Flash News

കര്‍ണാടക: 70 ശതമാനം പോളിങ്; എക്‌സിറ്റ് പോളില്‍ തൂക്ക് സഭ

ബംഗളൂരു: തീപാറുന്ന പ്രചാരണത്തിനൊടുവില്‍ നടന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വൈകിട്ട് 6 വരെ 70 ശതമാനം പോളിങ് നടന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 2013ലെ തിരഞ്ഞെടുപ്പില്‍ 71.4 ശതമാനമായിരുന്നു പോളിങ്. പോളിങ് അവസാനിക്കുന്ന ആറ് മണിക്കു ശേഷവും ചില ബൂത്തുകളില്‍ ക്യൂ ദൃശ്യമായിരുന്നു. 224 അംഗ നിയമസഭയില്‍ 222 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ്സും ബിജെപിയും അഭിമാന പോരാട്ടമായി കണ്ട തിരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ ജനതാദള്‍ സെക്കുലറും നിര്‍ണായകമാവുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന സൂചനകള്‍. ചൊവ്വാഴ്ചയാണ് വോട്ടെണ്ണുക.
ഇലക്‌ട്രോണിക് യന്ത്രത്തിലെ തകരാറും വിവിപാറ്റ് സ്ലിപ്പുകള്‍ വോട്ട് ചെയ്തതുമായി യോജിക്കാതിരുന്നതും മറ്റു സാങ്കേതിക പ്രശ്‌നങ്ങളും പല ബൂത്തുകളിലും പോളിങ് തടസ്സപ്പെടുത്തി. വിവിപാറ്റ് സ്ലിപ്പ് വ്യത്യസ്തമായാണു വരുന്നതെന്നു പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഹെബ്ബല്‍ മണ്ഡലത്തിലെ വോട്ടിങ് നിര്‍ത്തിവച്ചിരുന്നു. വെള്ളിയാഴ്ച രാത്രിയും ഇന്നലെ രാവിലെയും കനത്ത മഴ പെയ്‌തെങ്കിലും അതൊന്നും വോട്ടര്‍മാരെ പിന്തിരിപ്പിച്ചില്ല. ഫഌറ്റില്‍ നിന്ന് 9,000 വോട്ടര്‍ ഐഡികള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് ബംഗളൂരു ആര്‍ ആര്‍ നഗര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പും ബിജെപി സിറ്റിങ് എംഎല്‍എയായിരുന്ന സ്ഥാനാര്‍ഥി വിജയകുമാറിന്റെ മരണത്തെ തുടര്‍ന്ന് ജയനഗര്‍ മണ്ഡലത്തിലെ വോട്ടെടുപ്പും മാറ്റിവച്ചിരുന്നു.
ബാലറ്റ് യൂനിറ്റ് തകരാറിലായതിനെ തുടര്‍ന്ന് ബംഗളൂരു ഹെബ്ബല്‍ മണ്ഡലത്തിലെ ഒരു ബൂത്തില്‍ റീപോളിങ് പ്രഖ്യാപിച്ചു. ലോത്തെഗൊല്ലഹള്ളിയില്‍ നാളെ റീപോളിങ് നടക്കും.
അതേസമയം, കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളും തൂക്കു നിയമസഭയാണ് പ്രവചിക്കുന്നത്. ജെഡിഎസ് കിങ് മേക്കര്‍ ആവുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന. ഒമ്പത് എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ സംഗ്രഹം എടുത്താല്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവും. അഞ്ച് എക്‌സിറ്റ് പോളുകള്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെന്നും രണ്ട് എക്‌സിറ്റ് പോളുകള്‍ ബിജെപിക്ക് ഭൂരിപക്ഷം കിട്ടുമെന്നും പ്രവചിക്കുന്നു. നാല് എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെന്ന് പ്രവചിക്കുന്നു. ഒരു എക്‌സിറ്റ് പോള്‍ മാത്രമാണ് പാര്‍ട്ടിക്കു ഭൂരിപക്ഷം പ്രവചിക്കുന്നത്. 222 അംഗ സഭയില്‍ 112 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ഒമ്പത് എക്‌സിറ്റ് പോളുകളുടെയും ശരാശരി പ്രകാരം ബിജെപിക്ക് 97 സീറ്റും കോണ്‍ഗ്രസ്സിന് 90 സീറ്റും കിട്ടും. ജെഡിഎസിന് 31 സീറ്റുകളാണ് ശരാശരി പ്രവചനം. ഈ സാഹചര്യത്തിലാണ് ജെഡിഎസ് നിര്‍ണായകമാവുക.
എബിപി ന്യൂസ്-സി വോട്ടര്‍, ദിഗ്‌വിജയ് ന്യൂസ്, ന്യൂസ് നാഷന്‍, ന്യൂസ് എക്‌സ്-സിഎന്‍എക്‌സ്, റിപബ്ലിക് ടിവി-ജന്‍കി ബാത്ത് എന്നിവ ബിജെപിക്ക് 100 സീറ്റിന് മുകളില്‍ പ്രവചിക്കുന്നു. എബിപി ന്യൂസ്-സി വോട്ടര്‍, റിപബ്ലിക് ടിവി-ജന്‍കി ബാത്ത് പോളുകളാണ് ബിജെപിക്ക് ഭൂരിപക്ഷം കിട്ടുമെന്ന് പറയുന്നത്. അതേ സമയം, ടൈംസ് നൗ-വിഎംആര്‍, ഇന്ത്യ ടിവി, ആജ്തക്-ആക്‌സിസ്, സുവര്‍ണ ടിവി എന്നിവ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെന്നും പറയുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് 122 സീറ്റുകള്‍ ലഭിച്ചിരുന്നു.
Next Story

RELATED STORIES

Share it