കര്‍ണാടക ലോകായുക്തയെ പുറത്താക്കാന്‍ നടപടി തുടങ്ങി

ബംഗളൂരു : അഴിമതി ആരോപണം നേരിടുന്ന കര്‍ണാടക ലോകായുക്ത വൈ ഭാസ്‌കര റാവുവിനെ പുറത്താക്കാന്‍ നടപടി തുടങ്ങി. പ്രതിപക്ഷം ഇതു സംബന്ധിച്ച് നിയമസഭാ സ്പീക്കര്‍ക്ക് പരാതി നല്‍കി. ബിജെപിയിലെ 146ഉം ജെഡിഎസിലെ 37ഉം അംഗങ്ങള്‍ ഒപ്പിട്ട വെവ്വേറെ പരാതികളാണ് സ്പീക്കര്‍ തിപ്പമ്മയ്ക്ക് നല്‍കിയത്.

കര്‍ണാടക നിയമസഭയുടെ ശീതകാല സമ്മേളനം നടക്കുകയാണിപ്പോള്‍. അഴിമതിയുമായി ബന്ധപ്പെട്ട് മകന്‍ അശ്വിന്‍ റാവുവിനെ പ്രത്യേകാന്വേഷണ സംഘം അറസ്റ്റ് ചെയ്തതോടെ ഭാസ്‌കര റാവു ജൂലൈ മുതല്‍ ദീര്‍ഘ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. രാജി ആവശ്യത്തിന് അദ്ദേഹം ഇതുവരെ വഴങ്ങിയിട്ടില്ല. ഭേദഗതി ചെയ്ത നിയമമനുസരിച്ച് 72 നിയമസഭാംഗങ്ങള്‍ എങ്കിലും പരാതി നല്‍കിയാല്‍ ലോകായുക്തയെ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കാം. മതിയായ അംഗങ്ങള്‍ പരാതി നല്‍കിയ സാഹചര്യത്തില്‍ സര്‍വകക്ഷിയോഗം വിളിച്ച് രണ്ടു മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ വിഷയത്തില്‍ തീരുമാനമെടുക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു. റെയ്ഡ് ഒഴിവാക്കുന്നതിനു വേണ്ടി ലോകായുക്ത ഓഫിസ് ഒരുകോടി രൂപ കോഴ ആവശ്യപ്പെട്ടെന്ന പരാതി ലഭിച്ച പോലിസ് സൂപ്രണ്ട് സോണിയ നരാങ് കര്‍ണാടക ലോകായുക്ത രജിസ്ട്രാര്‍ക്ക് കത്തയച്ചിരുന്നു. ഇതാണ് കോഴ രഹസ്യം പുറത്താവാന്‍ കാരണം. കേസില്‍ കര്‍ണാടക ലോകായുക്ത ജോയിന്റ് കമ്മീഷണര്‍ സെയ്ദ് റിയാസും മറ്റു ചിലരും അറസ്റ്റിലായിരുന്നു.
Next Story

RELATED STORIES

Share it