wayanad local

കര്‍ളാട് സാഹസിക വിനോദസഞ്ചാര കേന്ദ്രത്തില്‍ സഞ്ചാരികള്‍ക്കു നിരാശ

മാനന്തവാടി: അധികൃതരുടെ അനാസ്ഥ കാരണം ജില്ലയിലെ പ്രധാന സാഹസിക വിനോദസഞ്ചാര കേന്ദ്രമെന്നറിയപ്പെടുന്ന കര്‍ളാട് ടൂറിസം കേന്ദ്രം നാശത്തിന്റെ വക്കില്‍.
വിനോദോപാധികളായിരുന്ന സിപ്‌ലൈന്‍, കയാക്കിങ്, ബോട്ടിങ് തുടങ്ങിയവ നിലച്ചതോടെയാണ് സഞ്ചാരികളുടെ വരവു കുറഞ്ഞത്. സഞ്ചാരികളുടെ എണ്ണം കുറഞ്ഞതോടെ കേന്ദ്രത്തിലെ അഡ്വഞ്ചര്‍ ഇനങ്ങള്‍ നടത്താനായി കരാറെടുത്തിരുന്ന സ്വകാര്യ കമ്പനി കഴിഞ്ഞ ദിവസം ജോലിക്കാരെ പിന്‍വലിച്ചു. സാഹസിക ഇനങ്ങള്‍ മുഴുവനായി നിലയ്ക്കുകയും ചെയ്തു. മൂന്നുവര്‍ഷം മുമ്പ് വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് വിപുലീകരിക്കാന്‍ തീരുമാനിക്കുകയും പിന്നീട് ഒന്നര വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഭാഗിക നവീകരണം നടത്തി തുറക്കുകയും ഡിടിപിസിക്ക് കീഴിലുള്ള കര്‍ളാട് അഡ്വഞ്ചര്‍ ടൂറിസം കേന്ദ്രത്തില്‍ വന്‍തോതില്‍ വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിച്ചിരുന്നു. കേന്ദ്രത്തിന് ആറു മാസത്തിനകം തന്നെ മുടക്കുമുതലിനേക്കാളേറെ വരുമാനവും ലഭിച്ചിരുന്നു. ഓണം അവധിക്കാലത്ത് ഒരാഴ്ചയ്ക്കിടെ 10,230 പേര്‍ കര്‍ളാട് സന്ദര്‍ശിക്കുകയും കേന്ദ്രത്തിന് 8,29,070 രൂപ വരുമാനം ലഭിക്കുകയും ചെയ്തു.
എന്നാല്‍, വരുമാനം ക്രമാതീതമായി വര്‍ധിച്ചിട്ടും കേന്ദ്രത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനോ നിലവിലുള്ളവ സംരക്ഷിക്കുന്നതിനോ ഡിടിപിസി അധികൃതര്‍ തയ്യറാവാത്താതാണ് ഇപ്പോള്‍ കേന്ദ്രത്തിലേക്ക് സഞ്ചാരികള്‍ വരാത്ത അവസ്ഥയിലാക്കിയത്. ഏറെ വരുമാനം ലഭിച്ചിരുന്ന സിപ്‌ലൈനിന്റെ പ്രവര്‍ത്തനം ഇതിനോടകം പല തവണയായി നിലയ്ക്കുകയും പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്.
സിപ്‌ലൈനിന്റെ ഒരു ഭാഗം ചിറയുടെ എതിര്‍ഭാഗത്തുള്ള സ്വകാര്യ വ്യക്തിയുടെ മാവിന്‍മുകളിലുമായിരുന്നു സ്ഥാപിച്ചിരുന്നത്. ടൂറിസം ആരംഭിച്ച് ഒരുവര്‍ഷം പിന്നിട്ടതോടെയാണ് ഭൂവുടമ തങ്ങള്‍ക്ക് വരുമാന വിഹിതമോ ഭൂമിയിലേക്ക് റോഡ് നിര്‍മിച്ചു നല്‍കുകുയോ വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. എന്നാല്‍, സ്വകാര്യ വ്യക്തിയുടെ ആവശ്യം അംഗീകരിക്കാന്‍ ഡിടിപിസിക്ക് കഴിയാതെ വന്നതോടെ ഭൂവുടമ ടവറിന് ചുറ്റും കമ്പിവേലി കെട്ടി. മൂന്നു തവണ സ്വകാര്യ വ്യക്തിയുമായി ചര്‍ച്ച നടത്തി താല്‍ക്കാലികമായി തുറന്നെങ്കിലും പിന്നീട് വീണ്ടും അടയ്ക്കുകയാണുണ്ടായത്. ഇതോടെ കേന്ദ്രത്തിലെ പ്രധാന വരുമാനം നിലച്ചു. പത്ത് കയാക്കിങ് യൂനിറ്റുകളായിരുന്നു കേന്ദ്രത്തിനുണ്ടായിരുന്നത്. ഇവയെല്ലാം കാലപ്പഴക്കത്താല്‍ ഉപയോഗശൂന്യമായതോടെ കയാക്കിങ് വരുമാനവും നിലച്ചു. അഡ്വഞ്ചര്‍ ടൂറിസം കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി തുടങ്ങുമെന്നറിയിച്ചിരുന്ന ലാന്റ് സോര്‍ബിങ് ബോള്‍, പെയിന്റിങ് ബോള്‍ തുടങ്ങിയവയുടെ പ്രവൃത്തികളും തുടങ്ങിയിട്ടില്ല.
ആര്‍ച്ചറി യൂനിറ്റ് തുടങ്ങിയെങ്കിലും അതും ഇടക്കാലത്ത് നിര്‍ത്തലാക്കി. ഇതോടെ സാഹസിക ഇനങ്ങള്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ നടത്തിപ്പിനായി ഏറ്റെടുത്ത ടെക്‌സോള്‍ കമ്പനിക്ക് പിന്നീട് റോപ്പ് ക്ലൈംബിങ് മാത്രമായി വരുമാന മാര്‍ഗം. ആവശ്യത്തിനു ബോട്ടുകള്‍ പോലും ഇല്ലാത്ത കേന്ദ്രത്തിലേക്ക് 30 രൂപ എന്‍ട്രന്‍സ് ഫീസ് നല്‍കി പ്രവേശിക്കുന്ന സഞ്ചാരികളുടെ എണ്ണം കുറഞ്ഞതോടെ പതിനഞ്ചോളം തൊഴിലാളികളെ വച്ച് മുന്നോട്ടുപോവാന്‍ കഴിയാത്തിനാല്‍ സ്വകാര്യ കമ്പനി താല്‍ക്കാലികമായി റോപ് ക്ലൈംബിങും ഉപേക്ഷിച്ച് ജോലിക്കാരെ പിന്‍വലിച്ചിരിക്കുകയാണ്.
നേരത്തെ ശരാശരി 500 പേരെങ്കിലും സന്ദര്‍ശിച്ചിരുന്ന കേന്ദ്രത്തില്‍ ഇപ്പോള്‍ നൂറില്‍ താഴെ പേര്‍ മാത്രമാണ് ടിക്കറ്റെടുത്ത് പ്രവേശിക്കുന്നത്. കേന്ദ്രത്തില്‍ സാഹസിക ഇനങ്ങള്‍ പൂര്‍ണമായി നിലയ്ക്കുകയും വിനോദ ഇനങ്ങളൊന്നുമില്ലാതാവുകയും ചെയ്തതോടെ സഞ്ചാരികള്‍ നിരാശരായി മടങ്ങുന്ന അവസ്ഥയാണ് നിലവില്‍.
Next Story

RELATED STORIES

Share it