palakkad local

കര്‍മസമിതി രൂപീകരണ യോഗം: പട്ടിണി ഇല്ലാത്ത അട്ടപ്പാടിക്കായി ബൃഹദ് പദ്ധതി

പാലക്കാട്: പട്ടിണി ഇല്ലാത്ത അട്ടപ്പാടി ലക്ഷ്യമിട്ട് മേഖലയിലെ പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെ കേന്ദ്രീകരിച്ചുളള ബൃഹദ് പദ്ധതിക്കാണ് ജില്ല പഞ്ചായത്തിന്റെ വികസനപദ്ധതികളില്‍ പ്രഥമ പരിഗണനയെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി. നടപ്പ് സാമ്പത്തിക വര്‍ഷം ജില്ല പഞ്ചായത്തിന്റെ വികസനപദ്ധതികള്‍ നടപ്പാക്കാനുളള കര്‍മസമിതി രൂപീകരണ യോഗത്തില്‍ അധ്യക്ഷയായി സംസാരിക്കുകയായിരുന്നു അവര്‍. ഇതിന്റെ ഭാഗമായി പ്രദേശത്തെ കുടുംബങ്ങള്‍ക്ക് ഒരു നേരത്തെ ഭക്ഷണം ലഭ്യമാക്കും.
സമൂഹ അടുക്കളയും കുടുംബശ്രീ സംരംഭങ്ങളും ഏകോപിപ്പിച്ചുളള പ്രവര്‍ത്തനം സാധ്യമാക്കും.ആദിവാസി ഊരുകള്‍ക്ക് പ്രാതിനിധ്യമുളള ആദിവാസി കൗണ്‍സിലുകള്‍ പ്രവര്‍ത്തനക്ഷമമാക്കും. ആദിവാസികൃഷിയും മറ്റു തൊഴിലുകളും പ്രോത്സാഹിപ്പിക്കും. വൃദ്ധ, വികലാംഗ, ശിശു,വനിത വിഭാഗക്കാരെ കേന്ദ്രീകരിച്ചുളള പദ്ധതികള്‍ക്കും സാമൂഹ്യസുരക്ഷ പദ്ധതികള്‍ക്കും സമാനപരിഗണന നല്‍കും. പാര്‍പ്പിട പദ്ധതികളിലും ശ്രദ്ധ പതിപ്പിക്കും. ജില്ലയെ സ്ത്രീ സൗഹൃദ ജില്ലയാക്കാനുളള പദ്ധതികളിലും കുടുംബശ്രീ സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കാനുളള പദ്ധതികളിലും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കും.
കുട്ടികളുടെ സാംസ്‌ക്കാരിക കേന്ദ്രമെന്നോണം എണ്‍പത്തിയെട്ട് പഞ്ചായത്തുകളിലും ഓരോ ബാലകലാശാലകള്‍ ആരംഭിക്കാനും പദ്ധതിയിടുന്നുണ്ട്. ജില്ലയിലെ പൊതുവിദ്യാഭ്യാസമേഖലയില്‍ വിവരസാങ്കേതികതയില്‍ ഊന്നിയുളള പ്രവര്‍ത്തന പദ്ധതിയും ഹയര്‍സെക്കന്‍ഡറി-ഹൈസ്‌കൂള്‍ തലത്തില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസരീതിയും നിര്‍ബന്ധമാക്കും. അലോപ്പതി, ആയുര്‍വേദം, ഹോമിയോ രംഗത്ത് ആധുനിക ചികില്‍സാ സംവിധാനവും ജില്ലയിലെ എച്ച്‌ഐവി ബാധിതര്‍ക്കായി പ്രത്യേക ആരോഗ്യ പരിപാലന പദ്ധതിയും ആവിഷ്‌ക്കരിക്കും. കൈത്തറി മേഖല പോലുളള പരമ്പരാഗത തൊഴില്‍ മേഖലകള്‍ സംരക്ഷിക്കും.
പരിമിതരെങ്കിലും ജില്ലയിലെ മൂന്നാംലിംഗക്കാരെ പരിഗണിച്ചുളള പ്രവര്‍ത്തനങ്ങള്‍ക്കും ജില്ല പഞ്ചായത്തിന്റെ വികസനപദ്ധതികള്‍ ഊന്നല്‍ നല്‍കുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് യോഗത്തില്‍ പറഞ്ഞു. ജില്ല പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ നാരായണദാസ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ സുധാകരന്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു സുരേഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി എസ് സക്കീര്‍ഹുസൈന്‍, മെംബര്‍ സി അച്ച്യുതന്‍ ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it