ernakulam local

കര്‍ദിനാള്‍ സ്ഥാന ത്യാഗം ചെയ്യണമെന്ന് വിശ്വാസികള്‍: ഒപ്പുശേഖരണം നടത്തും

കൊച്ചി : എറണാകുളം  അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാന ത്യാഗം ചെയ്യണമെന്ന് വിശ്വാസികള്‍.
മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സ്ഥാനത്ത് നിന്നും നീക്കണമെന്നാവശ്യപ്പെട്ട് ആര്‍ച് ഡയോഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ് പെരന്‍സി(എഎംടി)യുടെ നേതൃത്വത്തില്‍ ഒരു ലക്ഷം ഒപ്പു ശേഖരിച്ച് മാര്‍പാപ്പയക്ക് അയക്കും. എഎംടിയുടെ നേതൃത്വത്തില്‍ ഇന്നലെ പൂണിത്തുറ ചമ്പക്കരം സെന്റ് ജെയിംസ് പള്ളി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന് ഫൊറാനെ തല കണ്‍വെന്‍ഷനിലാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വിശ്വാസികള്‍ രംഗത്തുവന്നത്്. സഭയുടെ സ്വത്ത്  സ്വകാര്യ സ്വത്താണെന്ന കര്‍ദിനാളിന്റെ അവകാശ വാദം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും വിശ്വാസികള്‍ പറഞ്ഞു.
അതിരൂപതയുടെ ഭരണപ്രക്രിയകളില്‍ അല്‍മായ പങ്കാളിത്തം വേണമെന്നും  രൂപതയെ കടക്കെണിയിലേക്കു നയിച്ചവരെ സ്ഥാനങ്ങളില്‍ നിന്നും നീക്കണമെന്നും  അല്ലാത്തപക്ഷം റിലേ നിരാഹാരസമരം നടത്തുമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
തൃപ്പൂണിത്തുറ ഫൊറോനയിലെ വിവിധ പള്ളികളിലെ കൈക്കാരന്മാര്‍, കുടുംബ യൂണിറ്റ് ഭാരവാഹികള്‍, ഭക്ത സംഘടനാ ഭാരവാഹികള്‍, വനിതാ പ്രതിനിധികള്‍ ഉള്‍പ്പടെ 250 ഓളം പേര്‍ സമ്മേളനത്തില്‍ എത്തിയിരുന്നു.
പൂണിത്തുറ  സെന്റ് ജെയിംസ് പള്ളി വികാരി ഫാ. വര്‍ഗീസ് ചെരപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഭൂമി വിവാദവുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ ഉള്ള വിവരങ്ങള്‍ സൂചിപ്പിച്ച് അതിരൂപത ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ.ജോസഫ് പാറേക്കാട്ടില്‍ വിഷയാവതരണം നടത്തി. വൈദീക കമ്മീഷന്‍ കണ്‍വീനര്‍ ആയിരുന്ന ഫാ.ബെന്നി മാരാംപറമ്പില്‍ കമ്മീഷന്‍ റിപോര്‍ട്ടിന്റെ വിശദമായ വിവരങ്ങളും കാനോന്‍ നിയമത്തിന്റെ ലംഘനങ്ങളെ കുറിച്ചും വിശദികരിച്ചു.
ചര്‍ച്ചകള്‍ക്ക് ഫാ. അഗസ്റ്റിന്‍ വട്ടോളി മോഡറേറ്റര്‍ ആയിരുന്നു. സമ്മേളനത്തില്‍ എഎംടി കണ്‍വീനര്‍മാരായ ഷൈജു ആന്റണി, റിജു കാഞ്ഞൂക്കാരന്‍, അന്ന ഷിബി, പൂണിത്തുറ ഇടവക കൈക്കാരന്‍ മാര്‍ട്ടിന്‍ പയ്യപ്പിള്ളി സംസാരിച്ചു.
Next Story

RELATED STORIES

Share it