്‍ന്ന് ജില്ലാ ഭരണകൂടവും പോലിസും ഇടപെട്ട് ബാങ്ക് അടയ്ക്കുകയായിരുന്നു. സമരസമിതിയുമായി ചര്‍ച്ച ചെയ്തു പ്രശ്‌നങ്ങള്‍ക്കു പരിഹാരം ഉണ്ടാക്കാമെന്ന ഉറപ്പും കലക്ടര്‍ നല്‍കി. എന്നാല്‍, പറഞ്ഞ തിയ്യതികളിലൊന്നും ചര്‍ച്ച നടത്താതെ ബാങ്ക് അധികൃതര്‍ ഹൈക്കോടതിയെ സമീപിക്കുകയാണുണ്ടായത്. 11ന് ചര്‍ച്ചയ്ക്കു വിളിച്ച് അന്നുതന്നെ രാവിലെ ഹൈക്കോടതി ഉത്തരവ് പ്രകാരം പോലിസ് സഹായത്തോടെ ബാങ്ക് തുറന്നു.
ഇതിനെതിരേ സമരസമിതിയുടെ നേതൃത്വത്തില്‍ ബാങ്കിനു മുന്നില്‍ ഉപരോധ സമരം നടത്തിയ പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. ഇവിടെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ മനപ്പൂര്‍വം വൈകിച്ച് സുകുമാരനെ അപമാനിക്കുന്ന സമീപനമാണ് അധികൃതര്‍ നടത്തിയത്. നാളെ റിമാന്‍ഡ് കാലാവധി കഴിഞ്ഞ് സുകുമാരന്‍ ജയില്‍മോചിതനാവും. സുകുമാരന്റെ ജാമ്യസ്ഥലവും രേഖകളും നിരുപരാധികം വിട്ടുനല്‍കുക, നഷ്ടപരിഹാരം നല്‍കുക, കോടതിയെ തെറ്റിദ്ധരിപ്പിച്ച ബാങ്ക് മാനേജര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 24ന് ബാങ്കിലേക്ക് മാര്‍ച്ച് നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ടി ബി സുരേഷ്, ശ്രീധരന്‍ കുയിലാനി, ടി ആര്‍ രവി, എ ജെ കുര്യന്‍, എസ് ജി സുകുമാരന്‍, കെ എഫ് ഷിന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it