Flash News

കര്‍ണാടക വോട്ടെടുപ്പ് തിയ്യതി ആദ്യം പ്രഖ്യാപിച്ച് ബിജെപി, അന്വേഷണത്തിന് സമിതി

ന്യൂഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ് ബിജെപിയുടെ ഐടി സെല്‍ മേധാവി കര്‍ണാടക വോട്ടെടുപ്പ് തിയ്യതി ട്വിറ്റര്‍ വഴി പ്രഖ്യാപിച്ച സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം. അന്വേഷണത്തിനായി തിരഞ്ഞെടുപ്പു കമ്മീഷനിലെ മുതിര്‍ന്ന രണ്ടംഗങ്ങളെ ഉള്‍പ്പെടുത്തി സമിതി രൂപീകരിച്ചു. ഒരാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കണമെന്നാണ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും സമിതി ശുപാര്‍ശ നല്‍കും.
ഇന്നലെ രാവിലെ 11നാണ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷണര്‍ ഒ പി റാവത്ത്  വാര്‍ത്താസമ്മേളനം നടത്തി വോട്ടെടുപ്പ് തിയ്യതി പ്രഖ്യാപിച്ചത്. എന്നാല്‍, അദ്ദേഹം തിയ്യതി പ്രഖ്യാപിക്കുന്നതിന് മിനിറ്റുകള്‍ മുമ്പേ തന്നെ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ വോട്ടെടുപ്പ് തിയ്യതിയും ഫലപ്രഖ്യാപന ദിവസവും ട്വിറ്ററിലൂടെ പുറത്തുവിടുകയായിരുന്നു. സംഭവം വിവാദമായ ഉടന്‍ മാളവ്യ ട്വീറ്റ് നീക്കം ചെയ്തു. ഫലപ്രഖ്യാപന ദിവസം തെറ്റിച്ചായിരുന്നു മാളവ്യയുടെ ട്വീറ്റ്. 18ന് വോട്ടെണ്ണലെന്നാണ് മാളവ്യ നല്‍കിയത്. ഇദ്ദേഹത്തെ ഫോളോ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ ട്വീറ്റ് പ്രകാരം തിരഞ്ഞെടുപ്പു തിയ്യതി റിപോര്‍ട്ട് ചെയ്യുകയും ചെയ്തു.
അതേസമയം, തിരഞ്ഞെടുപ്പു തിയ്യതി എങ്ങനെ ബിജെപി നേതാവിനു ലഭിച്ചെന്ന് വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ ഒ പി റാവത്തിനോട് ചോദിച്ചെങ്കിലും, അറിയില്ലെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്.
ഇതിനിടെ, തന്റെ ഭാഗം ന്യായീകരിച്ച് അമിത് മാളവ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ക്ക് കത്തയച്ചു 11.06ന് ഇംഗ്ലീഷ് ന്യൂസ് ചാനല്‍ ഇതുസംബന്ധിച്ച റിപോര്‍ട്ട് നല്‍കിയിരുന്നു. അതിനുശേഷം 11.08നാണ് താന്‍ ട്വീറ്റ് ചെയ്തത്.
ഇതേസമയം കര്‍ണാടക കോണ്‍ഗ്രസ്സിന്റെ പ്രമുഖ നേതാവും ട്വീറ്റ് ചെയ്തതായി മാളവ്യ കത്തില്‍ പറയുന്നു. ന്യൂസ് ചാനല്‍ റിപോര്‍ട്ടിന്റെയും മറ്റ് ട്വീറ്റുകളുടെയും സ്‌ക്രീന്‍ ഷോട്ടും കമ്മീഷണര്‍ക്ക് മുന്നില്‍ ഹാജരാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബന്ധപ്പെട്ട മാധ്യമ സ്ഥാപനത്തിന്റെ പ്രതിനിധികളില്‍ നിന്ന് രണ്ടംഗ സമിതി തെളിവെടുക്കും. വിവാദത്തില്‍ ന്യായീകരിച്ച് ബിജെപി നേതൃത്വവും തിരഞ്ഞെടുപ്പു കമ്മീഷണര്‍ക്ക് മുന്നിലെത്തി. കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കമ്മീഷണറെ സന്ദര്‍ശിച്ചത്.
Next Story

RELATED STORIES

Share it