കര്‍ണാടക: വകുപ്പ് വിഭജനമായി; കുമാരസ്വാമിക്ക് ധനകാര്യം

ബംഗളൂരു: കര്‍ണാടക മന്ത്രിസഭയില്‍ വകുപ്പ് വിഭജനമായി. ധനകാര്യവകുപ്പ് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി തന്നെ വഹിക്കും. ഉപമുഖ്യമന്ത്രി ജി പരമേശ്വരയ്ക്ക് ആഭ്യന്തരവകുപ്പ് ലഭിച്ചു. കോണ്‍ഗ്രസ്-ജെഡിഎസ് കക്ഷികള്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് വകുപ്പു വിഭജനത്തില്‍ ധാരണയായത്. ഇരുപാര്‍ട്ടികളും അവകാശവാദമുന്നയിച്ചിരുന്ന ഊര്‍ജവകുപ്പിന്റെ ചുമതലയും കുമാരസ്വാമിക്കായിരിക്കും. വകുപ്പ് വിഭജനം കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിനു കീറാമുട്ടിയായിരുന്നു.
കുമാരസ്വാമിയുടെ സഹോദരന്‍ എച്ച് ഡി രേവണ്ണയ്ക്കാണ് പൊതുമരാമത്ത് വകുപ്പിന്റെ ചുമതല. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി ജി ശിവകുമാറിനാണ് ജലസേചന വകുപ്പിന്റെയും മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെയും ചുമതല. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്‍ പി ദേശ്പാണ്ഡെയ്ക്ക് റവന്യൂ വകുപ്പും കെ ജോര്‍ജിന് വന്‍കിട-ഇടത്തര വ്യവസായ വകുപ്പും ലഭിച്ചു.
മന്ത്രിസഭയിലെ ഏക വനിതാ മന്ത്രിയും ഇന്നലെകളുടെ താരവുമായ ജയമാലയ്ക്കാണ് വനിതാ ശിശുക്ഷേമ വകുപ്പിന്റെ ചുമതല. ഏറ്റവും മുതിര്‍ന്ന മന്ത്രിയും 83കാരനുമായ എം സി മണഗുലിക്കാണ് ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ്.
Next Story

RELATED STORIES

Share it