കര്‍ദിനാള്‍ രാജിവയ്ക്കുംവരെ സമരമെന്ന് എഎംടി

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമിവില്‍പന കേസുമായി ബന്ധപ്പെട്ട് സിറോ മലബാര്‍ സഭയിലെ വിശ്വാസികള്‍ ചേരിതിരിഞ്ഞ്് പോര് ശക്തമാക്കുന്നു.
എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വിശ്വാസികള്‍ വൈദികരുടെ പിന്തുണയോടെ രൂപീകരിച്ചിരിക്കുന്ന ആര്‍ച്ച് ഡയോഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പെരന്‍സി(എഎംടി) കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനത്യാഗം ചെയ്യണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ കര്‍ദിനാളിനെ സ്ഥാനഭ്രഷ്ടനാക്കാനുള്ള ഗൂഢശ്രമം നടത്തുകയാണെന്നും ഇത് അനുവദിക്കില്ലെന്നും വ്യക്തമാക്കി വിവിധ രൂപതകളിലെ ഒരു വിഭാഗം വിശ്വാസികളും രംഗത്തുവന്നിരിക്കുകയാണ്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിറോ മലബാര്‍ സഭ അല്‍മായയുടെ നേതൃത്വത്തില്‍ കൂട്ടായ്മ സംഘടിപ്പിച്ചു.
എറണാകുളം ഹൈക്കോടതി ജങ്ഷനില്‍ നടന്ന സമ്മേളനത്തില്‍ ഓള്‍ കേരള കത്തോലിക്ക കൗണ്‍സില്‍ മുന്‍ അധ്യക്ഷന്‍ വി വി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. സിറോ മലബാര്‍ സഭാതാരം അവാര്‍ഡ് ജേതാവ് ജോണ്‍ കച്ചിറമറ്റം കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. എറണാകുളം, അങ്കമാലി, പാല, കാഞ്ഞിരപ്പള്ളി അതിരൂപതകളിലെ എകെസിസി പ്രതിനിധികള്‍ സ്‌നേഹ കൂട്ടായ്മയില്‍ പങ്കെടുത്തു. അതേസമയം കര്‍ദിനാള്‍ രാജിവയ്ക്കുന്നതുവരെ പ്രക്ഷോഭം നടത്തുമെന്ന് എഎംടി നേതാക്കള്‍ പറഞ്ഞു. കര്‍ദിനാളിനെതിരേ പോലിസ് കേസെടുത്ത സാഹചര്യത്തില്‍ ഒരു നിമിഷം പോലും അദ്ദേഹത്തിന് സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി മാര്‍പാപ്പ, ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി, സിറോ മലബാര്‍ സഭയിലെ ബിഷപ്പുമാര്‍ എന്നിവര്‍ക്കു നിവേദനം നല്‍കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it