കര്‍ദിനാളിനെതിരേ പുതിയ ആരോപണവുമായി വിമതപക്ഷം

കൊച്ചി: സഭയുടെ വിവാദമായ ഭൂമി ഇടപാടിന്റെ ചൂടാറുന്നതിനു മുമ്പു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ മറ്റൊരു ഭൂമി വില്‍പന ആരോപണവുമായി എതിര്‍ ചേരി രംഗത്ത്. ഏറെ വിവാദങ്ങള്‍ക്കു വഴിവച്ച ഭൂമിയിടപാടു വിഷയം പുറത്തുവിട്ട ആര്‍ച്ച് ഡയസിയന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പെരന്‍സി (എഎംടി) പ്രവര്‍ത്തകര്‍ തന്നെയാണ് പുതിയ ആരോപണവുമായി രംഗത്തെത്തിയത്. എന്നാല്‍ വാര്‍ത്തകള്‍ സീറോ മലബാര്‍ സഭ നിഷേധിച്ചു. നിയമപരമായി നടന്ന ക്രയവിക്രയങ്ങളെ വിവാദമാക്കേണ്ട കാര്യമില്ലെന്നു സഭാ വക്താവ് വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. എറണാകുളം കാക്കനാട് കര്‍ദിനാള്‍ കോളനിയിലെ സ്ഥലവും വീടും ആലഞ്ചേരി തന്റെ കുടുംബാംഗങ്ങള്‍ക്കു റീ രജിസ്റ്റര്‍ ചെയ്തു നല്‍കിയെന്നാണ് ആരോപണം.  ഇതിന്റെ രേഖകളുള്‍പ്പെടെയുള്ള തെളിവുകളും ഇവര്‍ പുറത്തുവിട്ടു. കാക്കനാട് നിര്‍ധനരായ 40 കുടുംബങ്ങള്‍ക്കു കാര്‍ദിനാള്‍ കോളനി എന്ന പദ്ധതിയിന്‍ കിഴില്‍ സഭ വീടുകള്‍ നിര്‍മിച്ചു നല്‍കിയിരുന്നു. അതില്‍ ആറുസെന്റ് സ്ഥലവും വീടും ആലഞ്ചേരി കുടുംബത്തിന്റെ കൈയില്‍ എത്തിയെന്നാണ് എഎംടി ആരോപിക്കുന്നത്. വീടുകള്‍ കൈമാറാന്‍ പാടില്ല എന്ന വ്യവസ്ഥ നിലനിര്‍ത്തിയാണ് ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കുന്നത്. എന്നാല്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഇടപെട്ട് ഈ വീട് ആലഞ്ചേരി കുടുംബത്തില്‍പ്പെട്ട മറ്റൊരാള്‍ക്ക് വിറ്റെന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവന്ന ആരോപണം.
2016ല്‍ നടത്തിയ ഇടപാടിന്റെ റീ രജിസ്‌ട്രേഷന്റെ രേഖകളും എഎംടി പുറത്തുവിട്ടിട്ടുണ്ട്. അതിരൂപതയുടെ പാന്‍കാര്‍ഡ് ദുരുപയോഗം ചെയ്താണ് ഈ ഇടപാട് നടത്തിയതെന്നും ആരോപിക്കുന്നു. നേരത്തെ സാമ്പത്തിക കാര്യങ്ങളുടെ ചുമതലയുണ്ടായിരുന്ന ഫാ. ജോഷി പുതുവയുടെ സാന്നിധ്യത്തിലാണ് ഇടപാട് നടന്നത്. വിഷയത്തില്‍ പരാതിയുമായി പോലിസിനെ സമീപിക്കാനൊരുങ്ങുകയാണ് ഇവര്‍. അതിനിടെ, ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. എറണാകുളത്തെ സെന്റ് മേരീസ് ബസലിക്ക അടക്കമുള്ള പ്രധാനപ്പെട്ട പള്ളികളുടെ മുന്നിലെല്ലാം കര്‍ദിനാളിനെതിരേ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. ക്രിമില്‍ ഗൂഢാലോചന, സാമ്പത്തിക തിരിമറി, വിശ്വാസവഞ്ചന എന്നിങ്ങനെയുള്ള ആരോപണങ്ങളും പോസ്റ്ററില്‍ ഉന്നയിച്ചിട്ടുണ്ട്. ഭൂമിയുടെ ക്രയവിക്രയം സംബന്ധിച്ചു പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നു സഭാനേതൃത്വം പ്രതികരിച്ചു.
45 വര്‍ഷം മുമ്പു കര്‍ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടിലിന്റെ നേതൃത്വത്തില്‍ 30ഓളം വീടുകള്‍ കാര്‍ദിനാള്‍ നഗറില്‍ നിര്‍മിച്ചിരുന്നു. അതിരൂപതയുടെ കീഴിലുള്ള കാര്‍ദിനാള്‍ സ്‌കൂള്‍, ഭാരതമാത കോളജ് എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് കുടുംബസമേതം താമസിക്കാനുള്ള ക്വാര്‍ട്ടേഴ്‌സുകള്‍ എന്ന നിലയിലാണു വീടുകള്‍ നിര്‍മിച്ചത്. ഭൂരിഭാഗം വീടുകളും അത്തരത്തില്‍ ഉപയോഗിച്ചു. ശേഷിച്ച വീടുകള്‍ വില്‍ക്കുന്നതിന് അതിരൂപത കച്ചേരി പത്ര പരസ്യം നല്‍കി. കര്‍ദിനാള്‍ പാറേക്കാട്ടിലും തുടര്‍ന്നുവന്ന അതിരൂപതാ അധ്യക്ഷന്‍മാരും അതതു കാലഘട്ടങ്ങളില്‍ പണമടച്ചു തീര്‍ന്നവര്‍ക്കു സ്ഥലം രജിസ്റ്റര്‍ ചെയ്തു നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ പത്ര പരസ്യം കണ്ട് എത്തി സ്ഥലം വാങ്ങിയ ഫിലിപ്പോസ് ജോര്‍ജ് ആലഞ്ചേരി എന്നയാള്‍ക്കു മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി യാതൊരു ബന്ധമോ, പരിചയമോ ഇല്ല. അന്ന് സ്ഥലത്തിന്റെ രജിസ്‌ട്രേഷന്‍ നടത്തിയിരുന്നില്ലെന്നും സഭാ നേതൃത്വം പ്രതികരിച്ചു.
Next Story

RELATED STORIES

Share it