wayanad local

കര്‍ശന നടപടികളുമായി മോട്ടോര്‍വാഹന വകുപ്പ്

മാനന്തവാടി: സൈലന്‍സര്‍ മാറ്റിസ്ഥാപിച്ച് കാതടപ്പിക്കുന്ന ശബ്ദത്തോടെ കറങ്ങുന്നവര്‍ക്കു മുന്നറിയിപ്പുമായി മോട്ടോര്‍വാഹന വകുപ്പ്. വാഹനത്തില്‍ കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റ്, ഹോണ്‍ എന്നിവ ഘടിപ്പിക്കുന്നവര്‍ക്കും മറ്റു തരത്തില്‍ രൂപഘടന മാറ്റുന്നവര്‍ക്കുമെതിരേയും കര്‍ശന നടപടിയെടുക്കുമെന്നു മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചു. പിടിക്കപ്പെട്ടാല്‍ മൂന്നു ദിവസത്തിനുള്ളില്‍ വാഹനം പഴയ രീതിയിലേക്ക് മാറ്റി അതാത് ഓഫിസില്‍ പരിശോധനയ്ക്കു വിധേയമാക്കണം. പുറമെ പിഴയും രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്കും ഇത്തരക്കാര്‍ വിധേയരാവേണ്ടിവരും. ബൈക്കുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളിലെ അമിതശബ്ദം പൊതുജനങ്ങളെ പലവിധത്തില്‍ ബാധിക്കുന്നതായി ആക്ഷേപം ശക്തമായതോടെയാണ് അധികൃതര്‍ നടപടികളുമായി രംഗത്തെത്തിയത്. അമിത ശബ്ദം കുട്ടികളില്‍ ശ്രവണവൈകല്യവും പ്രായമുള്ളവരില്‍ ബ്ലഡ് പ്രഷര്‍ കൂടാനും ഇടയാക്കും. ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് വൈകല്യങ്ങള്‍ക്കു കാരണമാവുമെന്നും പറയുന്നു. അമിത ശബ്ദത്തോടൊപ്പം തന്നെ കണ്ണില്‍ തുളച്ചുകയറുന്ന എല്‍ഇഡി ലൈറ്റ് ഘടിപ്പിക്കുന്നതും പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതായി നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. അമ്പതു പേര്‍ക്കെതിരേ നടപടി സ്വീകരിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it