malappuram local

കര്‍ഷകക്കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ച് യൂത്ത്‌കോണ്‍ഗ്രസ് ട്രെയിന്‍ തടഞ്ഞു



പെരിന്തല്‍മണ്ണ: മധ്യപ്രദേശിലെ മാന്‍സോറില്‍ നടന്ന കര്‍ഷകക്കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ച് യൂത്ത്‌കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് കമ്മിറ്റി അങ്ങാടിപ്പുറത്ത് ട്രെയിന്‍ തടഞ്ഞു. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ കുറച്ചുനാളുകളായി മധ്യപ്രദേശില്‍ കര്‍ഷക സമരം നടന്നുകൊണ്ടിരിക്കുകയാണ്. ആ സമരക്കാര്‍ക്കു നേരെ കഴിഞ്ഞ ദിവസം ഒരു പ്രകോപനവും കൂടാതെ നിറയൊഴിച്ചു കൊണ്ട് ആറു കര്‍ഷകരെ കൊലപ്പെടുത്തി. കേന്ദ്രമധ്യപ്രദേശ് ബി ജെ പി ഗവണ്‍മെന്റിന്റെ ഫാസിസ്റ്റ് മുഖമാണ് കര്‍ഷക കൂട്ടകുരുതിയിലൂടെ പുറത്തുവന്നത്.  രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ്  യൂത്ത്‌കോണ്‍ഗ്രസ് പാര്‍ലമെന്റ് കമ്മിറ്റി അങ്ങാടിപ്പുറത്ത് ട്രെയിന്‍ തടയല്‍ സമരംനടത്തിയത്. നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത് റെയില്‍വേ ഗെയ്റ്റ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം റെയില്‍പാളത്തിന് സമീപം വെച്ച് റെയില്‍വേ സിഐ ഫിറോസിന്റെ നേതൃത്വത്തിലുളള സംഘം തടഞ്ഞു. സമരക്കാര്‍ പൊലീസുമായി ഉന്തുംതളളുമുണ്ടാവുകയും പൊലീസ് വലയം ഭേദിച്ചുകൊണ്ട് റെയില്‍വേ പാളത്തില്‍ പ്രവേശിക്കുകയും നിലമ്പൂര്‍ ഷൊര്‍ണ്ണൂര്‍ ട്രെയിന്‍ 20 മിനിറ്റോളം തടഞ്ഞിടുകയും ചെയ്തു. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു. ഉപരോധസമരം പി രാധാകൃഷ്ണന്‍  ഉദ്ഘാടനം ചെയ്തു. യൂത്ത്‌കോണ്‍ഗ്രസ് പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡണ്ട് റിയാസ് മുക്കോളി അധ്യക്ഷത വഹിച്ചു. അഡ്വ. ബെന്നി തോമസ്, കെ എസ് അനീഷ്, സി കെ ഹാരിസ്, ഉമ്മര്‍ ചോലയില്‍, ആഷിഖ് ഏലംകുളം, ലത്തീഫ് കൂട്ടാലുങ്ങല്‍ സംസാരിച്ചു. റാഫി പറമ്പൂര്‍, അജ്മല്‍ വെളിയോട്, ഷെഫീഖ് മൂര്‍ക്കനാട്, മനാഫ് സി പി, സമീര്‍ പാണ്ടിക്കാട്, ഷെരീഫ് മുല്ലക്കാടന്‍, ഫൈസല്‍ മക്കരപ്പറമ്പ്, യാക്കൂബ് കുന്നപ്പളളി നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it